ലോകകപ്പില്‍ ഈ രണ്ട് താരങ്ങള്‍ ടീമില്‍ വേണം, നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ താരം

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ മഹേന്ദ്ര സംഗ് ധോണിയെ ഉള്‍പ്പെടുത്തണം എന്ന കാര്യത്തില്‍ അതികം തലപുകയ്‌ക്കേണ്ട ആവശ്യമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. കളിക്കാന്‍ സന്നദ്ധനാണെങ്കില്‍ ധോണിയെ ടീമില്‍ നിന്ന് ഒഴിവാക്കേണ്ട ഒരു കാര്യവുമില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

‘ഇന്ത്യന്‍ ക്രിക്കറ്റിനായി ഒരുപാട് സംഭാവന ചെയ്ത കളിക്കാരനാണ് ധോണി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കഴിവുണ്ടോ എന്ന് ആരെങ്കിലും പറയേണ്ടതില്ല. അതിനെക്കുറിച്ചാലോചിച്ച് ആരും അധികം തലപുകയ്‌ക്കേണ്ട. നിങ്ങള്‍ക്ക് ധോണിയെ ആവശ്യമുണ്ടോ, അദ്ദേഹം കളിക്കാന്‍ തയാറാണോ, അദ്ദേഹത്തെ ടീമിലെടുക്കണം’ ഹര്‍ഭജന്‍ പറഞ്ഞു.

നേരത്തെ കപില്‍ ദേവ്, ഗവാസ്‌ക്കര്‍, വീരേന്ദ്ര സെവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ താരങ്ങള്‍ ധോണിയെ ഇനി ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് അഭിപ്രയാപ്പെട്ടിരുന്നു. ഇതു തള്ളിയാണ് ഹര്‍ഭജന്റെ അഭിപ്രായം.

പരിക്കുമൂലം ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താണെങ്കിലും ഹര്‍ദ്ദിക് പാണ്ഡ്യയും നിര്‍ബന്ധമായും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവണമെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

‘കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം പാണ്ഡ്യ മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല എന്നത് ശരിയാണ്. പക്ഷെ പാണ്ഡ്യ കായികക്ഷമത തെളിയിച്ചാല്‍ ഐപിഎല്‍ നടന്നാലും നടന്നില്ലെങ്കിലും അദ്ദേഹത്തെ ടീമിലെടുക്കണം. കാരണം ടീം കോംബിനേഷന്‍ കൃത്യമാവാന്‍ പാണ്ഡ്യയുടെ സാന്നിധ്യം അനിവാര്യമാണ്. ചില കളിക്കാരെ ഐപിഎല്‍ ഫോമിന്റെ മാത്രം അടിസ്ഥാനത്തില്‍ വിലയിരുത്താനാവില്ല. കാരണം അവര്‍, നേരത്തെ കഴിവുതെളിയിച്ചവരാണ്’ ഹര്‍ഭജന്‍ പറഞ്ഞു.

You Might Also Like