നെയ്മറും ഇക്കാര്‍ഡിയും രക്ഷകരാകും, പിഎസ്ജി പരിശീലകന്റെ പ്രതീക്ഷകളിങ്ങനെ
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ അറ്റലാന്റയെ നേരിടാനൊരുങ്ങുകയാണ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി. പരിശീലകൻ തോമസ് ടൂക്കലിന്റെ പ്രതീക്ഷകൾ മുഴുവനും സൂപ്പർതാരം നെയ്മറിലും മൗറോ ഇകാർഡിയിലുമാണ്. ഇക്കാര്യം അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പങ്കുവെക്കുകയുണ്ടായി.
സമ്മർദ്ദഘട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള നെയ്മറിന്റെ മികവിനെ പ്രശംസിക്കാനും പരിശീലകനായ ടൂക്കൽ മറന്നില്ല. അതേസമയം ഇകാർഡിയെയെ കുറിച്ചുള്ള പ്രതീക്ഷയും ടുഷേൽ പങ്കുവെച്ചു. ഭയമില്ലാതെ കളിക്കുന്ന താരമാണ് ഇകാർഡിയെന്നും ഗോൾ നേടാൻ താരം മിടുക്കനാണെന്നും ടൂക്കൽ അറിയിച്ചു. എംബാപ്പെയുടെയും കവാനിയുടെയും അഭാവത്തിൽ ഇരുവരുമാണ് തന്റെ പ്രതീക്ഷയെന്നും ടൂക്കൽ അറിയിച്ചു.
“എംബാപ്പെയുടെയും കവാനിയുടെയും അഭാവത്തിൽ ഇകാർഡി വളരെ പ്രധാനപ്പെട്ട താരമാണ്. നല്ല രീതിയിൽ താരത്തിന് കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നെ സംബന്ധിച്ചെടുത്തോളം ഒരു ഭയവും തോന്നാത്ത കളിക്കാരനാണ് അദ്ദേഹം. മുന്നേറ്റപരമായും പ്രതിരോധപരമായും വിശ്വസിക്കാവുന്ന ഒരു താരമാണ്.”
” അദ്ദേഹത്തിന് തന്റെ കഴിവ് തെളിയിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. സമ്മർദ്ദഘട്ടങ്ങളിൽ എനിക്ക് ഏറ്റവും കൂടുതൽ വിശ്വാസമുള്ള താരമാണ് നെയ്മർ. നെയ്മറുടെ മേൽ സമ്മർദ്ദം ചെലുത്തുക എന്നത് നിങ്ങൾക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത കാര്യമാണ്. സമ്മർദ്ദഘട്ടങ്ങളിൽ അദ്ദേഹത്തെ നന്നായി ഉപയോഗിക്കാൻ ടീമിന് കഴിയും. കൂടാതെ എംബാപ്പെക്ക് കുറച്ചു സമയമെങ്കിലും കളിക്കാൻ കഴിഞ്ഞാൽ ഞാൻ അതീവസന്തോഷവാനാകും ” ടൂക്കൽ അഭിപ്രായപ്പെട്ടു.