രോഹിത്തിന്റെ ടീമില്‍ നിരവധി പ്രശ്‌നങ്ങള്‍, കോഹ്ലിയുടെ പരിശീലകന്‍ അസ്വസ്ഥനാണ്

വെസ്റ്റിന്‍ഡീസിനെതിരെ പരമ്പര തൂത്തുവാരിയ രോഹിത്ത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പരിഹരിക്കേണ്ട നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് വിരാട് കോഹ്ലിയുടെ പഴയ കോച്ചായ രാജ്കുമാര്‍ ശര്‍മ്മ. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പായി ഇന്ത്യന്‍ ടീം അടിയന്തരമായി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് രാജ്കുമാര്‍ ശര്‍മ്മ പറയുന്നു.
‘ടീം ഇന്ത്യക്ക് ഇനിയും അനവധി പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. നിലവില്‍ രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ എന്നിവരാണ് ഓപ്പണിങ്ങിലെ ഓപ്ഷനുകള്‍. പല പരമ്പരയിലും നമ്മള്‍ പല ഓപ്പണിങ് ഓപ്ഷനുകളാണ് ഉപയോഗിക്കുന്നത് എങ്കിലും ഓപ്പണിങ് ജോഡിക്ക് ആദ്യത്തെ ആറ് ഓവറില്‍ മിനിമം 50 റണ്‍സ് എങ്കിലും അടിക്കാന്‍ സാധിക്കണം.പവര്‍ പ്ലേ ഓവറുകള്‍ എല്ലാം തന്നെ മികച്ചതായി ഉപയോഗിക്കാന്‍ ടീം ഇന്ത്യക്ക് കഴിയണം. ഇക്കാര്യം ശ്രദ്ധിച്ചില്ലേല്‍ ടി20 ലോകകപ്പില്‍ തിരിച്ചടിയായി മാറും’ രാജ്കുമാര്‍ പറയുന്നു.
‘ഓപ്പണിങ്ങിലെ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടീം അതിവേഗം പരിഹരിക്കേണ്ടതുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാത്ത പക്ഷം അത് ലോകകപ്പ് പോലെ അനേകം മത്സരങ്ങള്‍ നടക്കുന്ന വേദിയില്‍ വന്‍ തിരിച്ചടിയായി മാറൂം. എന്നാല്‍ ഡെത്ത് ഓവറുകളില്‍ സൂര്യകുമാര്‍ യാദവിന്റെ വരവ് ഇന്ത്യക്ക് വളരെ ഏറെ സഹായകമായിട്ടുണ്ട്. ഹാര്‍ഥിക്ക് പാണ്ഡ്യയുടെ അഭാവം ഒരു പരിധി വരെ സൂര്യകുമാര്‍ പരിഹരിക്കുന്നുണ്ട്” രാജ്കുമാര്‍ ശര്‍മ്മ നിരീക്ഷിച്ചു.
അതെസമയം വെങ്കിടേഷ് അയ്യരുടെ പ്രകടനത്തെ കുറിച്ച് എന്തെങ്കിലും പറയാന്‍ രാജ്കുമാര്‍ തയ്യാറായില്ല. ഇനി ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം 24 നടക്കും. ശേഷം രണ്ട് ടെസ്റ്റുകളിലും ഇരു ടീമുകള്‍ നേര്‍ക്കുനേര്‍ വരും.