അവനോട് അല്‍പം മര്യാദ കാട്ടൂ, ഇസിബിയോട് പൊട്ടിത്തെറിച്ച് ദിനേശ് കാര്‍ത്തിക്

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് കാഴ്ച്ചവെച്ചത്. അഞ്ചിന് 98 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ടീം ഇന്ത്യയെ പന്തും ജഡേജയും കൂടി 222 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി കരകയറ്റുകയായിരുന്നു.

111 പന്തുകള്‍ നേരിട്ട് 19 ഫോറും നാല് സിക്സും ഉള്‍പ്പെടെ 146 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്. 131.53 ആയിരുന്നു അദ്ദേഹത്തിന്റെ സ്ട്രൈക്കറേറ്റ്. ഏകദിന ശൈലിയില്‍ കളിച്ച റിഷഭ് ഇംഗ്ലീഷ് ബൗളര്‍മാരെ ക്രൂരമായി ശിക്ഷിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ആദ്യ ദിവസത്തെ മത്സരത്തിന് ശേഷം ഹൈലൈറ്റ്സ് വീഡിയോ പങ്കുവെച്ചപ്പോള്‍ റിഷഭിന്റെ പ്രകടനത്തെ അവഗണിയ്ക്കുകയായിരുന്നു. ‘ആധിപത്യം കാണിച്ച റിഷഭ് പന്തിനെ ജോ റൂട്ട് പുറത്താക്കി’ എന്നായിരുന്നു ഇസിബിയുടെ ഹൈലൈറ്റ്സിന്റെ തലക്കെട്ട്.

ഇപ്പോഴിതാ ഇസിബിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ദിനേഷ് കാര്‍ത്തിക്. റിഷഭിന്റെ മികച്ച പ്രകടനത്തെ തീര്‍ത്തും അവഗണിക്കുകയാണ് ഇസിബി ചെയ്തതെന്നും അല്‍പ്പം കൂടി മാന്യത കാട്ടണമായിരുന്നുവെന്നുമാണ് കാര്‍ത്തിക് തുറന്നടിച്ചത്.

‘വളരെ ആവേശകരമായ മത്സരം കണ്ട ദിവസത്തില്‍ ഇസിബി നല്‍കിയ തലക്കെട്ട് അല്‍പ്പം കൂടി മികച്ചതാക്കാമായിരുന്നു. റിഷഭ് പന്ത് കളിച്ച ക്രിക്കറ്റ് രണ്ട് ടീമിന്റെയും ഗുണമേന്മയെ എടുത്തു കാട്ടുന്നതാണ്. എങ്ങനെയാണ് ഒരു ദിവസത്തെ നിങ്ങള്‍ വിലയിരുത്തുന്നതെന്നാണ് കാട്ടിയത്’- കാര്‍ത്തിക് ട്വീറ്റ് ചെയ്തു. റിഷഭിന്റെ പ്രകടനത്തിന് വേണ്ടത്ര പ്രാധാന്യം ഇസിബി നല്‍കാത്തതാണ് കാര്‍ത്തികിനെ ചൊടിപ്പിച്ചത്.

ഇംഗ്ലണ്ടില്‍ രണ്ടാം ടെസ്റ്റ് സെഞ്ച്വറി നേടുന്ന റിഷഭ് ഏഷ്യന്‍ വിക്കറ്റ് കീപ്പറുടെ ഇംഗ്ലണ്ടിലെ ഉയര്‍ന്ന സ്‌കോര്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ടെസ്റ്റിലെ വേഗമേറിയ സെഞ്ച്വറി തുടങ്ങി നിരവധി റെക്കോഡുകളും സ്വന്തം പേരിലാക്കി. ഇംഗ്ലണ്ട് സ്പിന്നര്‍മാരെയും പേസര്‍മാരെയും കടന്നാക്രമിച്ച റിഷഭ് അവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ദിനം നല്‍കിയാണ് മടങ്ങിയത്.

You Might Also Like