രോഹിത്ത് തിരിച്ചെത്തുന്ന മത്സരത്തില്‍ ആരാധകര്‍ക്ക് നിരാശ

Image 3
CricketTeam India

അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ രോഹിത്ത് ശര്‍മ്മ തിരിച്ചെത്തുന്ന മത്സരം നേരില്‍ കാണാമെന്ന് മോഹിച്ച ആരാധകര്‍ക്ക് തിരിച്ചടി. മൂന്നാം ടി20 മുതല്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരം നടത്താനാണ് ബിസിസിഐയുടെ തീരുമാനം.

ഇതോടെ രോഹിത്ത് കളിയ്ക്കുന്ന മൂന്നാം ടി20 മുതല്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലാകും മത്സരം നടക്കുക. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിച്ചിരുന്നു. 60000ഓളം കാണികളാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത്.

എന്നാല്‍ മാര്‍ച്ച് 16, 18, 20 തിയതികളില്‍ നടക്കുന്ന മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും നടത്തുക എന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.

ഈ കളികള്‍ക്കായി ടിക്കറ്റ് വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കും. ആരാധകരുടേയും മറ്റുള്ളവരുടേയും ആരോഗ്യത്തിനാണ് പരിഗണന നല്‍കുന്നത് എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. കളിയിലേക്ക് വരുമ്പോള്‍ ആദ്യ രണ്ട് കളിയിലും ഓരോ ജയം നേടി 1-1ന് സമനില പിടിക്കുകയാണ് ഇരു ടീമും.

കഴിഞ്ഞ രണ്ട് കളിയിലും കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് രോഹിത് ശര്‍മ തിരികെ വിളിക്കുന്നത്. മുംബൈ താരമായ ഇഷാന്‍ കിഷന്‍ ആണ് ഇന്ത്യയുടെ മറ്റൊരു ഓപ്പണര്‍.