അവിശ്വസനീയ റെക്കോര്‍ഡിന് ഇനി മിനുട്ടുകള്‍ മാത്രം, ചരിത്രമെഴുതാന്‍ റയല്‍ ഗോള്‍കീപ്പര്‍

കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ലാലിഗ പുനരാരംഭിച്ച ശേഷം മികച്ച പ്രകടനത്തോടെ റയല്‍ മാഡ്രിഡിന്റെ വിജയങ്ങളുടെ നട്ടെല്ലായി മാറിയിരിക്കുകയാണ് തിബോട് കോര്‍ട്വാ എന്ന ബെല്‍ജിയന്‍ ഗോള്‍കീപ്പര്‍. തന്റെ കരിയറിലെ രണ്ടാം സമോര ട്രോഫിക്കുവേണ്ടിയുള്ള മികച്ച പ്രകടനമാണ് കോര്‍ട്വാ റയല്‍ മാഡ്രിഡിന് വേണ്ടി കാഴ്ചവെക്കുന്നത്.

എന്നാല്‍ ഇതിനോടൊപ്പം തന്നെ തന്റെ തന്നെ വ്യക്തിഗത റെക്കോര്‍ഡിനെ മറികടന്നു പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് റയല്‍ മാഡ്രിഡ് ഗോള്‍കീപ്പര്‍. അലവസുമായുള്ള തകര്‍പ്പന്‍ ജയം നേടിയ മത്സരത്തില്‍ മികച്ച പ്രകടനത്തിലൂടെ ഗോള്‍ നേടാതെ തുടര്‍ച്ചയായി 457 മിനുട്ടുകള്‍ വലകാത്ത കോര്‍ട്വാ 535 മിനുട്ടെന്ന തന്റെ തന്നെ വ്യക്തിഗത റെക്കോര്‍ഡിനെ മറികടക്കാന്‍ വെറും 78 മിനുട്ടുകള്‍ മാത്രം കളിച്ചാല്‍ മതിയാകും.

സെര്‍ജിയോ റാമോസോ ഡാനി കര്‍വഹാലോ ഇല്ലാതെ അലവെസിന്റെ മുന്നേറ്റങ്ങളെ ചെറുത്ത കോര്‍ട്വാ തന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ ക്‌ളീന്‍ഷീറ്റാണ് റയല്‍ മാഡ്രിഡിനു വേണ്ടി നേടിയത്. ഇതു വരെ 32 മത്സരങ്ങളില്‍ നിന്നും 18 ഗോളുകള്‍ മാത്രം വഴങ്ങിയ കോര്‍ട്വായുടെ ഗോള്‍ വഴങ്ങുന്ന ശരാശരി വെറും 0.56 മാത്രമാണ്.

‘ഞാന്‍ അവനില്‍ സന്തുഷ്ടനാണ്. അവന്‍ ഞങ്ങളുടെ ഗോള്‍കീപ്പറായതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു. എന്റെ അഭിപ്രായത്തില്‍ അവനാണു ഇപ്പോള്‍ ലോകത്തിലെ തന്നെ മികച്ച ഗോള്‍കീപ്പര്‍. ഞങ്ങള്‍ക്ക് ഇനിയും ക്‌ളീന്‍ഷീറ്റുകള്‍ നേടാനുണ്ട്.’ കോര്‍ട്വയുടെ പ്രകടനത്തെക്കുറിച്ച് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍ അലാവെസിനെതിരെ മത്സര ശേഷം പറഞ്ഞതിങ്ങനെയാണ്.

You Might Also Like