കിരീടനേട്ടത്തിനൊപ്പം അവിശ്വസനീയ റെക്കോര്‍ഡും! 1954ലെ റെക്കോര്‍ഡ് പഴങ്കഥയാക്കി ക്വാര്‍ട്ടുവ

Image 3
FeaturedFootball

ലാലിഗയില്‍ റയല്‍ മാഡ്രിഡിന്റെ ഈ സീസണിലെ മികച്ച പ്രകടനങ്ങളുടെയെല്ലാം പിന്നിലെ നട്ടെല്ലാണ് ഗോളി തിബോട് ക്വാര്‍ട്ടുവയുടെ പ്രകടനങ്ങളെന്നു നിസംശയം പറയാം. 34 മത്സരങ്ങളില്‍ നിന്നും 20 ഗോളുകള്‍ മാത്രം വഴങ്ങി ക്വാര്‍ട്ടുവ 18 ക്‌ളീന്‍ഷീറ്റുകള്‍ നേടി മികച്ച പ്രകടനമാണ് റയല്‍ മാഡ്രിഡിനു വേണ്ടി കാഴ്ച വെക്കുന്നത്.

റയല്‍ മാഡ്രിഡിനൊപ്പം തന്റെ ആദ്യ ലാലിഗ കിരീടം സ്വന്തമാക്കിയ ക്വാര്‍ട്ടുവ മറ്റൊരു റെക്കോര്‍ഡിനുടമയായിരിക്കുകയാണ്. ജോസെ ലൂയിസ് പെരെസ് പായക്കു ശേഷം അത്‌ലറ്റികോ മാഡ്രിഡിനും റയല്‍ മഡ്രിഡിനും വേണ്ടി ലാലിഗ കിരീടം നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ഈ ബെല്‍ജിയന്‍ ഗോള്‍കീപ്പര്‍.

ക്വാര്‍ട്ടുവയെ പോലെ തന്നെ അത്‌ലറ്റികോയുടെ ചരിത്രത്തിലെ മറ്റൊരു താരമാണ് പെരെസ്-പായ. റയല്‍ മാഡ്രിഡിലെത്തും മുന്‍പ് 14 ഗോളുകള്‍ നേടി അത്‌ലറ്റികോ മാഡ്രിഡിനെ കിരീടജേതാക്കളാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച താരമാണ് പെരെസ്.

അത്‌ലറ്റികോയുടെ കിരീടം നേട്ടത്തിലും മുഖ്യപങ്കുവഹിച്ച തിബോട് ക്വാര്‍ട്ടുവ സിമിയോണിയുടെ കീഴില്‍ മികച്ചപ്രകടനമാണ് നടത്തിയത്. ഇപ്പോള്‍ റയല്‍ മാഡ്രിഡിനുവേണ്ടി കിരീടനേട്ടത്തിന്റെ നട്ടെല്ലായി പ്രകടനം കാഴ്ചവെച്ചതോടെ പെരെസ്-പായയുടെ 1954ലെ റെക്കോര്‍ഡിലെത്തി നില്‍ക്കുകയാണ് 28കാരന്‍.

കഴിഞ്ഞ സീസണുകളില്‍ ഗോള്‍ വഴങ്ങുന്നതില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ട താരമാണ് ഈ ബെല്‍ജിയന്‍ ഗോള്‍കീപ്പര്‍. എന്നാല്‍ വിമര്‍ശകരുടെ വായ്മൂടിക്കെട്ടി വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് തിബോട് ക്വാര്‍ട്ടുവ. സിദാന്‍ റയല്‍ മാഡ്രിഡിനു വേണ്ടി പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രതിരോധനിരക്കൊപ്പം ഗോള്‍വലക്കു മുന്നില്‍ തിബോയുടെ പ്രകടനം അടുത്ത സാമോര ട്രോഫിക്കടുത്തെച്ചിരിക്കുകയാണ്.