പ്രീമിയർ ലീഗിന്റെ വേഗത തന്നെ തളർത്തുന്നു, മത്സരശേഷം തലവേദന വിട്ടുപോവാറില്ലെന്നു സിൽവ

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫറിൽ പിഎസ്‌ജിയിൽ നിന്നും ചെൽസിയിലേക്ക് ചേക്കേറിയ പ്രതിരോധതാരമാണ് ബ്രസീലിയനായ തിയാഗോ സിൽവ. 36 വയസ്സിനിടെ തന്റെ കരിയറിൽ ആദ്യമായാണ് സിൽവ പ്രീമിയർ ലീഗിൽ കളിക്കുന്നത്. എന്നാൽ പ്രീമിയർ ലീഗിന്റെ വേഗതയും ഹൈ ബോളുകൾ ധാരാളം വരുന്ന മത്സരങ്ങൾക്ക് ശേഷം തലവേദന വിട്ടു പോകാറില്ലെന്നും സിൽവ വെളിപ്പെടുത്തിയിരിക്കുകയാണ്.

നിലവിൽ പെറു, ഉറുഗ്വായ് മത്സരങ്ങൾക്കായി ബ്രസീൽ ടീമിനോപ്പമാണ് സിൽവയുള്ളത്. ചെൽസിക്കായി അരങ്ങേറ്റത്തിൽ അബദ്ധങ്ങൾ പിണഞ്ഞിരുന്നുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചു വരവാണ് സിൽവ നടത്തിയത്. എങ്കിലും തുടരെ തുടരേയുള്ള മത്സരങ്ങളും പ്രീമിയർ ലീഗിന്റെ വേഗതയും ശാരീരികമായ തളർച്ചക്ക് ഇടവരുത്തുന്നുണ്ടെന്നും സിൽവ വേവലാതിപ്പെടുന്നു.

“അവസാനത്തെ രണ്ടു മത്സരങ്ങൾക്കു ശേഷം എനിക്ക് ശക്തമായ തലവേദന അനുഭവപ്പെട്ടിരുന്നു. അതിനു കാരണം തുടരെ തുടരെ വായുവിലുയർന്നുള്ള പ്രതിരോധ ഹെഡറുകളും ഒപ്പം പ്രീമിയർ ലീഗിന്റെ അസാമാന്യ വേഗതയുമാണ്. ഞങ്ങൾക്ക് വീണ്ടും പുനർജനിക്കേണ്ടി വരികയാണ് ഓരോ മത്സരശേഷവും. കോവിഡ് മൂലവും പരിക്കു മൂലവും ധാരാളം താരങ്ങളെ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. കാരണം ഞങ്ങൾ ധാരാളം മത്സരങ്ങളിൽ കളിക്കുകയാണ്. ഞങ്ങൾ യന്ത്രങ്ങളല്ല. “

“അടുത്തിടെ നടന്ന പഠനങ്ങളിൽ പറയുന്ന ഒരു കാര്യം തുടരെ തുടരെ മൂന്നും നാലും മത്സരങ്ങൾ ഇടവിട്ട് കളിക്കുമ്പോൾ താരങ്ങൾക്ക് പരിക്കു പറ്റാനുള്ള സാധ്യത കൂടുന്നുവെന്നാണ്. അത് ഞങ്ങളെ വല്ലാതെ വേവലാതിപ്പെടുത്തുന്ന കാര്യമാണ്” സിൽവ വ്യക്തമാക്കി. പ്രീമിയർ ലീഗിലേക്ക് വീണ്ടും അഞ്ചു താരങ്ങളെ പകരക്കാരാക്കുന്ന സംവിധാനം തിരിച്ചു കൊണ്ടു വരണമെന്ന് ക്ളോപ്പും ഗാർഡിയോളയും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

You Might Also Like