ലിവർപൂളിന് തിരിച്ചടി, ബയേണിൽ സന്തോഷവാനാണെന്നു വെളിപ്പെടുത്തി തിയാഗോ

ബയേൺ മ്യൂണിക്കിനായി മികച്ച പ്രകടനമാണ് സ്പാനിഷ് താരം തിയാഗോ അൽകന്റാര ഈ സീസണിൽ കാഴ്ചവെച്ചത്. ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിൽ വലിയ പങ്കാണ് തിയാഗോക്കുള്ളത്. അതുകൊണ്ടു തന്നെ താരത്തിന് പിന്നാലെ നിരവധി ക്ലബുകൾ ഉണ്ടായിരുന്നു. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളുമാണ് അതിൽ പ്രധാനികൾ.

ലിവർപൂൾ കഴിഞ്ഞ കുറച്ചു ആഴ്ച്ചകളായി താരത്തിന് വേണ്ടി വലിയ ശ്രമങ്ങളാണ് നടത്തിയിരുന്നത്. താരത്തെ ക്ലബ്ബിൽ എത്തിക്കുന്നതിൽ താത്പര്യം പ്രകടിപ്പിച്ചു കൊണ്ട് ലിവർപൂൾ പരിശീലകൻ ജർഗൻ ക്ലോപ്പ് മുന്പിലുണ്ടായിരുന്നു. 27 മില്യൺ പൗണ്ടിന് മുകളിൽ വില വരുന്ന താരത്തിനായി ലിവർപൂൾ ട്രാൻസ്ഫർ തുകയുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണ്. അതിനിടെയാണ് താൻ ബയേൺ മ്യൂണിക്കിൽ സന്തോഷവാനാണ് എന്ന് താരം അറിയിച്ചത്.

നിലവിൽ സ്പെയിൻ ടീമിനൊപ്പമാണ് തിയാഗോ ഉള്ളത്. യുവേഫ നേഷൻസ് ലീഗിൽ ഉക്രൈനെ നേരിടുന്നതിന് മുന്നോടിയായുള്ള അഭിമുഖത്തിൽ ആണ് തിയാഗോ ട്രാൻസ്ഫറിനെക്കുറിച്ച് പറഞ്ഞത്: “ഞാനിപ്പോൾ ഉക്രൈനെതിരെയുള്ള മത്സരത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അതിന് ശേഷം ബാക്കിയുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാം. ബയേൺ എന്റെ വീടാണ്. ഞാൻ അവിടെ സന്തോഷവാനുമാണ്”

പക്ഷെ മുമ്പ് തിയാഗോ തന്നെ പ്രീമിയർ ലീഗിലേക്ക് വരാൻ താല്പര്യമുണ്ടെന്നു വെളിപ്പെടുത്തിയിരുന്നു. ഈ സീസണിൽ നാല്പത് മത്സരങ്ങളാണ് താരം ബയേണിന് വേണ്ടി ബൂട്ടുകെട്ടിയത്. താരത്തിന് യൂണൈറ്റഡിനേക്കാൾ കൂടുതൽ താല്പര്യം ലിവർപൂളിനോട്‌ തന്നെയാണ്. അതേ സമയം വൈനാൾഡത്തെ ബാഴ്സക്ക് നൽകി കൊണ്ട് തിയാഗോയെ ആ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പദ്ധതിയിലാണ് ലിവർപൂൾ.

You Might Also Like