ലിവർപൂളിലേക്ക് ചേക്കേറാൻ രണ്ടുപേരാണ് എന്നെ പ്രേരിപ്പിച്ചത്, വെളിപ്പെടുത്തി തിയാഗോ

Image 3
EPLFeaturedFootball

സൂപ്പർ താരം തിയാഗോ അൽകന്റാരയെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലിവർപൂൾ സ്വന്തമാക്കിയിരിക്കുകയാണ്. 25 മില്യൺ പൗണ്ട് ആണ് താരത്തിനായി ലിവർപൂൾ ബയേണിന് നൽകിയത്. ഏഴ് വർഷക്കാലം ബയേണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചാണ്  തിയാഗോ ലിവർപൂളിലേക്ക് ചേക്കേറിയത്. നാലു വർഷത്തെ കരാറിൽ ആൻഫീൽഡിൽ എത്തിയ താരം ആറാം നമ്പർ ജേഴ്സിയാണ് ധരിച്ചേക്കുക.

താൻ ലിവർപൂളിലേക്ക് ചേക്കേറാൻ  കാരണക്കാരായ അല്ലെങ്കിൽ ലിവർപൂൾ തിരഞ്ഞെടുക്കാൻ പറഞ്ഞ രണ്ട് സൂപ്പർ താരങ്ങളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ  തിയാഗോ. മറ്റാരുമല്ല സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോയും മുൻ താരം സാബി അലോൺസോയുമാണ് താരത്തെ ലിവർപൂളിൽ എത്താൻ സഹായിച്ചതെന്നാണ് തിയാഗോ വെളിപ്പെടുത്തിയത്.

” ഈ കഴിഞ്ഞ വർഷവും അതിന് മുമ്പുള്ള വർഷങ്ങളിലും ലിവർപൂൾ എന്താണെന്ന് നമ്മൾ കണ്ടതാണ്. വളരെയധികം അത്ഭുതാവഹമായ പ്രകടനമാണ് അവർ നടത്തുന്നത്. ഓരോ വർഷവും അവർ ഉയർന്നു വരുന്നുണ്ട്. എനിക്ക് ചെയ്യാൻ കഴിയുന്ന പോലെയും ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന പോലെയും ഞങ്ങൾ മുന്നേറും. കൂട്ടീഞ്ഞോയും സാബി അലോൺസോയുമാണ് എന്നെ ഈ തീരുമാനത്തിലെത്താൻ സഹായിച്ചത്. തീർച്ചയായും ഇവിടെ എത്താനായതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.”തിയാഗോ വെളിപ്പെടുത്തി.

ആദ്യമത്സരത്തിൽ ലീഡ്സിനോട് പതറിയതാണ് മിഡ്‌ഫീൽഡിനു കൂടുതൽ ശക്തിയേകാൻ തിയാഗോയെ ക്ളോപ്പ്‌ ആൻഫീൽഡിലെത്തിക്കുന്നത്. പന്ത് നിയന്ത്രിച്ചു കളി മെനയുന്ന കാര്യത്തിൽ മികവുള്ള താരമാണ് തിയാഗോ. അത് ബയേണിനായുള്ള പ്രകടനത്തിൽ വെളിവായതുമാണ്. തിയാഗോക്കൊപ്പം പോർച്ചുഗീസ് താരം ജോട്ട കൂടിയെത്തുന്നതോടെ ഈ സീസണിൽ ശക്തമായി തന്നെ കിരീടം നിലനിർത്താനുള്ള തയ്യാറെടുപ്പിലാണ്  ലിവർപൂൾ.