ഇവരെയാണ് തകര്‍ക്കേണ്ടത്, ഓസീസ് ഇനി വെല്ലുവിളിയല്ല, വലിയ പ്രഖ്യാപനവുമായി ഇംഗ്ലീഷ് താരം

ഇന്ത്യയില്‍ വെച്ച് ടീം ഇന്ത്യയെ തോല്‍പിക്കുക എന്നത് ആഷസ് വിജയം നേടുന്നതിനേക്കാള്‍ മഹത്തരമാണെന്ന് ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ ഗ്രെയിം സ്വാന്‍. ആഷസിനേക്കാള്‍ ഇനി മുതല്‍ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര ജയിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത് എന്നും സ്വാന്‍ പറയുന്നു.

ഇന്ത്യയില്‍ വെച്ച് ഇന്ത്യയെ കീഴടക്കുക എന്നത് ഏറെ കുറെ അസാധ്യമാണ്, 2012ല്‍ ഇന്ത്യയില്‍ ഇംഗ്ലണ്ട് ജയിച്ചെങ്കിലും. ലോകത്തിലെ ഏറ്റവും മികച്ച ടീം ആവണം എങ്കില്‍ ആഷസിനപ്പുറം ഇംഗ്ലണ്ട് ചിന്തിക്കണം. സ്പിന്നര്‍മാര്‍ മികവ് കാണിച്ചെങ്കില്‍ മാത്രമാണ് ഇന്ത്യയില്‍ പരമ്പര നേടാന്‍ സാധിക്കുക, ഗ്രെയിം സ്വാന്‍ പറഞ്ഞു.

ബാറ്റിങ് നിര ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുകയും വേണം. സ്പിന്നര്‍മാര്‍ക്കെതിരെ കെവിന്‍ പീറ്റേഴ്സനെ പോലെ മികവ് കാണിക്കുന്ന ബാറ്റ്സ്മാനെയാണ് ഇംഗ്ലണ്ടിന് വേണ്ടത്. ആഷസ് വരുന്നു എന്നാണ് ഇംഗ്ലണ്ട് എപ്പോഴും പറയാറുള്ളത്. എന്നാല്‍ ഓസ്ട്രേലിയയെ കീഴടക്കുക എന്നത് ഇപ്പോള്‍ വലിയ വെല്ലുവിളിയല്ല.

പണ്ടത്തെ ഓസ്ട്രേലിയന്‍ ടീം പോലെ കരുത്തരല്ല ഇപ്പോഴത്തെ ഓസ്ട്രേലിയന്‍ ടീം. പണ്ടത്തെ ടീമിന്റെ മികവില്‍ നിന്ന് ഏറെ അകലെയാണ് അവരിപ്പോള്‍. അതുകൊണ്ട് തന്നെ ആഷസ് നേടുന്നതിനേക്കാള്‍ മഹത്തരം ഇന്ത്യയില്‍ പരമ്പര നേടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മാസം അഞ്ചിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെ്സ്റ്റ് പരമ്പര ആരംഭിക്കുന്നത്. നാല് മത്സരങ്ങളാണ് പരമ്പരയിലുളളത്.

You Might Also Like