പൊട്ടിത്തെറിച്ച് കോഹ്ലി, വമ്പന്‍ തോല്‍വിയ്ക്ക് ഇവര്‍ കാരണക്കാര്‍

ഇംഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റ്റില്‍ കൂറ്റന്‍ തോല്‍വി വഴങ്ങിതിന് പിന്നാലെ സഹതാരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. മോശം ശരീരഭാഷയും, തീവ്രതയില്ലായ്മയുമാണ് ഇംഗ്ലണ്ടിനെതിരെ 227 റണ്‍സിന്റെ തോല്‍വിയിലേക്ക് വീണതിന് പിന്നിലെന്ന് കോഹ്‌ലി തുറന്നടിച്ചു.

ഫസ്റ്റ് ഇന്നിങ്സ് ബാറ്റിങ്ങിന്റെ രണ്ടാം ഘട്ടത്തില്‍ തങ്ങള്‍ കുറച്ച് മികവിലേക്ക് എത്തിയെന്നും ആദ്യ നാല് ബാറ്റ്സ്മാന്മാരും ഇതില്‍പ്പെടില്ലെന്നും കോഹ്‌ലി പറഞ്ഞു.

‘ഈ കളിയില്‍ മാന്യമായാണ് കളിച്ചത് എന്നാണ് നമ്മള്‍ മനസിലാക്കേണ്ട കാര്യം. ടെസ്റ്റില്‍ ഉടനീളം ഇംഗ്ലണ്ട് നമ്മളെക്കാളും പ്രൊഫഷണലും, സ്ഥിരതയുള്ളവരുമായിരുന്നു. ആദ്യ പകുതിയില്‍ അവര്‍ക്ക് മേല്‍ വേണ്ടത്ര സമ്മര്‍ദം കൊടുക്കാന്‍ നമുക്കായെന്ന് എനിക്ക് തോന്നുന്നില്ല.’

ഫാസ്റ്റ് ബൗളിങ് യൂണിറ്റും, അശ്വിനും ആദ്യ ഇന്നിങ്സില്‍ മികവ് കാണിച്ചു. എന്നാല്‍ അത്രയും റണ്‍സ് വഴങ്ങാതെ അവരെ സമ്മര്‍ദത്തിലാക്കണമായിരുന്നു. എന്നാല്‍ ഇത് സ്ലോ വിക്കറ്റ് ആയിരുന്നു എന്നും ബാറ്റ്സ്മാന് സ്ട്രൈക്ക് കൈമാറാന്‍ എളുപ്പമായിരുന്നു എന്നും മറക്കരുത്. ബിഗ് ടോട്ടല്‍ ഇവിടെ കണ്ടെത്തിയ ഇംഗ്ലണ്ടിന് തന്നെയാണ് ക്രഡിറ്റ്, കോഹ്ലി പറഞ്ഞു.

‘നമ്മുടെ നാലും അഞ്ചും ബൗളര്‍മാര്‍ മികവിലേക്ക് ഉയര്‍ന്നില്ല. എതിരാളികള്‍ക്ക് മേല്‍ നമ്മുടെ ബൗളിങ് യൂണിറ്റിന് സമ്മര്‍ദം സൃഷ്ടിക്കാനാവണം. എന്നാല്‍ ഇവിടെ നമുക്കതിന് കഴിഞ്ഞില്ല. കൃത്യമായി പ്ലാന്‍ നടപ്പിലാക്കാന്‍ കഴിയാതിരുന്നത് മനസിലാക്കാം. എന്നാല്‍ നമ്മുടെ ചിന്താഗതി ശരിയായിരുന്നില്ല എന്നത് പ്രാധാന്യത്തോടെ കാണേണ്ടതാണ്.’

ഇംഗ്ലണ്ട് മുന്‍പില്‍ വെച്ച 420 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 75 റണ്‍സ് എടുത്ത കോഹ് ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആന്‍ഡേഴ്സന്‍ മൂന്ന് വിക്കറ്റും, ജാക്ക് ലീച്ച് നാല് വിക്കറ്റും വീഴ്ത്തി. ഫെബ്രുവരി 13ന് ചെന്നൈയില്‍ തന്നെയാണ് രണ്ടാം ടെസ്റ്റ്.

You Might Also Like