ഇനിയും അക്കാര്യങ്ങള്‍ ഒരുപാട് സംഭവിക്കും, തുറന്ന് പറഞ്ഞ് രോഹിത്ത്

ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറികള്‍ നേടിയിട്ടുളള ഏക താരമാണ് രോഹിത് ശര്‍മ. മൂന്ന് വര്‍ഷം മുമ്പാണ് രോഹിത്ത് അവസാനമായി ഇരട്ട ശതകം കുറിച്ചത്. എന്നാല്‍ ഇനിയും ഒരുപാട് ഇരട്ട ശതകങ്ങള്‍ പിറക്കാനുണ്ടെന്നാണ് രോഹിത് ശര്‍മ ഇപ്പോള്‍ പറയുന്നത്.

രോഹിത്തിന്റെ ഇരട്ട ശതകം ഓര്‍മിപ്പിച്ചുള്ള സ്റ്റാര്‍ സ്പോര്‍ട്സിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് രോഹിത്തിന്റെ മുന്നറിയിപ്പ്. ശ്രീലങ്കയ്ക്കെതിരെ മൊഹാലിയിലായിരുന്നു മൂന്ന് വര്‍ഷം മുന്‍പ് ഇതേ ദിവസം ഹിറ്റ്മാന്റെ വെടിക്കെട്ട്. 208 റണ്‍സുമായി രോഹിത് പുറത്താവാതെ നിന്നു.

ഏകദിനത്തില്‍ മൂന്ന് ഇരട്ട ശതകം എന്ന നേട്ടത്തിലേക്ക് രോഹിത്തിന് ശേഷം എത്താന്‍ മറ്റൊരു താരത്തിനുമായിട്ടില്ല. ഏകദിനത്തില്‍ ആകെ പിറന്ന എട്ട് ഇരട്ട ശതകങ്ങളില്‍ മൂന്നും രോഹിത്തിന്റെ പേരില്‍. 2010ല്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഗ്വാളിയോറില്‍ 200 എന്ന മാന്ത്രിക സംഖ്യ പിന്നിട്ട് സച്ചിന്‍ ആണ് ലോക ക്രിക്കറ്റില്‍ ഈ നേട്ടത്തിലേക്ക് ആദ്യം എത്തിയത്.

പിന്നാലെ വീരേന്ദര്‍ സെവാഗ് ഈ നേട്ടത്തില്‍ തൊട്ടു. വിന്‍ഡിസിനെതിരെ 219 റണ്‍സ് അടിച്ചു കൂട്ടിയായിരുന്നു സെവാഗിന്റെ വരവ്. ഏകദിനത്തില്‍ പിന്നാലെ വന്ന രണ്ട് ഇരട്ട ശതകങ്ങളും രോഹിത് ശര്‍മയുടെ പേരില്‍. ചിന്നസ്വാമിയില്‍ ഓസ്ട്രേലിയക്കെതിരെ 2013ല്‍ 209 റണ്‍സ് ആണ് രോഹിത് നേടിയത്.

ഒരു വര്‍ഷം പിന്നിട്ടതിന് പിന്നാലെ ശ്രീലങ്കയ്ക്കെതിരെ ഈഡന്‍ ഗാര്‍ഡനില്‍ രോഹിത് 264 റണ്‍സ് അടിച്ചു കൂട്ടിയാണ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായി ഇത് തുടരുന്നു. വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍(215), ന്യൂസിലാന്‍ഡ് താരം ഗപ്റ്റില്‍(237), പാകിസ്ഥാന്റെ ഫഖര്‍ സമന്‍(210) എന്നിവരാണ് ഏകദിനത്തില്‍ ഇരട്ട ശതകം കണ്ടെത്തിയ മറ്റ് താരങ്ങള്‍.

You Might Also Like