കോഹ്ലിയ്‌ക്കെതിരെ വന്‍ ലോബി പ്രവര്‍ത്തിക്കുന്നു, ഗുരുതര ആരോപണവുമായി സൂപ്പര്‍ താരം

വിരാട് കോഹ്ലി ക്യാപ്റ്റന്‍സി ഒഴിഞ്ഞതല്ലെന്നും മറിച്ച് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്ന് ആരോപിച്ച് സൂപ്പര്‍ താരം ഷുഐബ് അക്തര്‍ രംഗത്ത്. കോഹ്ലിയെ പുറത്താക്കാന് ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായും അക്തര്‍ ആരോപിക്കുന്നു.

‘കഴിഞ്ഞ ടി20 ലോകകപ്പിന്റെ സമയത്തു ഞാന്‍ ദുബായിലുണ്ടായിരുന്നു. ഇന്ത്യക്കു കിരീടം നേടാനായില്ലെങ്കില്‍ വിരാടിനെ സംബന്ധിച്ച് അതു വലിയ പ്രശ്നമാവുമെന്നു അറിയാമായിരുന്നു, അതു തന്നെ സംഭവിക്കുകയും ചെയ്തു. വിരാടിനെതിരേ വലിയൊരു ലോബി തന്നെയുണ്ട്, ഒരുപാട് പേര്‍ അദ്ദേഹത്തിന് എതിരാണ്. ഈ കാരണത്താലാണ് വിരാട് ക്യാപ്റ്റന്‍സി രാജി വച്ചത്’ അക്തര്‍ നിരീക്ഷിച്ചു.

ക്രിക്കറ്റില്‍ താരപദവിയില്‍ നില്‍ക്കുന്ന ഏതൊരു കളിക്കാരനും ഇതുപോലെയുള്ള പ്രശ്നങ്ങള്‍ കരിയറില്‍ നേരിടേണ്ടിവരും. പക്ഷെ അതിന്റെ പേരില്‍ ഭയപ്പെടേണ്ട കാര്യമില്ല. അനുഷ്‌ക ശര്‍മ (വിരാടിന്റെ ഭാര്യ) വളരെ നല്ല സ്ത്രീയാണ്, വിരാടും നല്ലൊരു വ്യക്തിയാണ്. ഒന്നിനെയും ഭയക്കാതെ വിരാട് ധൈര്യശാലിയായി ഇരിക്കുകയാണ് വേണ്ടത്. രാജ്യം മുഴുവന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. ഇപ്പോഴത്തേത് വിരാടിനെ സംബന്ധിച്ചു പരീക്ഷണ കാലമാണ്. ഇതില്‍ നിന്നെല്ലാംഅദ്ദേഹം ശക്തമായി തിരിച്ചുവരണമെന്നും അക്തര്‍ ഉപദേശിച്ചു.

അടുത്ത അഞ്ച്- ആറു മാസങ്ങളില്‍ ബാറ്റിങില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞാല്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞത് വിരാട് കോഹ്ലിയ്ക്ക് ആശ്വാസമാകും. ക്യാപ്റ്റന്‍ സി ഒഴിഞ്ഞത് നന്നായെന്ന് സ്വയം അദ്ദേഹം ഇക്കാര്യം തന്നോടു തന്നെ പറയുകയും ചെയ്യും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 120 സെഞ്ച്വറികള്‍ വരെ നേടാന്‍ വിരാടിനു സാധിക്കുമെന്നും അക്തര്‍ വ്യക്തമാക്കി.

ഇരുമ്പ് കൊണ്ടാണോ, ഉരുക്ക് കൊണ്ടാണോ താന്‍ ഉണ്ടാക്കിയതെന്നു അദ്ദേഹം തെളിയിക്കേണ്ട സമയമാണിത്. ഒരുപാട് കാര്യങ്ങള്‍ക്കു ശ്രമിക്കരുത്, ഗ്രൗണ്ടിലെത്തി നന്നായി പെര്‍ഫോം ചെയ്യാന്‍ മാത്രം ശ്രമിക്കുക. ലോകത്തിലെ മറ്റാരേക്കാളും നേട്ടങ്ങള്‍ കൈവരിച്ച മഹാനായ ബാറ്ററാണ് വിരാട്. സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യുക മാത്രമാണ് വിരാട് ചെയ്യേണ്ടതെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

വിരാട് കോലി ബോട്ടം ഹാന്റ് കൊണ്ട് ഒരുപാട് ഷോട്ടുകള്‍ കളിക്കുന്ന ബാറ്ററാണ്. ഫോമൗട്ടാവുമ്പോള്‍ ഈ തരത്തില്‍ ബോട്ടം ഹാന്റ് കൊണ്ടു കളിക്കുന്നവരാണ് കൂടുതല്‍ കുഴപ്പത്തിലാവാറുള്ളതെന്നു ഞാന്‍ കരുതുന്നു. ഇതില്‍ നിന്നും വിരാടിനു പുറത്തു കടക്കേണ്ടതുണ്ട്. ആര്‍ക്കെതിരേയും ദേഷ്യം മനസ്സില്‍ വയ്ക്കേണ്ടതില്ല. എല്ലാവരോടും ക്ഷമിച്ച് മുന്നോട്ടു പോവുകയാണ് ചെയ്യേണ്ടതെന്നും റാവല്‍പിണ്ടി എക്സ്പ്രസ് ഉപദേശിച്ചു. ഇന്ത്യയുടെ പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റന്റെ കാര്യത്തില്‍ ബിസിസിഐ വളരെ ഉചിതമായ തീരുമാനം തന്നെയെടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

You Might Also Like