ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇന്ത്യന്‍ താരങ്ങള്‍

Image 3
CricketCricket News

മുസ്ലിംങ്ങളുടെ ഒന്നാമത്തെ ഖിബ്‌ലയായ മസ്ജിദുല്‍ അഖ്‌സയ്ക്ക് നേരേയുളള ഇസ്രയേലിന്റെ ആക്രമണത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ രംഗത്ത്. റമദാന്‍ മാസത്തില്‍ അല്‍ അഖ്സ പള്ളിയില്‍ പ്രാര്‍ഥനയ്ക്കെത്തിയവരെ ബലമായി ഒഴിപ്പിച്ച സംഭവത്തില്‍ നടക്കും രേഖപ്പെടുത്തിയ പത്താന്‍ മനസില്‍ അല്‍പമെങ്കിലും മനുഷ്യത്വം അവശേഷിക്കുന്നുവെങ്കില്‍ ഈ ചെയ്തികളെ പിന്തുണയ്ക്കരുതെന്നും ട്വീറ്റ് ചെയ്തു.

ഇര്‍ഫാന്റെ ഈ ട്വീറ്റിനെ പിന്തുണച്ച് അഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരം വസീം ജാഫറും രംഗത്തെത്തി. ഇര്‍ഫാന്റെ ഫലസ്തീന്‍ ഐകൃദാര്‍ഡൃ ട്വീറ്റ് റീഷെയര്‍ ചെയ്താണ് വസീം ജാഫര്‍ തന്റെ പിന്തുണ വ്യക്തമാക്കിയത്.

പള്ളിയുടെ ഉള്ളിലേക്ക് റബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും ഉപയോഗിച്ച് ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണം ഇപ്പോള്‍ മേഖലയെ കടുത്ത സംഘര്‍ഷത്തിലാക്കിയിരിക്കുകയാണ്. ഇസ്രയേലിന്റെ നടപടികള്‍ക്കെതിരേ പലസ്തീന്‍ യുവാക്കള്‍ ചെറുത്തു നില്‍പ് ആരംഭിച്ചതോടെ വ്യോമാക്രമണത്തിലേക്ക് നീളുകയാണ് സംഭവവികാസങ്ങള്‍.

ഇന്നലെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 23 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് രാജ്യാന്തര സമൂഹം ഇസ്രയേലിനെതിരേ തിരിഞ്ഞിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ ഇര്‍ഫാന്‍ പത്താന്‍ ഫലസ്തീന്‍ ജനതയ്ക്കു പിന്തുണ തേടിയത്. മിനിറ്റുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനു പേരാണ് പത്താന്റെ ട്വീറ്റ് ഏറ്റെടുത്തത്. റീ ട്വീറ്റ് ചെയ്തവരില്‍ മുന്‍ ഇന്ത്യന്‍ താരവും ആഭ്യന്തരക്രിക്കറ്റിലെ ഇതിഹാസവുമായ വസീം ജാഫറും ഉള്‍പ്പെടുന്നു.