പ്രശ്‌നം ക്രിക്കറ്റിന്റേതല്ല, അതു നടത്തുന്ന സമയത്തിന്റേതാണ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍

ഐപിഎല്‍ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവച്ചുകൊണ്ട് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച അറിയിപ്പ് വിവര്‍ത്തനം ചെയ്തത്:
കോവിഡ് മഹാമാരിയുടെ ഏറ്റവും മോശമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ജീവിതം നിലനിര്‍ത്തുവാനായി പോരാടുകയാണ്, പലരും അവരുടെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ വിഫലശ്രമങ്ങള്‍ നടത്തുകയാണ്. സാര്‍വത്രിക ആരോഗ്യപ്രതിരോധസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാതായിരിക്കുന്നു.
ഓരോ ദിവസവും പത്രത്തില്‍ വരുന്ന രോഗബാധയുടെ കണക്കുകള്‍ ആകാശം തൊടുന്നവയാണ്. ഓക്‌സിജനും മരുന്നുകള്‍ക്കും വേണ്ടിയുള്ള നിലവിളി ഉയര്‍ന്നുകേള്‍ക്കുന്നു. കോവിഡ് കിടക്കകള്‍ ആവശ്യത്തിനില്ലാത്തതിനാല്‍ ആശുപത്രികള്‍ പുതിയ പ്രവേശനം നിരസിക്കുന്നു. ശ്മശാനങ്ങളിലെ തിരക്കിന്റെ ചിത്രങ്ങള്‍ ഹൃദയഭേദകമാണ്.
കോവിഡ് -19 ന് കീഴടങ്ങിയ അല്ലെങ്കില്‍ ജീവിതത്തിനായി പോരാടുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ ഉള്ളവരായിക്കഴിഞ്ഞിരിക്കുന്നു നമ്മളില്‍ മിക്കവരും. അത്തരമൊരു ദാരുണമായ സമയത്ത്, ക്രിക്കറ്റ് ഉത്സവം ഇന്ത്യയില്‍ നടക്കുന്നുവെന്നത് ഒരു വലിയ പൊരുത്തക്കേടാണ്. രോഗം വരാതെ സമ്പര്‍ക്കമുണ്ടാകാത്ത സുരക്ഷിതമായ കൂടുകളില്‍ ജീവിക്കുന്ന അവരുടെ രീതി ഇന്നത്തെ അവസ്ഥയുടെ നേര്‍ക്കുള്ള കൊഞ്ഞനം കുത്തലാണ്. പ്രശ്‌നം ക്രിക്കറ്റിന്റേതല്ല, അതു നടത്തുന്ന സമയത്തിന്റേതാണ്.
അഭൂതപൂര്‍വമായ ഒരു പ്രതിസന്ധിയിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നതെന്ന് ക്രിക്കറ്റും അംഗീകരിക്കണം. ഈ സാഹചര്യത്തില്‍, ന്യൂസ് ഇന്ത്യന്‍ എക്‌സ്പ്രസ് ന്യൂസ് പേപ്പറില്‍ ഐപിഎല്‍ കവറേജ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
രാജ്യത്തിന്റെ ശ്രദ്ധ ജീവിന്മരണപ്രശ്‌നങ്ങളില്‍ കേന്ദ്രീകരിക്കുന്ന ഈ അവസരത്തില്‍ അതിനോട് ഐക്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ചെറിയൊരു നീക്കം മാത്രമാണിത്. നിങ്ങളും അതു മനസ്സിലാക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഒരു ദൃഢനിശ്ചയത്തോടെ ഒറ്റ ലക്ഷ്യത്തോടെ നാം ഒറ്റരാജ്യമായി നില്‍ക്കേണ്ട ഒരവസരമാണിത്.
വിവര്‍ത്തനം: വിനയരാജ് വിആര്‍