അവിശ്വസനീയം ഈ മസായ് വിപ്ലവം, ഇവിടെ പ്രതിരോധമാണ് ക്രിക്കറ്റ്

സുരേഷ് വാരിയത്ത്
കായിക മത്സരങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ഒരു പ്രത്യേകതയുണ്ട്…… ചില പ്രത്യേക വ്യവസ്ഥിതികളോടും ദുരാചാരങ്ങളോടും പൊരുതാന്‍ എതിരാളിയെക്കാള്‍ ദുര്‍ബലരായ മനുഷ്യര്‍ പലപ്പോഴും കൂട്ടുപിടിക്കുന്നത് സ്‌പോര്‍ട്‌സിനെയാണ്. പുരാതന റോമാ സാമ്രാജ്യത്തില്‍ ഗ്ലാഡിയേറ്റര്‍മാരാവാന്‍ വിധിക്കപ്പെട്ട അഭ്യാസികളും, നമ്മുടെ മഹാഭാരത കഥയില്‍ എന്നും രണ്ടാമനാവാന്‍ (അതോ യുധിഷ്ഠിരനും അര്‍ജുനനും പിന്നില്‍ മൂന്നാമനോ?) ആവാന്‍ വിധിക്കപ്പെട്ട ഭീമസേനന്‍ തന്റെ രോഷവും സങ്കടവും സമ്പ്രദായങ്ങളോടുള്ള അവജ്ഞയും പ്രകടിപ്പിച്ചിരുന്നത് വര്‍ഷാവര്‍ഷം ഹസ്തിനപുരിയില്‍ നടന്നിരുന്ന കായിക മത്സരങ്ങളിലാണെന്ന് എം ടി വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴ’ വും പറഞ്ഞു തരുന്നു……..
നാടിനെ വിഴുങ്ങുന്ന ‘കപ്പം( ലഗാന്‍ )’ എന്ന ദുരാചാരം ഇല്ലായ്മ ചെയ്യാന്‍ ബ്രിട്ടീഷ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ റസ്സലിനെ വെല്ലുവിളിച്ച ഭുവനും കൂട്ടരും ആയുധമായി തെരഞ്ഞെടുത്തത് ക്രിക്കറ്റ് എന്നൊരു കായിക യിനത്തെയായിരുന്നു….. സുഹൃത്തുക്കളേ, വിന്‍ഡീസ് ക്രിക്കറ്റ് ടീം എതിരാളികളെ ചവിട്ടി മെതിച്ച് നടന്നിരുന്ന കാലത്തെ മത്സരങ്ങളുടെ വീഡിയോ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകരുടെ വിജയാഘോഷം? തങ്ങളെ രാഷ്ട്രീയപരമായും സാമ്പത്തികമായും കൊള്ളയടിച്ച രാജ്യങ്ങള്‍ക്കെതിരെ കളിക്കളത്തില്‍ നേടുന്ന ഓരോ വിജയവും അവര്‍ക്ക് നല്‍കിയിരുന്ന് ഒരു തരം ഉന്‍മാദമായിരുന്നു. ക്രിക്കറ്റിലൂടെ വ്യവസ്ഥിതികളെ വെല്ലുവിളിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ വിജയകഥയാണ് മസായ് വാറിയേഴ്‌സിനു പറയാനുള്ളത്.
മസായ് മറാ…. വന്യ ജീവി പ്രേമികള്‍ക്കും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഏറെ ഇഷ്ടമുള്ള പേരാണ്. കെനിയയിലും ടാന്‍സാനിയയിലുമായി ഏക്കറുകള്‍ കണക്കിന് പരന്നു കിടക്കുന്ന ഈ വന്യ ജീവി സംരക്ഷണ കേന്ദ്രം സന്ദര്‍ശിക്കുക എന്നത് ഏതൊരു ഫോട്ടോഗ്രാഫറുടെയും ജീവിതാഭിലാഷമാണ്. മസായ് എന്ന സ്ഥലത്തെ ആദിമ നിവാസികള്‍ പക്ഷേ പല വിധത്തിലുള്ള ദുരാചാരങ്ങള്‍ക്കും അടിമകളാണ്. സ്ത്രീകള്‍ക്ക് യാതൊരു സ്വാതന്ത്ര്യവുമില്ലാത്ത അന്നാട്ടില്‍, ലോകത്ത് ഏറ്റവുമധികം എയ്ഡ്‌സ് പടരുന്ന സ്ഥലവുമായിരുന്നു.
സുഹൃത്ത് നിബിന്‍ ( Nibin Jincy )മുമ്പൊരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ ആര്‍ട്ടിക്കിളാണ് ആദ്യമായി മസായ് വാറിയേഴ്‌സിനെ പറ്റിപ്പറഞ്ഞു തന്നത്. അവിടത്തെ പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന മനുഷ്യത്വരഹിതമായ FGM ( Female Genital Mutilation) എന്ന കൊടും ഭീകരമായ ദുരാചാരത്തിനെതിരെ പ്രതികരിക്കുകയും ഈ വിഷയത്തിലേക്ക് ലോക ശ്രദ്ധ തിരിക്കുകയുമായിരുന്നു മസായ് വാറിയേഴ്‌സ് എന്ന ക്രിക്കറ്റ് ടീമിന്റെ ഉദ്ദേശം.
എന്താണീ FGM? – ഒരു പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്ന സമയത്ത് സമൂഹത്തിലെ നേതാക്കള്‍ ചേര്‍ന്ന് ആ കുട്ടിയുടെ ജനനേന്ദ്രിയ പരിച്ഛേദം യാതൊരു ശാസ്ത്രീയതയുടെയും അടിസ്ഥാനമില്ലാതെ നടത്തി തുന്നിക്കെട്ടി വയ്ക്കും. പിന്നീടൊരിക്കല്‍ കല്യാണ സമയത്ത് വധുവിന്റെയും വീട്ടുകാരുടെയും മുന്നില്‍ വച്ചാണ് ഈ തുന്ന് അഴിക്കുന്നത്. പെണ്‍കുട്ടി കല്യാണത്തിന് തയ്യാറായി എന്ന് അറിയിക്കാനുള്ള അത്യന്തം വേദനാജനകവും പൈശാചികവുമായ ഈ ദുരാചാരം തടയാന്‍ പക്ഷേ, ആ നാട്ടിലെ ചിന്തിക്കുന്ന ചെറുപ്പക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല. മസായ് വാറിയേഴ്‌സിന്റെ ക്യാപ്റ്റനായിരുന്ന സൊണ്‍യാങ്ഗ ഒലേ ഗയ്‌സ്, തന്റെ മൂന്നു സഹോദരിമാര്‍ അനുഭവിച്ച നരകതുല്യമായ വേദന കണ്ട് സഹിക്കാനാവാതെ FGMനെതിരെ പോരാടാനിറങ്ങിയ വ്യക്തിയാണ്.
സ്ത്രീകള്‍ക്കെതിരെയുള്ള ദുരാചാരങ്ങളെ എതിര്‍ത്ത, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ച യുവതയുടെ ഇടയിലേക്കാണ് അലിയ ബ്യൂര്‍ എന്ന കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക 2007 ല്‍ കടന്നു വന്നത്. ക്രിക്കറ്റില്‍ അതീവ തല്‍പ്പരയായിരുന്ന ഈ ദക്ഷിണാഫ്രിക്കക്കാരി, ഇവരെ കളി പഠിപ്പിക്കാമെന്നേറ്റു. തങ്ങളുടെ വിനോദമായ വാരിക്കുന്തം എറിയുന്ന പോലെ വിദൂരസാദൃശ്യമുള്ള ക്രിക്കറ്റ് മസായ് യുവാക്കള്‍ക്കും താല്‍പ്പര്യമായി. നാട്ടില്‍ നിന്ന് കുറച്ച് ക്രിക്കറ്റ് ഗിയറുകള്‍ ആലിയ ഇതിനായി വരുത്തി.2009 ല്‍ ആറേഴ് ചെറുപ്പക്കാര്‍ ചേര്‍ന്ന് ആലിയയെ കോച്ചാക്കി, മസായ് വാറിയേഴ്‌സ് എന്ന ടീം രൂപപ്പെടുത്തി.
ടീമിന്റെ സന്ദേശം വ്യക്തമായിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ തടയുക. ജനമധ്യത്തില്‍ ഇതു പറയാന്‍ അവര്‍ ക്രിക്കറ്റിനെ ഉപയോഗിച്ചു. ലോക ജനശ്രദ്ധയാകര്‍ഷിക്കാനായി കളിക്കുമ്പോള്‍ യൂണിഫോമായി അവരുടെ വിചിത്രമായി തോന്നുന്ന പരമ്പരാഗത വസ്ത്ര രീതി ഉപയോഗിച്ചു. കളി ജയിക്കുക എന്നതിലുപരി സന്ദേശം ലോകത്ത് പരത്തുക എന്ന രീതിയായിരുന്നു അവര്‍ പിന്തുടര്‍ന്നത്.
2011 ല്‍ കെനിയന്‍ ഗവര്‍മെന്റ് FGM നിയമം മൂലം നിരോധിച്ചെങ്കിലും അന്നാട്ടില്‍ ഇത് നിര്‍ബാധം തുടര്‍ന്നു വന്നു. 2013 ല്‍ ലണ്ടനിലെ അമേച്വര്‍ ചാമ്പ്യന്‍ഷിപ്പായ Last Man Stands ല്‍ മത്സരിക്കാന്‍ വാറിയേഴ്‌സിന് അവസരം ലഭിച്ചത് അവരുടെ സ്വീകാര്യതയും ജനപ്രീതിയും കുത്തനെ ഉയര്‍ത്തി. കൂടുതല്‍ യുവാക്കളും കുട്ടികളും കളിയിലേക്കും സാമൂഹിക നവോത്ഥാനത്തിലേക്കും ആകൃഷ്ടരായി. സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും FGM നെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും HlV/ എയ്ഡ്‌സ് നെക്കുറിച്ചും ക്രിക്കറ്റിന്റെ ഭാഷയില്‍ മസായ് വാറിയേഴ്‌സ് സംസാരിച്ചു. ഗോത്രത്തലവന്‍മാരുമായി ചര്‍ച്ചകളിലും സംവാദങ്ങളിലുമേര്‍പ്പെട്ടു. ഒരു ജനതയെ പതിയെപ്പതിയെ അവര്‍ സംസ്‌കാര സമ്പന്നരാക്കുകയാണ്. ഇന്ന് മസായ് വാറിയേഴ്‌സിന് രണ്ടു ടീമുകളുണ്ട്.കൂടാതെ പെണ്‍കുട്ടികള്‍ക്കായി ഒരു ടീം വേറെയും ……
കടപ്പാട്: എസ് വാരിയത്ത് ക്രിക്കറ്റ്