; )
ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനെ അലട്ടിയ പരിശീലന ഗ്രൗണ്ടിന്റെ അസൗകര്യം പരിഹരിക്കപ്പെട്ടു. ഇന്ന് മുതല്‍ ബ്ലാസ്റ്റേഴ്‌സിനായി തയ്യാറാക്കിയ ഗോവയിലെ പെഡെം സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാകും ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലനം.
അന്താരാഷ്ട്ര നിലവാരത്തില്‍ പുതുക്കിപ്പണിത സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗോവയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയമാണ് പെഡെം സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലേത്. ഗോവയില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യം നിശ്ചയിച്ച പരിശീലന ഗ്രൗണ്ടും ഇതായിരുന്നു. എന്നാല്‍ പണിപൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നാണ് നിലവിലെ ഡുലെര്‍ ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്‌സിന് പരിശീലിക്കേണ്ടി വന്നത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫ് തന്നെയാണ് ഗോവയിലും ബ്ലാസ്റ്റേഴ്‌സിനായി പരിശീലന പിച്ച് ഒരുക്കിയത്. ഇതിനായി രണ്ട് മാസം നീണ്ട കഠിന പരിശ്രമമാണ് സ്റ്റാഫുകള്‍ നടത്തിയത്. ഗോവയുടെ തലസ്ഥാന നഗരിയായ പനാജിയില്‍ നിന്നും പതിമ്മൂന്നു കിലോമീറ്റര്‍ വടക്കു മാറിയുള്ള മപുസ എന്ന ടൗണിലെ കരഡ്വാസ എന്ന സ്ഥലത്താണ് പെഡെം സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്ഥിതി ചെയ്യുന്നത്.
അതെസമയം ഐഎസ്എല്ലില്‍ മൂന്ന് മത്സരം പിന്നിടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇതുവരെ വിജയം സ്വന്തമാക്കാനായിട്ടില്ല. ആദ്യ മത്സരം എടികെ മോഹന്‍ ബഗാനോട് തോറ്റ ബ്ലാസ്‌റ്റേഴ്‌സ് അടുത്ത രണ്ട് മത്സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടും ചെന്നൈയിന്‍ എഫ്‌സിയോടും സമനില വഴങ്ങുകയായിരുന്നു.
പുതിയ പരിശീലന ഗ്രൗണ്ട് ഒരുങ്ങിയതോടെ ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച ഫലം ഉണ്ടാക്കാമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്. അതിനായുളള മുന്നൊരുക്കമാണ് ഇപ്പോള്‍ നടക്കുന്നത്.