യോര്‍ക്കറുകള്‍ തീതുപ്പും, ആ പഴയ പേസറായി ഞാനെത്തും, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം

Image 3
CricketTeam India

ഐപിഎല്‍ താര ലേലം മുന്‍പില്‍ നില്‍ക്കെ തിരിച്ചുവരവിനെ കുറിച്ച് കൃത്യമായ സൂചന നല്‍കി ഇന്ത്യന്‍ പേസര്‍ ടി നടരാജന്‍. ഐപിഎല്‍ താര ലേലത്തിലേക്ക് ശ്രദ്ധ കൊടുക്കുന്നില്ലെന്നും പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധയെന്നും നടരാജന്‍ പറഞ്ഞു.

ഒരു കോടി രൂപയാണ് ഐപിഎല്‍ ലേലത്തില്‍ നടരാജന്റെ അടിസ്ഥാന വില. ഐപിഎല്‍ ലേലത്തെ കുറിച്ചോ, ട്വന്റി20 ലോകകപ്പിനെ കുറിച്ചോ ഞാന്‍ ചിന്തിക്കുന്നില്ല. എന്റെ ശക്തി എന്തിലാണോ അതിലേക്ക് ശ്രദ്ധിച്ച് കഠിനാധ്വാനം ചെയ്യുന്നു. അത് എനിക്ക് ചെയ്യാനായാല്‍ ബാക്കി കാര്യങ്ങളെല്ലാം താനെ ശരിയാവും, നടരാജന്‍ പറയുന്നു.

‘ഐപിഎല്‍ മെഗാതാരലേലത്തെ കുറിച്ചോ, മറ്റൊരു ടി20 ലോകകപ്പിനെ കുറിച്ച് ചിന്തിക്കുന്നില്ല. എന്റെ കരുത്തില്‍ മാത്രമാണ് ചിന്തിക്കുന്നത്. ഇപ്പോഴും കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. ബാക്കിയുള്ളതെല്ലാം എനിലേക്ക് വന്നുചേരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നീണ്ട കാലയളവിന് ശേഷമാണ് ഞാന്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. നന്നായി പന്തെറിയുക മാത്രമാണ് ലക്ഷ്യം.’ നടരാജന്‍ വ്യക്തമാക്കി.

”ഇന്ത്യന്‍ ടീമിലെത്തും മുമ്പ് ഞാന്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. തിരിച്ചുവരുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ എന്നില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കും. രണ്ടോ മൂന്നോ മത്സരങ്ങള്‍ കഴിഞ്ഞാല്‍ എനിക്ക് പഴയത് പോലെ പന്തെറിയാന്‍ കഴിയുമെന്നാണ് വിശ്വാസം. എനിക്ക് സമ്മര്‍ദ്ദമൊന്നുമില്ല. മാനസികമായി ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു. പഴയത് പോലെ കട്ടറുകളും യോര്‍ക്കറുകളും എന്നില്‍ നിന്ന് പ്രതീക്ഷിക്കാം.” നടരാജന്‍ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു നടരാജന്‍. 2018 സീസണിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തി. അന്ന് മൂന്ന് ഫോര്‍മാറ്റിലും താരം കളിച്ചിരുന്നു. എന്നാല്‍ പരിക്കിനെ തുര്‍ന്ന് കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോയില്ല. കഴിഞ്ഞ ഐപിഎല്‍ സീസണും നഷ്ടമായി. ഇത്തവണ സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി കളിച്ചെങ്കിലും വിജയ് ഹസാരെയില്‍ കളിക്കാനായില്ല.