തന്റെ തുക ഉയരുമ്പോള്‍ മുംബൈയുടെ അവസ്ഥ ഓര്‍ത്ത് നെടുവീര്‍പ്പിടുകയായിരുന്നെന്ന് ഇഷാന്‍ കിഷന്‍
ഐപിഎല്‍ താരലേലത്തില്‍ തന്റെ തുക ഉയരുമ്പോള്‍ മുംബൈ കുറിച്ചോര്‍ത്താണ് താന്‍ ടെന്‍ഷനടിച്ചതെന്ന് ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍. തനിക്ക് വേണ്ടി വന്‍തുക ചെലവഴിച്ചാല്‍ മറ്റുള്ളവരെ വാങ്ങാന്‍ പണമുണ്ടാകുമോ എന്നായിരുന്നു തന്റെ ആശങ്കയെന്നും ഇഷാന്‍ പറയുന്നു.
‘മുംബൈ ഇന്ത്യന്‍സിനൊപ്പം കളിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ഇവിടെ ഇപ്പോള്‍ എല്ലാവരും ഒരു കുടുംബം പോലെയാണ്. ഇവിടെ നിന്നും ഒരിടത്തും പോകേണ്ടതില്ല. കഴിഞ്ഞ നാലു വര്‍ഷമായി ഇവിടെയുണ്ട്. ഇവര്‍ക്കൊപ്പം താന്‍ രണ്ടു ട്രോഫികളുടെ ഭാഗമായി. അവര്‍ക്ക് എന്റെ ക്രിക്കറ്റിനെക്കുറിച്ച് നന്നായിട്ട് അറിയാം. അവര്‍ എന്നെ സംരക്ഷിക്കും. അതുകൊണ്ടു തന്നെ വേറൊരിടത്ത് പോകാന്‍ ആഗ്രഹിക്കുന്നില്ല’ ഇഷാന്‍ പറഞ്ഞു.
ഐപിഎല്‍ താരലേലത്തില്‍ 15.25 കോടി രൂപയാണ് ഇഷാനെ സ്വന്താക്കാന്‍ മുംബൈ ഇന്ത്യന്‍സ് ചിലവഴിച്ചത്. ഇതോടെ താരലേലത്തിലെ ഏറ്റവും വിലയേറിയ താരമായി ഇഷാന്‍ കിഷന്‍ മാറിയിരുന്നു.
2018 ലാണ് ഇഷാന്‍ കിഷന്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായത്. അതിന് മുമ്പ് ഗുജറാത്ത് ലയണ്‍സിലായിരുന്നു. എല്ലാത്തവണയും ഉയര്‍ന്ന വിലയ്ക്കാണ് ഇഷാന്‍ കിഷനെ മൂംബൈ സ്വന്തമാക്കിയിട്ടുള്ളത്.
ആദ്യം 6.2 കോടിയ്ക്കായിരുന്നു ഗുജറാത്ത് ലയണ്‍സില്‍ നിന്നും കൊണ്ടുവന്നത്. മുംബൈയ്ക്ക് വേണ്ടി 41 ഇന്നിംഗ്സുകള്‍ ബാറ്റ് ചെയ്ത താരം ഇതിനകം 1133 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. 2020 ഐപിഎല്‍ സീസണില്‍ മുംബൈയുടെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരനായിരുന്നു. 14 കളിയില്‍ അവര്‍ക്കായി അടിച്ചുകൂട്ടിയത് 516 റണ്‍സായിരുന്നു.