അത് ഞങ്ങളുടെ വലിയ പിഴവ്, ആ താരത്തെ ഒഴിവാക്കിയതിന് മാപ്പ് ചോദിച്ച് സെലക്ടര്‍

Image 3
CricketTeam India

കഴിഞ്ഞ ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ നിന്ന് അമ്പാടി റായിഡുവിനെ പുറത്താക്കിയത് വലിയ പിഴവായിരുന്നെന്ന് സമ്മതിച്ച് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ ദേവാങ് ഗാന്ധി. ഇതാദ്യമായാണ് റായിഡുവിന്റെ കാര്യത്തില്‍ തങ്ങളെടുത്ത തീരുമാനം തെറ്റായി പോയെന്ന് ഒരു സെലക്ടര്‍ തുറന്ന സമ്മതിക്കുന്നത്.

‘റായിഡുവിനെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് തെറ്റ് തന്നെയായിരുന്നു. പക്ഷെ ഞങ്ങളും മനുഷ്യന്മാരാണ്. ശരിയായ ടീം കോമ്പിനേഷനാണ് തിരഞ്ഞെടുത്തതെന്നായിരുന്നു ടീം പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങളുടെ ധാരണ. എന്നാല്‍ റായിഡുവിന്റെ സാന്നിധ്യം ടീമിനെ സഹായിക്കുമായിരുന്നുവെന്നു പിന്നീട് ഞങ്ങള്‍ തിരിച്ചറിഞ്ഞു’ ഗാന്ധി വ്യക്തമാക്കി.

ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി മൂന്നിലും തിളങ്ങാന്‍ സാധിക്കുന്ന ത്രീഡി പ്ലെയറാണ് വിജയ് ശങ്കറെന്നും അതിനാലാണ് റായുഡുവിനെ തഴഞ്ഞതെന്നുമായിരുന്നു അന്നു മുഖ്യ സെലക്ടര്‍ പ്രസാദിന്റെ വിശദീകരിണം ഏറെ വിവാദമായിരുന്നു. ഇതിനെ സമൂഹമാധ്യമങ്ങളിലൂടെ റായുഡു പരിഹസിക്കുകയും ചെയ്തിരുന്നു.

റായുഡുവിന്റെ ദേഷ്യം മനസ്സിലാക്കാന്‍ തനിക്കു കഴിയും. ഈ പ്രതികരണങ്ങള്‍ ന്യായീകരിക്കപ്പെടുകയും ചെയ്തു. സെലക്ടര്‍മാര്‍ക്കെതിരേ നിരാശ പ്രകടിപ്പിക്കാനുള്ള അവകാശവും റായുഡുവിന് ഉണ്ടായിരുന്നുവെന്നും ഗാന്ധി കൂട്ടിച്ചേര്‍ത്തു.

നീണ്ട കാത്തിരിപ്പിനു ശേഷം നാലാം നമ്പറില്‍ ഇന്ത്യക്കു ലഭിച്ച ഏറ്റവും മികച്ച താരമെന്നായിരുന്നു റായുഡു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. 2019ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി നടത്തി മിന്നുന്ന പ്രകടനം ദേശീയ ടീമിലേക്കു അദ്ദേഹത്തിന്റെ മടങ്ങിവരവിന് വഴിയൊരുക്കുകയായിരുന്നു. എന്നാല്‍ ലോകകപ്പ് ടീമില്‍ നിന്നും അപ്രതീക്ഷിതമായി തഴയപ്പെട്ടത് റായുഡുവിനും ഷോക്കായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി താരം പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.