ആദ്യ 20 മിനിറ്റില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത് അവന്‍ ചെയ്തു, ആഞ്ഞടിച്ച് ഓസീസ് താരങ്ങള്‍

പരിക്കിന് ശേഷമുള്ള മടങ്ങിവരവിലെ ആദ്യ ഇന്നിംഗ്സില്‍ മോശം പ്രകടനമാണ് ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പുറത്തെടുത്തത്. ഇന്ത്യക്കെതിരെ സിഡ്‌നി ടെസ്റ്റില്‍ എട്ട് പന്തില്‍ അഞ്ച് റണ്‍സ് മാത്രം നേടി ആദ്യ സെഷനില്‍ തന്നെ വാര്‍ണര്‍ കൂടാരം കയറി. ഇതോടെ വാര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഓസീസ് മുന്‍താരവും കമന്റേറ്റുമായ മാര്‍ക് വോ ഉയര്‍ത്തിയത്.

‘അതൊരു മോശം ഷോട്ടായിരുന്നു. ടെസ്റ്റ് മത്സരത്തില്‍ ആദ്യ 20 മിനുറ്റില്‍ കളിക്കേണ്ട ഷോട്ടല്ല അത്. വിക്കറ്റില്‍ നിന്ന് ഏറെ മാറിയുള്ള പന്തില്‍ ഏന്തിവലിഞ്ഞ് ഡ്രൈവ് കളിക്കാനായിരുന്നു വാര്‍ണറുടെ ശ്രമം. അല്‍പം കൂടി ബാറ്റ് പന്തിലേക്ക് അടുക്കേണ്ടതുണ്ടായിരുന്നു. അക്ഷമയോടെയാണ് ഷോട്ട് കളിച്ചത്. ചിലപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ വേഗം റണ്‍സ് ചേര്‍ക്കാനായിരിക്കാം വാര്‍ണര്‍ ഇങ്ങനെ ശ്രമിച്ചത്’ എന്നുമായിരുന്നു കമന്ററിക്കിടെ മാര്‍ക് വോയുടെ പ്രതികരണം.

വാര്‍ണര്‍ കാര്യമായി സകോര്‍ ചെയ്യാതെ പുറത്തായതിനു പിന്നാലെ അദ്ദേഹത്തിന്റെ ഫിറ്റ്നസിനെ ചോദ്യം ചെയ്തു മുന്‍ താരം മൈക്കല്‍ ഹസ്സിയും രംഗത്തു വന്നിരിക്കുകയാണ്. വേണ്ടത്ര ഫുട്ട് വര്‍ക്കില്ലാതെ കളിച്ചത് വാര്‍ണര്‍ പൂര്‍ണ ഫിറ്റല്ലെന്നതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘വാര്‍ണര്‍ അല്‍പം കഷ്ടപ്പെടുന്നുണ്ട്. നമ്മള്‍ സ്ഥിരമായി കാണുന്ന വാര്‍ണര്‍ ഇങ്ങനെയല്ല. വാര്‍ണര്‍ 100 ശതമാനം ഫിറ്റ്‌നസ് ചിലപ്പോള്‍ വീണ്ടെടുത്തിട്ടുണ്ടാവില്ല. അത് നല്ല സൂചനയല്ല’ എന്നും ഹസി പറഞ്ഞു.

സിഡ്നിയില്‍ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സില്‍ നാലാം ഓവറിലെ മൂന്നാം പന്തിലാണ് വാര്‍ണര്‍ പുറത്തായത്. സ്ലിപ്പില്‍ ചേതേശ്വര്‍ പൂജാരയ്ക്കായിരുന്നു ക്യാച്ച്. ഏകദിന പരമ്പരയില്‍ ഫീല്‍ഡ് ചെയ്യവെയായിരുന്നു വാര്‍ണറുടെ നാഭിഭാഗത്തു പരിക്കേറ്റത്. തുടര്‍ന്നു ടി20 പരമ്പരയും ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തിരുന്നു.

You Might Also Like