മറ്റൊരു രാജ്യന്തര താരം കൂടി എടികെ-മോഹന്‍ ബഗാനിലേക്ക്
ഐഎസ്എല്‍ വമ്പന്‍മാരായ എടികെ-മോഹന്‍ ബഗാനിലേക്ക് തായ് ദേശീയ ടീമില്‍ കളിക്കുന്ന താരമെത്തുന്നതായി റിപ്പോര്‍ട്ട്. തായ്‌ലന്‍ഡ് ടീമിലെ സ്ഥിര സാന്നിധ്യമായ തിതിഫന്‍ പോംഗ്ജന്‍ ആണ് എടികെ-മോഹന്‍ ബഗാനുമായി അടുത്തുന്നത്. എടികെയുടെ ഏഷ്യന്‍ ഫുട്‌ബോള്‍ ക്വാട്ടയിലേക്കാണ് ഈ തായ് താരത്തെ പരിഗണിക്കുന്നതത്രെ.
എടികെ-മോഹന്‍ ബഗാന്‍ ഹെഡ് കോച്ച് അന്റോണിയോ ഹബാസ് തായ് താരത്തെ ടീമിലെത്തിക്കുന്നത് സംബന്ധിച്ച് ക്ലബ് ബോര്‍ഡ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയതായി ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പോംഗ്ജന്‍ എടികെയിലെത്തുകയാണെങ്കില്‍ അത് വലിയൊരു നേട്ടം തന്നെയാകും കൊല്‍കത്തന്‍ ഭീമന്മാര്‍ക്ക്.
തായ്‌ലന്‍ഡിലെ ഏറ്റവും പ്രശസ്ത ഫുട്‌ബോള്‍ താരങ്ങളിലൊരാളായ ഈ 26കാരന്‍ കളിക്കുന്ന പൊസിഷന്‍ മിഡ്ഫീല്‍ഡാണ്. തായ്‌ലന്‍ഡ് ദേശീയ ടീമിനായി 2013 മുതല്‍ കളിക്കുന്ന പോംഗ്ജന്‍ 33 മത്സരങ്ങളില്‍ നിന്നായി ആറ് രാജ്യന്തര ഗോളും നേടിയിട്ടുണ്ട്. തായ്‌ലന്‍ഡ് അണ്ടര്‍ 19, അണ്ടര്‍ 23 ടീമുകള്‍ക്കായും നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുളള താരമാണ് പോംഗ്ജന്‍.
നിലവില്‍ ജപ്പാനീസ് ഫസ്റ്റ് ഡിവിഷനില്‍ കളിക്കുന്ന ഒയ്ത ത്രിന്‍ത ക്ലബിനായാണ് പോംഗ്ജന്‍ ബൂട്ടുകെട്ടുന്നത്. നിരവധി പ്രമുഖ തായ്‌ലന്‍ഡ് ക്ലബുകളില്‍ കളിച്ച ശേഷമാണ് ഈ മധ്യനിര താരം ജപ്പാനീസ് ക്ലബിലെത്തുന്നത്.