ഇനി കരഞ്ഞിട്ട് കാര്യമില്ല, ഞാനപ്പഴേ പറഞ്ഞതല്ലേ അങ്ങനെ കളിക്കരുതെന്ന്, ആഞ്ഞടിച്ച് പോണ്ടിംഗ്
ഇന്ത്യയ്‌ക്കെതിരെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ദയനീയമായി തോറ്റ ഓസ്‌ട്രേലിയന്‍ ടീമിനെതിരെ ആഞ്ഞടിച്ച് മുന്‍ നായകനും ഇതിഹാസ താരവുമായ റിക്കി പോണ്ടിംഗ്. പിച്ചിനെ കുറ്റം പറയുന്നതില്‍ ഒരു കാര്യവുമില്ലെന്നും ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ദാരുണമായിപ്പോയെന്നും പോണ്ടിംഗ് തുറന്നടിയ്ക്കുന്നു. ചാനല്‍ സെവനിന് നല്‍കിയ അഭിമുഖത്തില്‍ പോണ്ടിംഗ് ഇക്കാര്യം നിരീക്ഷിച്ചത്.
‘ഇനി പിച്ചിനെ കുറ്റം പറയരുത്. മൂന്നാമത്തെയും നാലാമത്തെയും ദിവസം പിച്ചിന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. സ്പിന്നിന് കുറച്ചധികം പിന്തുണ ലഭിച്ചു. പിച്ചിന് പഴക്കം ചെല്ലുമ്പോള്‍ ഇതു പ്രതീക്ഷിച്ചതുമാണ്. ടെസ്റ്റ് മത്സരത്തിലെ മൂന്നാം ദിനം ആകുമ്പോഴേക്കും ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ സംഭവിച്ചതോ, ഇന്ത്യയുടെ പേസര്‍മാര്‍ക്ക് ഭീഷണിയാവാന്‍ ഓസ്ട്രേലിയക്ക് കഴിഞ്ഞില്ല. എതിരാളികള്‍ക്ക് മുന്നില്‍ ദാരുണമായാണ് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര്‍ മുട്ടുമടക്കിയത്. ബാറ്റ്സ്മാന്മാരുടെ പ്രകടനത്തില്‍ അതീവ നിരാശയുണ്ട്’, പോണ്ടിംഗ് പറഞ്ഞു.
‘അനാവശ്യമായി ഷോട്ടിന് ശ്രമിച്ചാണ് മെല്‍ബണില്‍ ഓസീസ് ബാറ്റ്സ്മാന്മാര്‍ പുറത്തായത്. തുടക്കത്തില്‍ സ്‌കോര്‍ബോര്‍ഡില്‍ കൃത്യമായി റണ്‍സ് ചേര്‍ക്കാന്‍ ടീം മറന്നു. ഫലമോ, സമ്മര്‍ദ്ദം വര്‍ധിച്ചു. പെട്ടെന്ന് റണ്‍സ് കണ്ടെത്താനുള്ള തിടുക്കം കൂടി. ഈ അവസരത്തിലാണ് തെറ്റായ ഷോട്ടുകള്‍ക്ക് പിന്നാലെ പോകാന്‍ ബാറ്റ്സ്മാന്മാര്‍ നിര്‍ബന്ധിതരായത്’, പോണ്ടിംഗ് നിരീക്ഷിക്കുന്നു.
‘ആദ്യ ഇന്നിങ്സില്‍ ഇക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരോടുള്ള ഓസീസിന്റെ സമീപനം മാറ്റണം. ഇന്ത്യയ്ക്കെതിരെ പ്രതിരോധിച്ചു നില്‍ക്കാനാണ് ഓസ്ട്രേലിയ ശ്രമിച്ചത്. മികച്ച പന്തുകള്‍ ബഹുമാനിക്കുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ പന്തെറിയുന്നത് ലോകോത്തര ബൗളറാണെന്ന കാര്യംകൊണ്ട് റിസ്‌ക് എടുക്കാതിരിക്കുന്നത് ശരിയല്ല. അവരില്‍ നിന്നും മോശം പന്ത് കാക്കുന്നതുതന്നെ വിഡ്ഢിത്തമാണ്’, പോണ്ടിങ് വ്യക്തമാക്കി.
ജനുവരി 7 -ന് സിഡ്നിയിലാണ് മൂന്നാമത്തെ ടെസ്റ്റ്. നിലവില്‍ നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇരുടീമുകളും 1-1ന് തുല്യമാണ്.