കോഹ്ലിയുടെ ക്യാപ്റ്റനായിരുന്നു ഞാന്‍, അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി തേജസ്വി യാദവ്
ഇന്ത്യന്‍ ക്രിക്കറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു പ്രസ്താവനയായിരുന്നു ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിന്റേത്. ‘ആഭ്യന്തര മത്സരങ്ങളില്‍ വിരാട് കോഹ്ലി എനിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യയ്ക്കായി കളിക്കുന്ന പല താരങ്ങളും എന്റെ ബാച്ച്മേറ്റുകളാണ്!’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ഈ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി. ചിലര്‍ ട്രോളുകളുമായി രംഗത്തെത്തിയപ്പോള്‍, മറ്റു ചിലര്‍ ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ തുടങ്ങി.
ഒരു അഭിമുഖത്തില്‍ തേജസ്വി പറഞ്ഞു, ‘ഞാന്‍ എന്ന ക്രിക്കറ്റ് കളിക്കാരനെ കുറിച്ച് ആരും ഒന്നും പറയുന്നില്ല. വിരാട് കോഹ്ലി എന്റെ ക്യാപ്റ്റന്‍സിയില്‍ കളിച്ചിട്ടുണ്ട്. ആരെങ്കിലും അതിനെക്കുറിച്ച് പറയാറുണ്ടോ? ടീം ഇന്ത്യയിലെ പല കളിക്കാരും എന്റെ ബാച്ച് മേറ്റുകളാണ്. പരിക്കാണ് എനിക്ക് ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വന്നത്.’
തേജസ്വി പറഞ്ഞത് പോലെ, അദ്ദേഹം ഒരു കാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു എന്നത് സത്യം. എന്നാല്‍, അദ്ദേഹത്തിന് അധികം മത്സരങ്ങള്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. കരിയറില്‍ ഒരു ഫസ്റ്റ് ക്ലാസ് മത്സരവും രണ്ട് ലിസ്റ്റ് എ മത്സരങ്ങളും നാല് ടി20 മത്സരങ്ങളും മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. 2009-ല്‍ വിദര്‍ഭയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം.
ഇതിനു പുറമെ, 2008 മുതല്‍ 2012 വരെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്നു തേജസ്വി എന്നൊരു രസകരമായ വസ്തുത കൂടിയുണ്ട്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഈ നാല് വര്‍ഷവും ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിക്കാതെ ഡ്രസ്സിംഗ് റൂമില്‍ ഒതുങ്ങേണ്ടി വന്നു.