സഞ്ജുവിന്റെ ആ പ്രതീക്ഷയും പൊലിഞ്ഞു, നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഇന്ത്യന്‍ കോച്ച്

ടി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ച് ഏകദേശ ധാരണയായെന്ന് ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍. നിലവിലെ ടീമില്‍ വലിയ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് ഏറെക്കുറേ ഉറപ്പാണെന്നും ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ വ്യക്തമായ ചിത്രമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ടി20 ലോകകപ്പ് ടീമില്‍ ഇടംപിടിയ്ക്കാമെന്ന മലയാളി താരം സഞ്ജു വി സാംസന്റെ മോഹങ്ങള്‍ക്ക് ഏതാണ് പര്യവസാനമായി.

‘ടീമിന്റെ ബാറ്റിംഗ് ഉറച്ചതാകണമെന്ന് എനിക്കുണ്ട്. ഈ പരമ്പര പൂര്‍ത്തിയാകുമ്പോള്‍ ലോക കപ്പിനുള്ള ടീമിനെക്കുറിച്ച് നമുക്ക് ശരിയായ രൂപം കിട്ടണം. നിലവിലെ ടീമില്‍ വലിയ മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് കരുതുന്നത്. എന്നാല്‍ ആര്‍ക്കെങ്കിലും ഫോം നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ മാറ്റങ്ങല്‍ ഉണ്ടാകും.’

‘വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആരെത്തും എന്നകാര്യത്തില്‍ ഇപ്പോഴും സംശയം തുടരുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിച്ച കഴിഞ്ഞ ടി20യില്‍ കെ എല്‍ രാഹുലാണ് വിക്കറ്റ് കാത്തത്. എന്നാല്‍ റിഷഭ് പന്തും ഫോമില്‍ തിരിച്ചെത്തിയതോടെ സെലക്ഷന്‍ കഠിനമാകും’ റാത്തോര്‍ പറഞ്ഞു.

2021 ഒക്ടോബറിലും നവംബറിലുമായി ഇന്ത്യയിലാണ് ലോക കപ്പ് നടക്കുക. 2020-ല്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോക കപ്പ് നടക്കേണ്ടതായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു.

ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക,വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ആദ്യമായി പപ്പുവ ന്യൂ ഗ്വിനിയയും ടി20 ലോക കപ്പില്‍ പങ്കെടുക്കും.

You Might Also Like