ഇന്ത്യയുടെ ആ മുറിവിന് 21 വയസ്, ഓര്‍മകള്‍ക്ക് എന്ത് സുഗന്ധം

ഷമീര്‍ സ്വലാഹ്

കെനിയന്‍ തലസ്ഥാന നഗരിയായ നെയ്റോബിയിലെ ജിംഖാന ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ (അന്നത്തെ ഐസിസി നോകൗട്ട്) രണ്ടാം പതിപ്പിന്റെ ഫൈനല്‍ മത്സരം നടക്കുന്നു….

ടോസ് നേടിയ കിവി ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ് ആദ്യം ഫീല്‍ഡ് തിരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. എന്നാല്‍ ഇന്ത്യന്‍ ഇതിഹാസ ഓപ്പണിംഗ് ജോഡികളായ സച്ചിന്‍-ഗാംഗുലി ഓപ്പണിംഗ് വിക്കറ്റില്‍ തന്നെ ഒരു വമ്പന്‍ സ്‌കോറിക്ക് നീങ്ങുമെന്ന് തോന്നിപ്പിക്കും വിധം വെറും 26.3 ഓവറില്‍ 141 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അതിന് ശേഷം സച്ചിന്‍ പുറത്തായതോടെ റണ്‍ നിരക്ക് ചെറുതായി കുറഞ്ഞും വന്നു.

എന്നാല്‍ പതിയെ ട്രാക്കിലുള്ള ഗാംഗുലി ശക്തമായ ഹിറ്റിംഗുകളും ഗ്രൗണ്ടിലുടനീളമുള്ള ബൗണ്ടറികളുമായി റണ്‍ റേറ്റ് വീണ്ടും വര്‍ദ്ധിപ്പിച്ചതിനാല്‍ സ്‌കോര്‍ വീണ്ടും ഉയര്‍ന്നു. രണ്ടാം വിക്കറ്റില്‍ ദ്രാവിഡിനൊപ്പം 12.3 ഓവറില്‍ 61 റണ്‍സും കൂട്ടിച്ചേര്‍ത്തു. അതിനിടെ ആ കൂട്ട് കെട്ടും തകര്‍ത്തു കൊണ്ട് ദ്രാവിഡിനെ ഒരു റണ്‍ ഔട്ടിലൂടെ പുറത്താക്കി കിവികള്‍ ഇന്ത്യയെ 202/2 എന്ന നിലയിലും ആക്കി.

അധികം വൈകാതെ സെഞ്ചുറി നേടിയിരുന്ന ഗാംഗുലിയും പുറത്തായതിനുശേഷം ഇന്ത്യന്‍ മധ്യനിര എന്നും പോലെ തകര്‍ന്നു. അവസാന 8 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്, 50 ഓവറില്‍ 265/6 എന്ന നിലയില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു.

ഗാംഗുലി 130 പന്തുകളില്‍ നിന്നുമായി 9 ഫോറും 4 സിക്‌സും സഹിതം 117 റണ്‍സ് നേടി. തെണ്ടുല്‍ക്കര്‍ 69ഉം.

മറുപടി ബാറ്റിങ്ങില്‍ ന്യൂസിലാന്‍ഡിന് ഇന്ത്യന്‍ ബൗളിംഗില്‍ നിന്നും സമ്മര്‍ദ്ദം അനുഭവപ്പെട്ടു. മത്സരം 24-മത്തെ ഓവറിലേക്ക് കടക്കുമ്പോള്‍.., വെങ്കിടേഷ് പ്രസാദിന്റെയും അനില്‍ കുംബ്ലെയുടെയും ചില ക്ലാസിക് സ്‌പെല്ലുകളാല്‍ അവര്‍ 132/5 ആയി ചുരുങ്ങുകയും സീരിയസ് ഘട്ടത്തിലേക്കെത്തുകയും ചെയ്തു.

എന്നാല്‍ അവിടെ നിന്ന് നിശ്ചയദാര്‍ഡ്യമുള്ളതും പ്രതിബദ്ധതയുള്ളതുമായ ഒരു കളിക്കാരന്‍ ക്രീസിലെത്തി. മറ്റാരുമല്ല ക്രിസ് കെയ്ന്‍സ്. തുടര്‍ന്ന് ക്രിസ് ഹാരിസുമായി വളരെ അത്യാവശ്യമായ ഒരു കൂടികെട്ട് അദ്ദേഹം കെട്ടിപ്പടുക്കുകയും പിന്നീടുള്ള 25 ഓവറുകളില്‍ നിന്നായി 122 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ആ ടൂര്‍ണമെന്റിലും (8 വിക്കറ്റ്) ആ കളിയിലും മികച്ച ഫോമിലായിരുന്ന പ്രസാദിന് ഈ കൂട്ട്‌കെട്ട് മുന്നേറുമ്പോള്‍ പന്ത് നല്‍കാത്തതില്‍ ഗാംഗുലിക്ക് തെറ്റ് പറ്റിയതായി തോന്നി (അവസാനം ഹാരിസിന്റെ വിക്കറ്റ് വീഴ്ത്തിയതും പ്രസാദ് ആയിരുന്നു). പന്ത് നല്‍കിയ പരിചയ സമ്പത്തില്ലാത്ത സഹീര്‍ ഖാനാവട്ടെ അത് കുഴപ്പത്തിലുമാക്കി. കെയ്ന്‍സ് സഹീറിനെ നന്നായി ടാര്‍ഗറ്റ്‌ചെയ്തു കൊണ്ടു പന്തുകള്‍ അടിച്ചകറ്റി. അവിടെ നിന്ന് അദ്ദേഹം മത്സരം ഇന്ത്യയില്‍ നിന്ന് അകറ്റുകയും 2 പന്തുകള്‍ ബാക്കി നില്‍ക്കെ മത്സരം അവസാനിപ്പിക്കുകയും 113 പന്തുകളില്‍ നിന്നും 8 ഫോറും 2 സിക്സും സഹിതം 102 റണ്‍സുമായി പുറത്താകാതെയും നിന്നു.

ഇക്കഴിഞ്ഞ WTC ഫൈനലില്‍ സതാംപ്ടണില്‍ വെച്ച് അതേ എതിരാളികളായ ഇന്ത്യയെ തോല്‍പ്പിക്കുംവരേക്കും ന്യൂസിലാന്‍ഡിന് നേടാനായ ഏക ഐസിസി ട്രോഫിയായും ഇത് മാറി.

*ക്രിസ് കെയ്ന്‍സിന് അര്‍ഹമായ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ലഭിച്ചു.
*സൗരവ് ഗാംഗുലിയാണ് ആ ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറര്‍ 4 മത്സരം,348 റണ്‍സ്.
*ആ ടൂര്‍ണമെന്റില്‍ മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡ് ഉണ്ടായിരുന്നില്ല.

ഓര്‍മകള്‍ക്ക് ഇന്ന് 21 വയസ്സ്

കളിയുടെ മുക്കാല്‍ ഭാഗവും കിരീടം ഉറപ്പിച്ചു നിന്ന ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ പരാജയങ്ങളില്‍ മറ്റേതിനെക്കാളും ഏറെ മനപ്രയാസം ഉണ്ടാക്കിയതും ഈയൊരു ഫൈനല്‍ മത്സരം തന്നെ.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like