സഞ്ജുവിന് ഏകദിന ടീമിലേക്കും സ്ഥാനകയറ്റം, നടരാജനും രോഹിത്തും ടീം ഇന്ത്യയില്‍
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണും. നേരത്തെ ടി20 ടീമില്‍ മാത്രം ഉണ്ടായിരുന്ന സഞ്ജുവിനെ അധിക വിക്കറ്റ് കീപ്പറായാണ് ഇന്ത്യന്‍ ഏകദിന ടീമിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സഞ്ജുവിനെ ഏകദിന ടീമിലുള്‍പ്പെടുത്തിയതിന് പുറമെ രോഹിത് ശര്‍മയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയ മാറ്റമായി. നേരത്തെ രോഹിത്തിനെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു.
അതെസമയം രോഹിത്തിനെ ഏകദിന, ടി20 ടീമുകളില്‍ ഇപ്പോഴും ഉള്‍പ്പെടുത്തിയിട്ടില്ല. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പരിക്കില്‍ നിന്ന് രോഹിത്ത് പൂര്‍ണ്ണമായും മുക്തമാകും എന്ന വിശ്വാസത്തിലാണ് രോഹിത്തിനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതെസമയം ടി20 ടീമില്‍ നിന്ന് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി പിന്മാറി. തോളിനേറ്റ പരുക്ക് വരുണ്‍ മറച്ച് വെച്ചാണ് ഐപിഎല്‍ കളിച്ചതെന്ന് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വരുണ്‍ ടി20 ഇന്ത്യന്‍ ടീമില്‍ നിന്ന് പിന്മാറിയത്. താരം ഉടന്‍ തന്നെ ശാസ്ത്രക്രിയക്ക് വിധേയമാകും.
വരുണിന് പകരമായി തമിഴ്‌നാട്ടില്‍ നിന്ന് തന്നെയുള്ള ഫാസ്റ്റ് ബൗളര്‍ ടി.നടരാജനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.