മാന്‍ ഓഫ് ദ സീരിസ് സര്‍പ്രൈസ് താരത്തിന്, രോഹിത്ത് ട്രോഫി കൈമാറിയത് ആ അരങ്ങേറാത്ത താരത്തിന്

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദ സീരിസ് പുരസ്‌കാരം സ്വന്തമാക്കിയത് യുവതാരം പ്രസിദ്ധ് കൃഷ്ണ. പരമ്പരയിലെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒന്‍പത് വിക്കറ്റാണ് യുവതാരം നേടിയത്.

ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ താരോദയത്തിന് തന്നെ കളമൊരുങ്ങിയിരിക്കുകയാണ്. പരമ്പരയില്‍ ഏറ്റവും അധികം റണ്‍സ് കണ്ടെത്തിയത് മറ്റൊരു പുതിയ താരമായ സൂര്യകുമാര്‍ യാദവാണ്. 104 റണ്‍സാണ് സൂര്യകുമാര്‍ യാദവ് അടിച്ചെടുത്തത്.

മത്സര ശേഷം പതിവ് പോലെ വിജയികള്‍ക്കുള്ള ട്രോഫി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഏറ്റു വാങ്ങി. എന്നാല്‍ രോഹിത്ത് ഈ കിരീടം കൈമാറിയത് അതുവരെ പരമ്പരയില്‍ അരങ്ങേറാന്‍ അവസരം ലഭിക്കാത്ത രവി ബിഷ്‌ണോയിക്കാണ്. ഇതാദ്യമായാണ് ബിഷ്‌ണോയിക്ക് ഇന്ത്യന്‍ സ്‌ക്വാഡില്‍ അവസരം ലഭിച്ചത്.

മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയത്തോടെയാണ് ടീം ഇന്ത്യ പരമ്പര തൂത്തുവാരി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 266 റണ്‍സ് എന്ന ലക്ഷ്യത്തിന് 96 റണ്‍സ് അകലെ വിന്‍ഡീസ് ബാറ്‌സ്മാന്മാരെല്ലാം കൂടാരം കയറി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്നാണ് വിന്‍ഡീസ് ബാറ്റിങ്ങിനെ തകര്‍ത്തത്.