പോരാളികള്‍ മൈതാനത്ത്, ക്രിക്കറ്റ് ലോകത്ത് തരംഗമായി മാറി അവിശ്വസനീയ കാഴ്ച്ചകള്‍

Image 3
CricketTeam India

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിനായി ഇംഗ്ലണ്ടിലെത്തിയ ടീം ഇന്ത്യ പരിശീലനം തുടങ്ങി. ഇന്ത്യയിലെ ബയോ ബബിള്‍ വാസം പൂര്‍ത്തിയാക്കി ഈ മാസം മൂന്നിന് ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീം അവിടെ മൂന്ന് ദിവസത്തെ കര്‍ശന ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ആദ്യമായി പരിശീലനത്തിനിറങ്ങിയത്. ഇതിന്റെ വീഡിയോ ബിസിസിഐ പുറത്ത് വിട്ടു.

വീഡിയോ ആക്ഷന്‍ സിനിമാ ട്രെയ്ലറെ വെല്ലുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രിത് ബുമ്റ, മുഹമ്മദ് ഷമി, ഋഷഭ് പന്ത് തുടങ്ങിയവരൊക്കെ വീഡിയോയിലുണ്ട്.

മികച്ച പശ്ചാത്തല സംഗീതവും ഒപ്പം സ്ലോ മോഷനിലുള്ള ആക്ഷനുകളും മറ്റുമാണ് വീഡിയോയെ സവിശേഷമാക്കുന്നത്. ബുമ്റ അടക്കമുള്ളവര്‍ നെറ്റ്സില്‍ പന്തെറിയുന്നത്, ഋഷഭ് പന്തിന്റെ ഒറ്റ കൈ സിക്സ്, വിരാട് കോഹ്ലിയുടെ ക്ലോസ് അപ്പിലുള്ള രംഗം തുടങ്ങിയവയാണ് വീഡിയോയില്‍ ഉള്ളത്. പൂജാര, രോഹിത് ശര്‍മ അടക്കമുള്ളവരുടെ ബാറ്റിങ് പരിശീലനവും വീഡിയോയില്‍ കാണാം.

വീഡിയോ ഗംഭീരമായെന്നും രോമാഞ്ചം തോന്നിയെന്നും ഒരു നിമിഷം പോലും പോരട്ടത്തിനായി കാത്തിരിക്കാന്‍ ഇത് കണ്ടതോടെ സാധിക്കുന്നില്ലെന്നും ഒരാള്‍ കുറിച്ചു. അവഞ്ചേഴ്സ് എന്‍ഡ്ഗെയിം സിനിമയുടെ ട്രെയിലര്‍ പോലെ ഉണ്ടായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്.

ഈ മാസം 18ന് സതാംപ്ടണില്‍ വെച്ചാണ് ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. അതിന് ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്.