ഓപ്പണിംഗില്‍ നിര്‍ണ്ണായക മാറ്റം പ്രവചിച്ച് ഗവാസ്‌ക്കര്‍, സന്നാഹ മത്സരം ഉത്തരം തരട്ടെ

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണിംഗില്‍ മാറ്റം നിര്‍ദ്ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. ഗില്ലിന് പകരം ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് മായ്ക് അഗര്‍വാളിനെ കൂടി പരീക്ഷിക്കണമെന്നാണ് ഗവാസ്‌ക്കര്‍ ആവശ്യപ്പെടുന്നത്. രോഹിത്തിനൊപ്പം ഓപ്പണര്‍ ആരായിരിക്കണം എന്ന കാര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പുളള സന്നാഹ മത്സരം ഉപയോഗപ്പെടുത്തണമെന്നും ഗവാസ്‌ക്കര്‍ പറയുന്നു.

‘മായങ്ക് അഗര്‍വാള്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. ഓപ്പണറായി രണ്ട് ഡബിള്‍ സെഞ്ചുറി അവന്‍ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്‍പായി ഇന്ത്യയ്ക്ക് പരിശീലന മത്സരങ്ങള്‍ക്കായി ബിസിസിഐ മുന്‍കൈ എടുത്തത് നല്ല കാര്യമാണ്. കാരണം ആ മത്സരങ്ങളിലെ പ്രകടനം കണക്കിലെടുത്ത് ഗില്ലാണോ മായങ്ക് അഗര്‍വാളാണോ ഓപ്പണ്‍ ചെയ്യേണ്ടതെന്ന് അവര്‍ക്ക് തീരുമാനിക്കാം. പരിശീലന മത്സരങ്ങളില്‍ അവര്‍ ഓപ്പണ്‍ ചെയ്യട്ടെ, രോഹിത് ശര്‍മ്മ ഓപ്പണ്‍ ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്, അതുകൊണ്ട് ഒരു മത്സരത്തില്‍ അവന് വിശ്രമം അനുവദിക്കാം. ‘ സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.

‘പരിശീലന മത്സരങ്ങളില്‍ ആരാണ് ഇംഗ്ലീഷ് സാഹചര്യങ്ങള്‍ക്ക് യോജിച്ച ബാറ്റ്‌സ്മാനെന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഗില്‍ ഫൂട്ട്വര്‍ക്ക് ഒട്ടും ഉപയോഗിക്കുന്നില്ല. ഫ്രന്‍ഡ് ഫൂട്ടില്‍ മാത്രമാണ് അവന്‍ കളിക്കുന്നത്. ഇന്ത്യയില്‍ നടന്ന പരമ്പരയിലും അത് വ്യക്തമായിരുന്നു. ബാക്ക്ഫൂട്ടില്‍ കളിക്കാന്‍ അവന്‍ ശ്രമിക്കുന്നില്ല. അതുകൊണ്ടാണ് ലൈനിന് വിപരീതമായി അവന്‍ കളിക്കുന്നത്. ‘ സുനില്‍ ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റില്‍ 8 മത്സരങ്ങളില്‍ നിന്നും 31.85 ശരാശരിയില്‍ 3 ഫിഫ്റ്റിയടക്കം 414 റണ്‍സ് ഗില്‍ നേടിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ ഗില്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ മികവിലാണ് ഗാബ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചത്. മായങ്ക് ആകട്ടെ 14 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 45.74 ശരാശരിയില്‍ മൂന്ന് സെഞ്ചുറിയടക്കം 1052 റണ്‍സാണ് സ്വന്തമാക്കിയിട്ടുളളത്.