അയാളെ വെറുക്കാം പക്ഷെ മറക്കാനാകില്ല, ടീം ഇന്ത്യയുടെ രാജാവും രാജകുമാരനുമായിരുന്നു അയാള്‍

സനല്‍ കുമാര്‍ പത്മനാഭവന്‍

1996ലെ ലോകകപ്പ് സെമി ഫൈനലില്‍ , കല്‍ക്കത്തയില്‍ ഈഡനില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നത് ദുര്‍ഘടം ആയതു കൊണ്ട് ടോസ് കിട്ടിയാല്‍ ആദ്യം ബാറ്റ് ചെയ്യുക എന്ന ബേസിക് ഓപ്ഷന്‍ സെലക്ട് ചെയ്യാതെ ടോസ് കിട്ടിയപ്പോള്‍, ലങ്കക്കാരെ ബാറ്റിങ്ങിന് അയക്കുക എന്ന തെറ്റായ തീരുമാനം എടുത്ത!. ലങ്കയുടെ 252 റണ്‍സ് ചെയ്സ് ചെയ്യുമ്പോള്‍ അക്കൗണ്ട് തുറക്കുന്നതിനു മുന്‍പ് പുറത്തായതിന് കൂകി വിളിച്ചു കൊണ്ടിരിക്കുന്ന കാണികളുടെ മുന്നിലൂടെ തല കുനിച്ചു ഡ്രസിങ് റൂമിലേക്ക് നടന്ന ഒരു ഹൈദരാബാദി ബാറ്റ്‌സ്മാന്‍ ഉണ്ട് ഇന്നലെയുടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ !

1996 ലെ ലോകകപ്പിലെ സെമിയിലെ ദയനീയ തോല്‍വിക്ക് ശേഷം ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂറില്‍ അഞ്ചു ഇന്നിങ്സുകളില്‍ നിന്നും 17 .17 ശരാശരിയില്‍ 42 റണ്‍സ് മാത്രം സ്‌കോര്‍ ചെയ്തു കരിയറിലെ ഏറ്റവും മോശം സമയത്തു കൂടെ സഞ്ചരിച്ച ആ ബാറ്റ്‌സ്മാന്‍ ,ഒരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത ംഗ്ലണ്ട് ടൂറിനു ശേഷം , വെറും ഒന്‍പതു മാസങ്ങളുടെ ഇടവേള കഴിഞ്ഞു അയാള്‍ വീണ്ടും കൊല്ക്കത്തയിലെ കാണികള്‍ക്കു മുന്നില്‍ പാഡ് കെട്ടി ഇറങ്ങുക ആണ് !

India Vs South Africa 2nd Test Eden 1996.

ഗാരി ക്രിസ്റ്റീന്റെയും , ഹഡ്സന്റെയും സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ 428 റണ്‍സ് എടുത്ത ആഫ്രിക്കക്കെതിരെ , മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ 77 റണ്ണിന് മൂന്നാം വിക്കെറ്റ് ആയി ഗാംഗുലിയും മടങ്ങുമ്പോള്‍ ആണ് അയാള്‍ വീണ്ടും ക്രീസിലേക്കു ഇറങ്ങുന്നത്!

വെള്ള വേഷത്തില്‍ ഈഡനില്‍ ഇതിനു മുന്‍പ് ഇറങ്ങിയപ്പോള്‍ എല്ലാം കാണികളെ കൈക്കുഴ കൊണ്ട് സ്വര്‍ഗം കാണിച്ച അയാള്‍ അക്കുറി ക്രീസിലേക്കു ഇറങ്ങുമ്പോള്‍ ഒരു ആരവവും ഉയര്‍ത്താത്ത ഗാലറി ഒരു വേറിട്ടൊരു കാഴ്ച ആയിരുന്നു, ഒരു പക്ഷെ 96ലെ സെമിയിലെ തോല്‍വിയും ഇംഗ്ലണ്ടിലെ മോശം പ്രകടനവും കാണികളെ അയാളില്‍ നിന്നും അകറ്റിയിരിക്കാം !

ആറ് റണ്ണുമായി ബാറ്റ് ചെയ്യുമ്പോള്‍ ബ്രയാന്‍ മാക്മില്ലന്റെ ബൗണ്‍സര്‍ അയാളുടെ എല്‍ബോയുടെ കരുത്തു പരീക്ഷിക്കുക ആണ് ! അയാളുടെ ടെസ്റ്റ് കരിയറില്‍ ആദ്യമായി അയാള്‍ പരിക്കേറ്റു മടങ്ങുന്ന കാഴ്ച!

പരിക്കേറ്റു മടങ്ങുന്ന അയാളെ നോക്കി കയ്യടിച്ച കാണികളുടെ കണ്ണില്‍ പരിഹാസമായിരുന്നോ ? അറിയില്ല !

161 റണ്ണിന് 7ാം വിക്കറ്റായി ശ്രീനാഥും മടങ്ങുമ്പോള്‍, ഫോളോ ഓണ്‍ എന്ന നാണക്കേടിനും ഇന്ത്യക്കും ഇടയില്‍ നില്‍ക്കുന്ന 29റണ്‍സ് എന്ന കടമ്പയെങ്കിലും ഒന്ന് കടന്നു കിട്ടിയാല്‍ മതി എന്ന് ഈഡനിലെ കാണികള്‍ എല്ലാവരും പ്രാര്‍ത്ഥിച്ചിരുന്ന നേരത്താണ് , ഡ്രസിങ് റൂമില്‍ ഇനിയും പാഡ് അണിയാനുള്ള പ്രസാദിനെയും , ഹിര്വാനിയെയും നോക്കി ഒന്ന് ചിരിച്ചു കൊണ്ട് പരിക്കേറ്റ കയ്യുമായി അയാള്‍ പതിയെ ക്രീസിലേക്ക് നടന്നടുക്കുന്നത് !

ആഫ്രിക്കക്കാര്‍ക്കു കൃത്യമായ പ്ലാന്‍ ഉണ്ടായിരുന്നു അയാള്‍ക്കെതിരെ ‘So, the plan was to bounce at the man. To go for his head.’

ഡൊണാള്‍ഡിന്റെയും , മാക്മില്ലന്റെയും ഷോര്‍ട് പിച്ചുകള്‍ക്കു പിന്‍ കാലില്‍ ഊന്നിക്കൊണ്ടുള്ള പഞ്ചുകള്‍ ആയിരുന്നു മറുപടി !
ബൗണ്‍സറുകള്‍ കൊണ്ടും വേഗം കൊണ്ടും അയാളെ ഭീതിപെടുത്താന്‍ ശ്രമിച്ച ക്ലൂസ്നര്‍ക്കു ലഭിച്ചത് ഒരോവറില്‍ ബൗണ്ടറി വരകള്‍ കടന്നു പോയ എണ്ണം പറഞ്ഞ അഞ്ചു ഷോട്ടുകള്‍ ആയിരുന്നു !

ഫോളോ ഓണ്‍ എന്ന നാണക്കേടില്‍ നിന്നും അയാളിലൂടെ പതിയെ പുറത്തു കടക്കുന്ന ഇന്ത്യ ! ദൈവത്തിന്റെ കൈക്കുഴയില്‍ കിടന്നു ആ റീബോക്കിന്റെ ബാറ്റ് ഉറക്കെ ശബ്ദിച്ചു കൊണ്ടേ ഇരുന്നപ്പോള്‍ അയാളുടെയും 50*(35) ഇന്‍ഡ്യയുടേം 250 സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ കുതിക്കുക ആയിരുന്നു ..

അവസാന അസ്ത്രം എന്നോണം ബാറ്റ്‌സ്മാന്റെ കണ്ണില്‍ പൊടിയിടുന്ന രീതിയില്‍ ഉള്ള ബൗളിംഗ് ആക്ഷനുമായി റൌണ്ട് ദി വിക്കറ്റില്‍ നിന്നും എറിയാന്‍ വരുന്ന ആഡംസ് ! ഷോര്‍ട് ആയി പിച്ച ചെയ്ത പന്തിനെ ഓഫ്സ്റ്റെമ്പിന്റെ വെളിയില്‍ നിന്നും തൂക്കിയെടുത്തു മിഡോണിനും മിഡ് വിക്കറ്റിനും ഇടയിലൂടെ ബൗണ്ടറിയേക്കുള്ള വഴി കാണിച്ചു കൊടുത്ത പുള്‍ഷോട്ടും ആയി സ്വാഗതം ചെയ്തു തന്റെ സ്‌കോര്‍ നൂറിലേക്കും ടീമിന്റെ സ്‌കോര്‍ മുന്നൂറിലേക്കും കടത്തി വിടുന്ന അയാള്‍ !

74 ബോളിലെ സെഞ്ച്വറി . ഇന്ത്യക്കാരന്റെ ടെസ്റ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന കപില്‍ ദേവിന്റെ റെക്കോര്‍ഡിന് ഒപ്പം !
മണിക്കൂറുകള്‍ക്കു മുന്‍പ് ഒരല്‍പം പരിഹാസത്തോടെ അയാളെ വീക്ഷിച്ച മിഴികളില്‍ നിന്നും കുറ്റബോധത്തിന്റെ നനവ് പൊടിയുന്ന കാണാന്‍ സുഖമുള്ള കാഴ്ച !

അയാള്‍ക്ക് വേണ്ടി കയ്യടിച്ചു ആര്‍പ്പു വിളിക്കുന്നവരുടെ മുന്നില്‍… സെഞ്ചുറിക്ക് ശേഷം ബാറ്റു ഉയര്‍ത്തിയോ , ഹെല്‍മെറ്റ് ഊരിയോ തങ്ങളെ അഭിസംബോധന ചെയ്യും എന്ന വിശ്വാസത്തില്‍ നിന്ന പതിനായിരത്തോളം കാണികളെ നിരാശരാക്കി കൊണ്ട് അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ , വെള്ള ഹെല്‍മെറ്റ് തലയില്‍ ഉറപ്പിച്ചു വെച്ച് , ബാറ്റു കൊണ്ട് തറയില്‍ മുട്ടിക്കൊണ്ടു അടുത്ത ബോളിനു തയ്യാറെടുത്തു കൊണ്ട് , മോശം പെരുമാറ്റം കൈവശമുള്ള ജനതയോട് എങ്ങനെയാണ് തന്റെ നിലപാട് എന്ന് വ്യക്തമാക്കികൊടുത്ത അയാള്‍ക്ക് മാത്രം സാധ്യമായ ഒരു മറുപടി !

ഒന്‍പതു റണ്‍സ് കൂടി ചേര്‍ത്തു അവസാനം അയാള്‍ ആഡംസിനു റിട്ടേണ്‍ ക്യാച് നല്‍കി പുറത്താകുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളില്‍ ഒന്ന് പിറന്നു കഴിഞ്ഞിരുന്നു ..

രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറിയും ആയി ഗാരി ക്രിസ്റ്റനും, എട്ടു വിക്കറ്റുമായി ക്ലൂസ്‌നരും ജ്വലിച്ചതോടെ ഇന്ത്യ 329 റണ്‍സിന് പരാജയപ്പെട്ട ആ മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സിലും ഉണ്ടായിരുന്നു അയാളുടെ പ്രതിഭ ആലേഖനം ചെയ്തു വെച്ച ഷോട്ടുകളുമായി വെട്ടിപ്പിടിച്ച 52റണ്‍സ് !

1988ല്‍ 278 റണ്‍സ് എടുത്ത ന്യൂസീലന്‍ഡിനെതിരെ, 133/5 എന്ന നിലയില്‍ പതറുമ്പോള്‍ , ആറാമത് ആയി ആയിറങ്ങിയ അജയ് ശര്‍മയെ കാഴ്ചക്കാരന് ആക്കി നിര്‍ത്തി 62 ബോളില്‍ സെഞ്ച്വറി അടിച്ചു ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയിലൂടെ ന്യൂസിലന്‍ഡിനെ കരയിപ്പിച്ച ഇന്നിംഗ്‌സ് !

ഇംഗ്ലീഷ് ക്രിക്കറ്റര്‍ വിക് മാര്‍ക്‌സ് ‘ താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും വിസ്മയകരമായ സെഞ്ച്വറി ‘ എന്ന് വിശേഷിപ്പിച്ച ലോര്‍ഡ്സിലെ ആ 88 ബോളിലെ സെഞ്ച്വറി !

ഓക്ലന്‍ഡില്‍ ന്യൂസീലാണ്ടില്‍ നിന്നും സമനില തട്ടിയെടുത്ത 192 റണ്‍സിന്റെ ആ മാജിക്കല്‍ ഇന്നിംഗ്‌സ് !
തുടങ്ങി എത്രയെത്ര ഇന്നിങ്സുകള്‍ !

തേര്‍ഡ് മാനില്‍ നിന്നും, ഷോര്‍ട് ലെഗില്‍ നിന്നു , മിഡോണില്‍ നിന്നു , ലോന്‍ഗോണില്‍ നിന്നും ബൗണ്ടറി ലക്ഷമാക്കി ഒഴുകുന്ന പന്തുകളെ അസാധ്യമായ വേഗതയോടെ ഓടിയെടുത്തു , ഓട്ടത്തിന്റെ പെയ്‌സ് ഒട്ടും കുറക്കാതെ തന്നെ റണ്ണിനായി ഓടുന്ന ബാറ്‌സ്മാന്റെ യും സ്റ്റാമ്പിന്റെയും പൊസിഷന്‍ അളന്നെടുത്തു എറിഞ്ഞു സ്റ്റാമ്പുകള്‍ മറച്ച എത്ര എത്ര ത്രോകള്‍ ! ഉരുണ്ടു വന്നിരുന്ന പന്തിനെ ഷൂ സോള്‍ കൊണ്ട് തട്ടിപൊക്കിയെടുത്തു തിരിഞ്ഞു നോക്കാതെ കീപ്പറുടെ കൈകളിലേക്കും , സ്റ്റമ്പിലേക്കും എല്ലാം ഒരു കംപ്യൂട്ടറിന്റെ കൃത്യതയോടെ എറിഞ്ഞു കൊടുത്ത് കാണികളെ വിസ്മയിപ്പിച്ച ഒരു മനുഷ്യന്‍ !

കപില്‍ ദേവ് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ ‘അയാള്‍ ഔട്ട് ഓഫ് ഫോം ആയാലും ഞാന്‍ അയാളെ ടീമില്‍ ഉള്‍പ്പെടുത്തും കാരണം അയാള്‍ മിനിമം ഒരു 25 റണ്‍സ് സേവ് ചെയ്യും അത് മതി എനിക്ക് ‘ ആ വാക്കുകളില്‍ ഉണ്ടായിരുന്നു ഫീല്‍ഡില്‍ അയാള്‍ എന്തായിരുന്നു എന്ന് വ്യക്തമാകാന്‍ !

മുകളിലെ രണ്ടു ബട്ടന്‍സ് അഴിച്ചിട്ടു ..
ടീഷര്‍ട്ടിന്റെ കോളര്‍ നിവര്‍ത്തി വച്ച് …
കഴുത്തില്‍ കറുത്ത ചരടില്‍ ചതുര ഏലസ്സും കെട്ടി,
വെള്ള ഹെല്‍മറ്റും വെച്ച് …..
റീബോക്കിന്റെ ബാറ്റും കൊണ്ട് ക്രീസില്‍ എത്തി ഫ്‌ലിക്കും, കട്ടും,ലെഗ് ഗ്ലാന്‍സും ,കൊണ്ട് കാണികളെ വേറെ ഏതോ മായികലോകത്തേക്കു കൂട്ടികൊണ്ടു പോയിരുന്ന ……
തൊണ്ണൂറുകളില്‍ എത്തിയാല്‍ ബൗണ്ടറികളിലൂടെ സെഞ്ച്വറി അടിക്കാന്‍ ശ്രമിച്ചിരുന്ന …..
തോല്‍ക്കുമെന്ന് ഉറപ്പിച്ചിരുന്ന കളികളെ തന്റെ തീരുമാനം കൊണ്ട് കൈവെള്ളയില്‍ ആക്കിയിരുന്ന …..
ക്രിക്കറ്റ് ഇന്ത്യ കണ്ട ഏറ്റവും മികച്ച സെലിബ്രിറ്റി ആയിരുന്ന ആ മനുഷ്യന് ‘ആ തെറ്റ്’ പറ്റാതിരുന്നെങ്കില്‍ ! ഒരു പക്ഷെ ഇന്ന് അയാള്‍ ആയിരുന്നേനെ ക്രിക്കറ്റിലെ രാജാവും രാജകുമാരനും എല്ലാം ……!

പണ്ടാരോ പറഞ്ഞത് പോലെ ‘കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട കാര്യത്തില്‍ അയാളെ വെറുക്കാം ! പക്ഷെ മറക്കാനാകില്ല !’
അതെ അസ്ഹര്‍ , നിങ്ങളെ മറന്നു കൊണ്ട് എങ്ങനെയാണു ഞങ്ങള്‍ ഈ ഗെയിമിന്റെ സൗന്ദര്യം ആസ്വദിക്കുന്നത് ?! ഒരിക്കല്‍ ഈ ഗെയിമിന്റെ സൗന്ദര്യം നിങ്ങള്‍ തന്നെ ആയിരുന്നല്ലോ !

കടപ്പാട്: സ്‌പോട്‌സ് പരഡൈസോ ക്ലബ്

You Might Also Like