കേരളം ഇന്ത്യയ്ക്ക് വഴികാണിക്കുന്നു, പ്രശംസകൊണ്ട് മൂടി ഇര്‍ഫാന്‍

കോവിഡ് 19നെ പ്രതിരോധിക്കുന്നതില്‍ കേരളം കാണിക്കുന്ന ജാഗ്രതയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനം ഫലപ്രദവും മാതൃകാപരവുമാണെന്ന് പത്താന്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് പത്താന്‍ കേരളത്തെ പ്രശംസകൊണ്ട് മൂടുന്നത്.

‘കൊറോണക്കെതിരായ കേരളത്തിന്റെ പോരാട്ടം ഫലപ്രദമാവുന്നു എന്നാണ് കരുതുന്നത്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ ഒരു പോസിറ്റീവ് കേസ് മാത്രമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തിയ സംസ്ഥാനം കേരളമാണ്’ ഇര്‍ഫാന്‍ പറയുന്നു.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കാണിച്ച മികവിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രശംസ വരവെയാണ് ഇര്‍ഫാന്‍ പഠാനും അഭിനന്ദനവുമായി എത്തിയത്. നേരത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വഡോദരയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായഹസ്തവുമായും പത്താന്‍ സഹോദരങ്ങള്‍ എത്തിയിരുന്നു.

നേരത്തെ കോവിഡിനെതിരെ കേരളം പുലര്‍ത്തുന്ന ജാഗ്രതയെ പ്രശംസിച്ച് ഇന്ത്യന്‍ താരം ആര്‍ അശ്വിനും രംഗത്ത് വന്നിരുന്നു.

You Might Also Like