സൂര്യകുമാറിന് ടീം ഇന്ത്യയിലേക്ക് വാതില്‍ തുറക്കുന്നു, സഞ്ജുവിനും സാധ്യത

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിര ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിന് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചേക്കുമന്ന്് റിപ്പോര്‍ട്ട്. ഐപിഎല്‍ സീസണിലെ പ്രകടനങ്ങള്‍ കണക്കിലെടുത്ത് ഫിനിഷര്‍ റോളില്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തി.

രോഹിത്, ധവാന്‍, രാഹുല്‍, കോലി എന്നിവര്‍ ടീമിലേക്ക് ഓട്ടോമാറ്റിക്കായി തിരഞ്ഞെടുക്കപ്പെടും. ശ്രേയാസ് അയ്യരും ഏറെക്കുറെ ഉറപ്പാണ്. ആറാം നമ്പറില്‍ മനീഷ് പാണ്ഡെ, സൂര്യകുമാര്‍ എന്നിവരെയാണ് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. റിഷഭ് പന്തിന്റെ അസ്ഥിരതയും സൂര്യകുമാറിനു നറുക്ക് വീഴാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്.

”കഴിഞ്ഞ മൂന്ന് വര്‍ഷമായി സൂര്യ സ്ഥിരതയോടെ പ്രകടനം നടത്തുന്നുണ്ട്. റിഷഭ് പന്തിനു സ്ഥിരതയുണ്ടായിരുന്നു എങ്കില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെട്ടേനെ. എന്നാല്‍, വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ രാഹുല്‍ അവസരങ്ങള്‍ മുതലെടുക്കുമ്പോള്‍ അത് സൂര്യകുമാറിനു മുന്നില്‍ വാതിലുകള്‍ തുറക്കുകയാണ്.”

ഹര്‍ദ്ദിക് പാണ്ഡ്യ പന്ത് എറിയാത്തതു കൊണ്ട് തന്നെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി പാണ്ഡ്യയെ ടീമിലെടുക്കാന്‍ ഇടയില്ലെന്നും പ്രസാദ് പറഞ്ഞു. വിജയ് ശങ്കര്‍, ശിവം ദുബേ എന്നീ ഓപ്ഷനുകള്‍ ഉള്ളതുകൊണ്ട് പാണ്ഡ്യ പുറത്തിരിക്കാനിടയുണ്ട്. സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സഞ്ജുവും ശുഭ്മന്‍ ഗില്ലും മുന്‍നിരയിലാണ് ബാറ്റ് ചെയ്യേണ്ടതെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു

You Might Also Like