അവനെ വീണ്ടും ടി20 ടീമിലേക്ക് പരിഗണിക്കുന്നു, സഞ്ജു പുറത്തേക്ക്

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് കുറച്ച് നാളായി പുറത്തായ റിഷഭ് പന്ത് ടീമിലേക്ക് തിരിച്ചെത്തുന്നു. ഓസ്‌ട്രേലിയക്കും ഇന്ത്യയ്ക്കും എതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പുറത്തെടുത്ത തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലേക്ക് പന്തിനെ പരിഗണിക്കാന്‍ കാരണം.

ഇതോടെ മലയാളി താരം സഞ്ജു സാസംസണിനാകും തിരിച്ചടിയാകുക. പന്തിന്റെ വരവോടെ സഞ്ജുവിന്റെ ടീമിലെ സ്ഥാനം ചോദ്യചിഹ്നമാകും.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ സിലക്ടര്‍മാര്‍ ഉടന്‍ യോഗം ചേരുന്നുണ്ട്. ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുപിന്നാലെ ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനേയും ഇതേ യോഗത്തില്‍ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം നടക്കേണ്ട ട്വന്റി20 ലോകകപ്പ് മുന്‍നിര്‍ത്തി പ്രധാന ടീമിനൊപ്പം പരിശീലിക്കുന്നതിന് ആഭ്യന്തര ക്രിക്കറ്റിലെ ട്വന്റി20 സ്‌പെഷലിസ്റ്റുകളെ അണിനിരത്തി ഒരു ‘എ ടീം പൂള്‍’ സൃഷ്ടിക്കുന്ന കാര്യവും സിലക്ടര്‍മാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ എ ടീമിന് മുന്‍പത്തേതുപോലെ വിദേശ പര്യടനങ്ങളോ മത്സരങ്ങളോ ഇല്ലാത്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീമിനൊപ്പവും ദേശീയ ക്രിക്കറ്റ് അക്കാദമിയിലുമായി പരിശീലിക്കുന്നതിന് ട്വന്റി20 താരങ്ങളുടെ പ്രത്യേക പൂള്‍ ഒരുക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎലിലും മികവു തെളിയിച്ച സൂര്യകുമാര്‍ യാദവ്, നിതീഷ് റാണ, ഇഷാന്‍ കിഷന്‍, സിദ്ധാര്‍ഥ് കൗള്‍ തുടങ്ങിയ താരങ്ങള്‍ ഈ പൂളിന്റെ ഭാഗമായിരിക്കും. ഇന്ത്യന്‍ ട്വന്റി20 ടീമിലെ സ്റ്റാന്റ്‌ബൈ താരങ്ങളായിരിക്കും ഇവരെന്ന് ബിസിസിഐ ഔദ്യോഗികമായിത്തന്നെ അറിയിച്ചിട്ടുണ്ട്. ഡല്‍ഹി ക്യാപ്റ്റനായ നിതീഷ് റാണയെ ഇത്തവണ വിജയ ഹസാരെ ട്രോഫിക്കുള്ള ടീമിന്റെ നായകസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയത് ഇതു മുന്‍നിര്‍ത്തിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

You Might Also Like