ഇന്ത്യ-ഓസീസ് മത്സര ക്രമം പ്രഖ്യാപിച്ചു, ഒട്ടേറെ മാറ്റങ്ങള്‍

Image 3
CricketTeam India

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ മല്‍സരക്രമം പ്രഖ്യാപിച്ചു. ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ പര്യടനം തുടങ്ങുക. പിന്നാലെ ടി20, ടെസ്റ്റ് പരമ്പരകളും നടക്കും. ഐപിഎല്‍ അവസാനിക്കുന്നതിനു പിന്നാലെ ടീം ഇന്ത്യ ഓസ്ട്രേലിയയിലേക്കു പറക്കും. ഓസീസുമായി അവരുടെ നാട്ടില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്.

നവംബര്‍ 27നാണ് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യത്തെ മല്‍സരം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടാണ് ആദ്യ മല്‍സരത്തിനു ആതിഥേയത്വം വഹിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തുടങ്ങുന്നത് ഡിസംബര്‍ നാലിനാണ്. കാന്‍ബെറയാണ് വേദി.

VIRAT KOHLI

ഐപിഎല്‍ ഫൈനല്‍ നവംബര്‍ 10നാണ് നടക്കുന്നത്. ഇതിനു ശേഷം ദുബായില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ ഓസ്ട്രേലിയയിലേക്കു തിരിക്കും. നവംബര്‍ ആദ്യവാരം മുഖ്യ കോച്ച് രവി ശാസ്ത്രി, ടെസ്റ്റ് ടീമിന്റെ ഭാഗമായ ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി എന്നിവര്‍ ദുബായിലെത്തുമെന്നാണ് വിവരം. തുടര്‍ന്ന് ഇവര്‍ ആറു ദിവസം ഇവിടെ ക്വാറന്റീനില്‍ കഴിയും. അതിനു ശേഷമാണ് ഓസ്ട്രേലിയയിലേക്കു മുഴുവന്‍ സംഘത്തിനുമൊപ്പം യാത്ര തിരിക്കുക.

ഇതാദ്യമായാണ് ഇന്ത്യയുടെ ഓസീസ് പര്യടനം നിശ്ചിത ഓവര്‍ പരമ്പരയോടെ ആരംഭിക്കുന്നത്. മുന്‍ പര്യടനങ്ങളില്‍ ടെസ്റ്റ് പരമ്പരയായിരുന്നു ഇന്ത്യ ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യം കളിച്ചിരുന്നത്. സിഡ്നിയിലായിരിക്കും ഇന്ത്യന്‍ ടീം ക്യാംപ് ചെയ്യുക. ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയും ന്യൂ സൗത്ത് വെയ്ല്‍സ് സര്‍ക്കാരും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്.

ഒരു പിങ്ക് ബോള്‍ ടെസ്റ്റുമുള്‍പ്പെടെ നാലു ടെസ്റ്റുകളാണ് ഇന്ത്യ ഓസ്ട്രേലിയന്‍ മണ്ണില്‍ കളിക്കുക. അഡ്ലെയ്ഡാണ് പകലും രാത്രിയുമായുള്ള ടെസ്റ്റിനു ആതിഥേയത്വം വഹിക്കുക. നിലവില്‍ ഓസ്ട്രേലിയയിലെ പല പ്രമുഖ താരങ്ങളും യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, സൂപ്പര്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍ സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരെല്ലാം ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. ഐപിഎല്ലിനു ശേഷം ഓസീസ് താരങ്ങളും ദുബായില്‍ നിന്നു സിഡ്നിയിലായിരിക്കും വിമാനമിറങ്ങുക. ഓസീസ് ടീമിനും ഇവിടെയാണ് പരിശീലന സൗകര്യമൊരുക്കിയിട്ടുള്ളത്.

ഇന്ത്യയുടെ ഓസീസ് പര്യടനം- ഷെഡ്യൂള്‍

ആദ്യ ഏകദിനം- നവംബര്‍ 27 (സിഡ്നി)

രണ്ടാം ഏകദിനം- നവംബര്‍ 29 (സിഡ്നി)

മൂന്നാം ഏകദിനം- ഡിസംബര്‍ 1 (കാന്‍ബെറ)

ആദ്യ ടി20 മല്‍സരം- ഡിസംബര്‍ 4 (കാന്‍ബെറ)

രണ്ടാം ടി20 മല്‍സരം- ഡിസംബര്‍ 6 (സിഡ്നി)

മൂന്നാം ടി20 മല്‍സരം- ഡിസംബര്‍ എട്ട് (സിഡ്നി)

ആദ്യ ടെസ്റ്റ്- ഡിസംബര്‍ 17-22 (അഡ്ലെയ്ഡ് ഓവല്‍)

രണ്ടാം ടെസ്റ്റ്- ഡിസംബര്‍ 26-31 (മെല്‍ബണ്‍)

മൂന്നാം ടെസ്റ്റ്- ജനുവരി 7- 11 (സിഡ്നി)