ടീം ഇന്ത്യയില്‍ താക്കൂറിനും സിറാജിനും ഇനി നിര്‍ണ്ണായക റോള്‍, ജഡേജ പുറത്തേക്ക്
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ന്യുസിലന്‍ഡിനെതിരായ വന്‍ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ വരുന്നത് വന്‍ മാറ്റങ്ങള്‍. ചില റിപ്പോര്‍ട്ട് അനുസരിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ നാലാമനായി ഇറങ്ങുന്ന കോഹ്ലി ഇംഗ്ലണ്ട് സീരീസ് മുതല്‍ പുജാരയുടെ സ്ഥാനത്ത് ഇറങ്ങിയേക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. പൂജാരയ്ക്ക് ടീമില്‍ സ്ഥാനം നഷ്ടമാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
മധ്യനിരയിലാണ് ഇന്ത്യയുടെ മറ്റൊരു സുപ്രധാനമായ മാറ്റം. കെഎല്‍ രാഹുല്‍ മധ്യനിരയില്‍ തിരിച്ചെത്തുമെന്നാണ് പുറത്ത് വരുന്ന മറ്റൊരു മാറ്റം. പേസ് ബൗളര്‍ ഷാര്‍ദുല്‍ താക്കൂറും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. ഓള്‍ റൗണ്ടറായിട്ടായിരിക്കും ഷാര്‍ദുല്‍ കളിയ്ക്കുക. അങ്ങനെയെങ്കില്‍ വെറ്ററല്‍ താരം രവീന്ദ്ര ജഡേജ ടീമില്‍ നിന്നും പുറത്താകും.
ഫൈനല്‍ മത്സരത്തില്‍ അവസരം ലഭിക്കാത്ത മുഹമ്മദ് സിറാജിനെ ഇംഗ്ലണ്ട് സീരീസില്‍ മുഴുവന്‍ മത്സരങ്ങളിലും ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചും മാനേജ്മെന്റ് ചര്‍ച്ച ചെയ്യുകയാണ്. ഫൈനല്‍ മത്സരത്തില്‍ സിറാജിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു.
ടീമില്‍ മാറ്റമുണ്ടാകുമെന്ന് ഇതിനോടകം തന്നെ കോഹ്ലി വ്യക്തമാക്കി കഴിഞ്ഞു. ‘ഒരു ടീമെന്ന നിലയില്‍ എവിടെയാണ് തെറ്റുകള്‍ പറ്റിയതെന്നും എവിടെയാണ് തിരുത്തേണ്ടതെന്ന് മനസ്സിലാക്കി ശരിയായ ദിശയിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്. ആ തീരുമാനങ്ങള്‍ തീര്‍ച്ചയായും ഞങ്ങളെടുക്കും ഭാവിയില്‍ അതിനെ പറ്റി കൂടുതല്‍ ചര്‍ച്ചകളുണ്ടാകും. ഭയമില്ലാതെ കളിക്കുന്ന ടീമിനെ വാര്‍ത്തെടുക്കണം. ശരിയായ മൈന്‍ഡ്‌സെറ്റുള്ള ശരിയായ കളിക്കാരെ ടീമിലെടുക്കണം.” മത്സരശേഷം കോഹ്ലി പറഞ്ഞത്.
ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിയ്ക്കുന്നത്. ടെസ്റ്റ് പരമ്പര തോറ്റ നാണക്കേട് ഒഴിവാക്കാന്‍ പരമ്പരയില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ച്ചവെച്ചേ തീരു.