സീനിയേഴ്‌സ് തിരിച്ചെത്തും, പരാഗിന് സര്‍പ്രൈസ് അരങ്ങേറ്റം, ഇന്ത്യന്‍ ടീം ഇങ്ങനെ

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തിന് നാളെ കൊളംബോയില്‍ തുടക്കമാകും. ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം നേടിയെങ്കിലും, ഏകദിന ടീമില്‍ നിരവധി മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. 2023 ലോകകപ്പ് ഫൈനലിന് ശേഷം രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഏകദിനത്തില്‍ തിരിച്ചെത്തുന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ടി20 ടീമിലെ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, റിങ്കു സിംഗ്, രവി ബിഷ്ണോയ് തുടങ്ങിയ താരങ്ങള്‍ ഏകദിന ടീമില്‍ ഇടം നേടിയിട്ടില്ല. എന്നാല്‍, റിയാന്‍ പരാഗ്, അക്സര്‍ പട്ടേല്‍, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ്, ശിവം ദുബെ, റിഷഭ് പന്ത് എന്നിവര്‍ ഏകദിന ടീമില്‍ തുടരുന്നു.
സാധ്യതാ ടീമില്‍ ആരൊക്കെ?
ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും സ്ഥാനം ഉറപ്പാണ്. മൂന്നാം നമ്പറില്‍ വിരാട് കോഹ്ലി എത്തുമെന്നുറപ്പാണ്. തുടര്‍ന്ന് ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ക്രമത്തില്‍ ക്രീസിലെത്തും. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഫിനിഷറുടെ റോളില്‍ റിഷഭ് പന്തിനെയോ റിയാന്‍ പരാഗിനെയോ ശിവം ദുബെയെയോ പരീക്ഷിക്കാനാണ് സാധ്യത. പാര്‍ട്ട് ടൈം സ്പിന്നര്‍ കൂടിയായ റിയാന്‍ പരാഗിന് ഏകദിന അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കാം.
രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്സര്‍ പട്ടേലാകും സ്പിന്‍ ഓള്‍ റൗണ്ടറുടെ റോളില്‍ തിളങ്ങുക. സ്പെഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് ടീമിലെത്തുമ്പോള്‍, ടി20 പരമ്പരയിലെ താരമായ വാഷിംഗ്ടണ്‍ സുന്ദറിന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്. കുല്‍ദീപ്, അക്സര്‍, പരാഗ് എന്നിവരുടെ സാന്നിധ്യമാണ് സുന്ദറിന് വെല്ലുവിളിയാകുന്നത്.
ടി20 പരമ്പരയില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും ജസ്പ്രീത് ഭുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനില്‍ തുടരും. ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസറായ ഹര്‍ഷിത് റാണയ്ക്കും അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കാം. സിറാജിനും ഹര്‍ഷിതിനുമൊപ്പം അര്‍ഷ്ദീപ് സിംഗും പ്ലേയിംഗ് ഇലവനില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍:
രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍)
ശുഭ്മാന്‍ ഗില്‍
വിരാട് കോലി
ശ്രേയസ് അയ്യര്‍
കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍)
റിയാന്‍ പരാഗ്
അക്സര്‍ പട്ടേല്‍
കുല്‍ദീപ് യാദവ്
ഹര്‍ഷിത് റാണ
അര്‍ഷ്ദീപ് സിംഗ്
മുഹമ്മദ് സിറാജ്