ഇന്ത്യയെ നിര്‍ഭാഗ്യം വേട്ടയാടുകയാണോ?, ഫൈനല്‍ ദുരന്തത്തിന്റെ സൂചനകളാണ് പുറത്ത് വരുന്നത്

Image 3
CricketTeam India

കെ നന്ദകുമാര്‍പിള്ള

മഴ ദൈവങ്ങള്‍ക്ക് ഇന്ത്യയോട് എന്തോ ഒരു അനിഷ്ടം ഉള്ളതുപോലെ.. ഇന്ത്യ കളിച്ച പ്രധാനപ്പെട്ട പല പ്രധാനപ്പെട്ട ഫൈനല്‍/സെമി ഫൈനല്‍ മത്സരങ്ങളിലും മഴയുടെ ഇടപെടല്‍ നടന്നിട്ടുണ്ട്. അതുകൊണ്ടു മാത്രം, പല മത്സരങ്ങളിലും ഇന്ത്യയുടെ വിജയത്തെ ബാധിച്ചിട്ടുമുണ്ട്.

19 വര്‍ഷം മുന്‍പ്, അതായത് 2002 ലെ ഇന്ത്യ – ശ്രീലങ്ക ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍. ടീം മികച്ച ഫോമിലുള്ള സമയം. 223 എന്ന താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടരുമ്പോഴാണ് ആദ്യമായി അത് സംഭവിച്ചത്. നിര്‍ത്താതെ പെയ്ത മഴ, ഇന്ത്യയുടെ വിജയം തടഞ്ഞു. ട്രോഫി ശ്രീലങ്കയുമായി പങ്ക് വെക്കേണ്ടി വന്നു.

2013 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും കഥ വ്യത്യസ്തമായിരുന്നില്ല. അന്ന് ജയിക്കാനായി വന്ന മഴയെയും ഇംഗ്ലണ്ടിനെയും പൊരുതി കീഴടക്കി ഇന്ത്യ കപ്പ് നേടി.

2019 ലോകകപ്പ് സെമിയില്‍ മഴ കളിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യ ഫൈനല്‍ കളിച്ചേനെ എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പൊതുവെ സ്വിങ് ബൗളിങ്ങിന് അനുകൂലമായ ഓള്‍ഡ് ട്രാഫൊര്‍ഡിലെ പിച്ചില്‍, മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചതാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തെറിയാന്‍ മാറ്റ് ഹെന്റിയെയും ട്രെന്റ് ബൗള്‍ട്ടിനെയും സഹായിച്ചത് എന്നാണ് എന്റെ പക്ഷം. തെളിഞ്ഞ കാലാവസ്ഥയില്‍, തടസങ്ങള്‍ ഇല്ലാതെ ആ മത്സരം നടന്നിരുന്നെങ്കില്‍….. രോഹിത് ശര്‍മയും ഇന്ത്യന്‍ ആരാധകരും കരയേണ്ടി വരുമായിരുന്നോ???

2021.. ഇന്ത്യ കളിക്കുന്ന മറ്റൊരു ഫൈനല്‍ … മഴയ്ക്ക് വെറുതെ ഇരിക്കാന്‍ ആകുമോ… വന്നിട്ടുണ്ട് സര്‍വ സന്നാഹങ്ങളുമായി. ഇനിയുള്ള അഞ്ച് ദിവസങ്ങളില്‍ ന്യൂസിലന്ഡിനെയും മഴയെയും തോല്പിച്ച് ജേതാക്കളാകാന്‍ ഇന്ത്യക്ക് സാധിക്കുമോ.. ഇപ്രാവശ്യം അത് സംഭവിക്കും എന്ന് തന്നെയാണ് എന്റെ പക്ഷം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍