ക്രിക്കറ്റില്‍ എന്തും സംഭവിക്കാം, അപൂര്‍വ്വ ജീനാണ് ടീം ഇന്ത്യയിലെത്തിയിരിക്കുന്നത്, അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കുക

Image 3
CricketTeam India

കെ നന്ദകുമാര്‍ പിള്ള

അര്‍സാന്‍ നാഗസ് വാല .. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാന്‍ഡ് ബൈ പ്ലയെര്‍ ആയി ഈ കളിക്കാരനെ ഉള്‍പ്പെടുത്തി എന്ന് കേട്ടപ്പോള്‍ അദ്ഭുതം തോന്നി. ആരാണയാള്‍ ? ഈ ഒരു പേര് ഡൊമസ്റ്റിക് ഇന്ത്യന്‍ ക്രിക്കറ്റ് സര്‍ക്യൂട്ടില്‍ കേട്ടിട്ടേയില്ല (എന്റെ കാര്യമാണ് പറഞ്ഞത്).

അങ്ങനെയാണ് അയാളുടെ പ്രൊഫൈല്‍ ചെക്ക് ചെയ്യാന്‍ തീരുമാനിച്ചത്. മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളര്‍ ആണ് നാഗസ് വാല . ഗുജറാത്തില്‍ നിന്നുള്ള ലെഫ്റ്റ് ആം ബൗളര്‍. മൂന്നു വര്‍ഷമായി രഞ്ജി കളിക്കുന്നു. ഇതുവരെയായി 16 മത്സരങ്ങളില്‍ നിന്ന് 62 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. മോശമല്ലാത്ത പ്രകടനം. തന്റെ മൂന്നാം മത്സരത്തില്‍ തന്നെ, മുംബൈക്കെതിരെ 5 വിക്കറ്റ് പ്രകടനം നടത്തിയതോടു കൂടിയാണ് നാഗസ് വാല ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സൂര്യകുമാര്‍ യാദവ്, ആദിത്യ താരേ, സിദ്ധേഷ് ലാഡ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ വിക്കറ്റുകളാണ് അയാള്‍ അന്ന് വീഴ്ത്തിയത്.

ഒരു ഐപില്‍ ടീമിന്റെ നെറ്റ് ബൗളര്‍ എങ്ങനെ ഇന്ത്യന്‍ ടീമിന്റെ സ്റ്റാന്‍ഡ് ബൈ ആയി തിരഞ്ഞെടുക്കപ്പെട്ടു? ഉത്തരം ഇതാണ് : 140 കിലോമീറ്റര്‍ സ്പീഡില്‍ വരെ പന്തെറിയാന്‍ കഴിവുള്ള ബൗളറാണ് നാഗസ് വാല. മാത്രവുമല്ല രണ്ടു സൈഡിലേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവും ഈ യുവാവിനുണ്ട്.

ഇന്ത്യയില്‍ പൊതുവെ ലെഫ്റ്റ് ആം ഫാസ്റ്റ് ബൗളേഴ്സ് കുറവാണ്. നടരാജന്‍, ഖലീല്‍ അഹമ്മദ്, ജയദേവ് ഉനദ്കട് ഇവര്‍ക്കപ്പുറം ദേശീയ തലത്തില്‍ മികച്ച ലെഫ്റ്റ് ആം ബൗളേഴ്സിനെക്കുറിച്ച് നമ്മള്‍ അധികം കേട്ടിട്ടില്ല. നടരാജന് പരിക്കേറ്റ് ഇരിക്കുന്ന സാഹചര്യത്തില്‍ ഈ ബൗളറുടെ സാന്നിധ്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തീര്‍ച്ചയായും ഗുണം ചെയ്യും.

ട്രെന്റ് ബോള്‍ട്ട്, നീല്‍ വാഗ്‌നര്‍ തുടങ്ങിയ ന്യൂസിലാന്‍ഡ് ലെഫ്റ്റ് ആം ബൗളേഴ്സിനെ നേരിടുന്നതിന് പരിശീലിക്കാന്‍ നാഗസ് വാലയുടെ പന്തുകള്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ സഹായിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. (ഓര്‍ക്കുക, നടരാജന്‍ ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ടീമിന്റെ നെറ്റ് ബൗളര്‍ ആയിരുന്നു. പിന്നീട് എന്ത് സംഭവിച്ചു എന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്കറിയാം.)

ക്രിക്കറ്റില്‍ എന്തും സംഭവിക്കാം. ഒരു പ്രകടനം മതി എല്ലാം മാറി മറിയാന്‍.

മാത്രവുമല്ല, 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാഴ്‌സി കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഒരു കളിക്കാരന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്. അയാള്‍ക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍