ഷമി തിരിച്ചെത്തുന്നു, സൂര്യകുമാറിന് അരങ്ങേറ്റത്തിന് വഴിയൊരുങ്ങി

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ പേസ് ബൗളര്‍മാരായ മുഹമ്മദ് ഷമിയും നവദീപ് സെയ്നിയും മടങ്ങിയെത്തുന്നു.മൂന്ന് ഏകദിനങ്ങളാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുന്നത്.

ഓസ്ട്രേലിയക്കെതിരേ അഡ്ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കളിക്കവെയായിരുന്നു ഷമിയുടെ കൈക്കുഴയ്ക്കു പരിക്കേറ്റത്. തുടര്‍ന്നു അദ്ദേഹം നാട്ടിലേക്കു മടങ്ങുകയായിരുന്നു. പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനായ ഷമി 10 ദിവസങ്ങള്‍ക്കു മുമ്പ് പരിശീലനം ആരംഭിച്ചതായും മാച്ച് ഫിറ്റ്നസ് വൈകാതെ വീണ്ടെടുക്കുമെന്നുമാണ് വിവരം.

കൂടാതെ ടെസ്റ്റില്‍ ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഇംഗ്ലണ്ടിനെതിരേയുള്ള നിശ്ചിത ഓവര്‍ പരമ്പരകളില്‍ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിച്ചേക്കും. നേരത്തേ ഏകദിന, ടി20 ടീമുകളുടെ ഭാഗമായിരുന്നു അദ്ദേഹം. എന്നാല്‍ മോശം പ്രകടനത്തെ തുടര്‍ന്നു പന്തിനു സ്ഥാനം നഷ്ടമാവുകയായിരുന്നു. പകരക്കാരനായി കെഎല്‍ രാഹുലിനെ ഇന്ത്യ ദൗത്യമേല്‍പ്പിക്കുകയും ചെയ്തു.

ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഹീറോസില്‍ ഒരാളായിരുന്ന പന്ത് ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയിലും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

മികച്ച ഫോമിലുള്ള യുവ ബാറ്റ്സ്മാന്‍ സൂര്യകുമാര്‍ യാദവിന് ഇംഗ്ലണ്ടിനെതിരേയുള്ള ടി20 പരമ്പരയില്‍ അരങ്ങേറാന്‍ അവസരം ലഭിക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ യാദവിന് ഇമന്ത്യ ഇതുവരെ അരങ്ങേറാന്‍ അവസരം നല്‍കാതിരുന്നത് വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു.

ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് മുന്നില്‍ കണ്ട് പല യുവതാങ്ങള്‍ക്കും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യ അവസരം നല്‍കിയേക്കും. ഇഷാന്‍ കിഷന്‍, നിതീഷ് റാണയടക്കം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന യുവതാരങ്ങള്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമാവുമെന്നാണ് വിവരം.