ഇത്തവണ ലോകകപ്പ് ഇന്ത്യ സ്വന്തമാക്കും, വമ്പന്‍ പ്രവചനവുമായി ഇംഗ്ലണ്ട് നായകന്‍

ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യ സ്വന്തമാക്കാനാണ് സാധ്യതയെന്ന് പ്രവചനവുമായി ഇന്ത്യയുടെ കടുത്ത വിമര്‍ശകനും മുന്‍ ഇംഗ്ലണ്ട് നായകനുമായ മൈക്കല്‍ വോണ്‍. ഇന്ത്യയുടെ ഏകദിനത്തിലെ ശൈലിയും സമീപനവും മാറിയതാണ് ഇന്ത്യയുടെ ലോകകപ്പ് കിരീട സാധ്യത ഉയര്‍ത്തുന്നതെന്നാണ് മൈക്കല്‍ വോണ്‍ വിലയിരുത്തുന്നത്. ട്വിറ്ററിലൂടെയാണ് വോണിന്റെ പ്രവചനം.

‘ഇന്ത്യ ഒടുവില്‍ ആക്രമണോത്സകതയോടെ ഏകദിനം കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ലോകകപ്പിലെ ഫേവറേറ്റുകളായി ഇന്ത്യ മാറുന്നു’-വോണ്‍ ട്വീറ്റ് ചെയ്തു.

പൊതുവേ ഇന്ത്യയെ പരിഹസിക്കാന്‍ സമയം കണ്ടെത്തുന്നയാളാണ് മൈക്കല്‍ വോണ്‍. ഇന്ത്യയുടെ മോശം പ്രകടനങ്ങളെ വോണ്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ട്രോളുന്നതും ഇതിന് മറുപടിയുമായി വസിം ജാഫര്‍ എത്തുന്നതും ആരാധകരെ എപ്പോഴും രസിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തിയാണ് ഇന്ത്യ ഫേവറേറ്റുകളാണെന്ന് വോണ്‍ പറയാനുള്ള കാരണം.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയും അനായാസം സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ ഫോമിലേക്ക് തിരിച്ചെത്തിയതും ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്നു. ഈ വര്‍ഷം അവസാനമാണ് ഏകദിന ലോകകപ്പ് നടക്കുന്നത്.

You Might Also Like