ടീം ഇന്ത്യ രണ്ട് ടീമാകുന്നു, രണ്ടും കല്‍പിച്ച് ബിസിസിഐ

കോവിഡ് 19 സംഹാര താണ്ഡവം ആടിയതിനെ തുടര്‍ന്ന് ബിസിസിഐയ്ക്ക് നേരിട്ട കനത്ത സാമ്പത്തി നഷ്ടം നികത്താന്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങി ബിസിസിഐ. ടീം ഇന്ത്യയെ രണ്ട് ടീമാക്കി മാറ്റി ഒരേസമയം രണ്ട് രാജ്യങ്ങളുമായി പരമ്പര കളിയ്ക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.
ഐപിഎല്ലും ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനവുമെല്ലാം കോവിഡ് കാരണം ബിസിസിഐയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇത്തരത്തിലുണ്ടായ വന്‍സാമ്പത്തിക നഷ്ടം നികത്താനാണ് ബിസിസിഐ പുതുവഴി തേടുന്നത്.
രണ്ട് ടീമിനെ കളത്തിലിറക്കിയാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാമെന്നും, ഇത് മൂലം നിലവില്‍ സംഭവിച്ച സാമ്പത്തിക നഷ്ടം നികത്താമെന്നുമാണ് ബിസിസിഐ കരുതുന്നത്. പ്രതിഭാധാരാളിത്തമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇതൊരു വെല്ലുവിളി ആയിരിക്കില്ലെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്.
ഇത്തരമൊരു രീതി നടപ്പിലായാല്‍ കോഹ്ലിക്ക് കീഴില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ടെസ്റ്റ് കളിച്ച് പിറ്റേ ദിവസം, കെ എല്‍രാഹുലിന് കീഴില്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ ടി20 കളിക്കുന്നത് ആരാധകര്‍ക്ക് കാണാന്‍ കഴിയും.
അതേ സമയം രണ്ട് വ്യത്യസ്ത ടീമുകളെ ഒരേ സമയം കളത്തിലിറക്കുന്ന രീതി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പണ്ടേ പരീക്ഷിച്ചതാണ്. 2017 ലായിരുന്നു ഇത്. അന്ന് സ്റ്റീവ് സ്മിത്ത് നയിച്ച ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം ഇന്ത്യയില്‍ കളിച്ചപ്പോള്‍, ആരോണ്‍ ഫിഞ്ച് നായകനായ ഓസ്‌ട്രേലിയന്‍ ടി20 ടീം, നാട്ടിലും പരമ്പര കളിച്ചിരുന്നു.