ഇന്ത്യന്‍ താരങ്ങള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ബിസിസിഐ

ഇംഗ്ലണ്ടിലേക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി പോകുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ കുടുംബാംഗങ്ങള്‍ക്കും അനുമതി നല്‍കി ബിസിസിഐ. മേയ് 25ന് ഇന്ത്യന്‍ ടീം ഒരുമിച്ചെത്തിയ ശേഷം എട്ട് ദിവസത്തെ ക്വാറന്‍ഡീന് വിധേയരാകുമെന്നും അതിന് ശേഷം ജൂണ്‍ 2ന് ടീം ഇംഗ്ലണ്ടിലേക്ക് യാത്രയാകുമെന്നും ബിസിസിഐ വക്താവ് അറിയിച്ചു.

അവിടെ ചെന്ന ശേഷവും ടീം ഇന്ത്യ വീണ്ടും ക്വാറന്‍ഡീനില്‍ പ്രവേശിക്കും. 10 ദിവസത്തെ ക്വാറഡീനിലായിരിക്കും ഇന്ത്യ ഇംഗ്ലണ്ടില്‍ കഴിയുക. എന്നാല്‍ അതിനൊപ്പം നിയന്ത്രിതമായ പരിശീലനം ടീമിന് നടത്തുവാനുള്ള അനുമതിയുണ്ടാകുമെന്നും ബിസിസിഐ വക്താവ് അറിയിച്ചു.

അതെസമയം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊവിഷീല്‍ഡ് വാക്സീന്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് ബിസിസിഐ അറിയിച്ചു. ഐപിഎല്‍ റദ്ദാക്കിയതോടെ കളിക്കാര്‍ ബയോ-ബബിളിന് പുറത്താണ്.

താരങ്ങള്‍ അവരവരുടെ നാട്ടില്‍ വാക്സീന്‍ സ്വീകരിക്കുമ്പോള്‍ കൊവിഷീല്‍ഡാണെന്ന് ഉറപ്പാക്കണമെന്നാണ് ബിസിസിഐ നിര്‍ദേശം. ഇപ്പോള്‍ ആദ്യ ഡോസെടുക്കുന്ന താരങ്ങള്‍ വൈകാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഇംഗ്ലണ്ടിലേക്ക് പോകും. രണ്ടാമത്തെ ഡോസ് ഇംഗ്ലണ്ടില്‍ നിന്നാവും താരങ്ങള്‍ക്ക് സ്വീകരിക്കേണ്ടിവരുക. കൊവിഷീല്‍ഡ് ഇംഗ്ലണ്ടിലും ലഭ്യമായതിനാലാണ് ബിസിസിഐ ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്.

ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.

സ്റ്റാന്‍ഡ്ബൈ താരങ്ങള്‍

അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല.

 

You Might Also Like