ഇന്ത്യയ്ക്കാരനായിരുന്നെങ്കില്‍ ഒരിക്കലും കളിക്കാനാകുമായിരുന്നില്ല, തുറന്ന് പറഞ്ഞ് എബിഡി

ഇന്ത്യയിലാണ് താന്‍ ജനിച്ചിരുന്നതെങ്കില്‍ ചിലപ്പോള്‍ ഒരിക്കലും തനിക്ക് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമായിരുന്നില്ലെന്ന് തുറന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ എബി ഡിവില്ലിയേഴ്‌സ്. ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുക വളരെ പ്രയാസമാണെന്നും സവിശേഷ പ്രതിഭയുള്ളവരാണ് ഇന്ത്യന്‍ താരങ്ങളെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.
‘ഐപിഎല്‍ ക്രിക്കറ്റിന്റെ അഭിമാനം എന്തെന്ന് നേരിട്ടനുഭവിച്ചയാളാണ് ഞാന്‍. ഇന്ത്യയിലെ ആരാധകര്‍, ക്രിക്കറ്റ്, കഴിഞ്ഞ 15 വര്‍ഷത്തോളം ഇതെല്ലാം ആസ്വദിച്ചു. ഇന്ത്യയിലെ വളര്‍ച്ച വളരെ കൗതുകകരമാണ്’ ഡിവില്ലേഴ്‌സ് പറഞ്ഞു.
‘ഇന്ത്യയിലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരിക്കലും ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമായിരുന്നില്ല. കാരണം, ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുകയെന്നത് വളരെ പ്രയാസമാണ്. സവിശേഷ പ്രതിഭയുള്ളവരാണ് ഇന്ത്യന്‍ താരങ്ങള്‍.’ ഡിവില്ലേഴ്‌സ് പറയുന്നു.
‘ആര്‍സിബി എന്നെ സംബന്ധിച്ച് കുടുംബമാണ്. ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായ 10-11 വര്‍ഷങ്ങളായിരുന്നു ഇത്. ഏതൊരു കുടുംബത്തിലും ഉള്ളതുപോലെ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ട്. മനോഹരമായ യാത്രയായിരുന്നു ഇത്. തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ കരിയറിലെയും ജീവിതത്തിലെയും മനോഹര വര്‍ഷങ്ങളായിരുന്നു ആര്‍സിബിയില്‍ ഉണ്ടായിരുന്നത്’ ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷമാണ് ഡിവില്ലേഴ്‌സ് ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. ലോക ക്രിക്കറ്റിലെ ഇതിഹാസമായി വിലയിരുത്തപ്പെടുന്ന താരമാണ് എബി ഡിവില്ലേഴ്‌സ്.