ടീം ബസ്സിലിരുന്ന് ഞങ്ങള്‍ അക്കാര്യം ചര്‍ച്ച ചെയ്തു, സൂര്യകുമാറിന്റെ വെളിപ്പെടുത്തല്‍
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ച് കിരീടം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലില്‍ അഞ്ച് കിരീടം നേടിയിട്ടുണ്ടെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്സിനു ശേഷം തുടര്‍ച്ചായ രണ്ട് കിരീടം സ്വന്തമാക്കിയ ടീം എന്ന നേട്ടവും മുംബൈ സ്വന്തമാക്കി.
ഫൈനലിനു വേണ്ടി സ്റ്റേഡിയത്തിലേക്കു ടീം ബസില്‍ യാത്ര തിരിക്കവെ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി മുംബൈയുടെ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് പറയുന്നു. നാലു തവണ മുമ്പ് ജേതാക്കളായെങ്കിലും തുടരെ രണ്ടു കിരീടങ്ങള്‍ ഞങ്ങള്‍ നേടിയിട്ടില്ല. ഈ ചീത്തപ്പേര് ഇത്തവണ മാറ്റണമെന്നായിരുന്നു ഞങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും യാദവ് വെളിപ്പെടുത്തി.
തയ്യാറെടുപ്പുകള്‍, നടപടി ക്രമങ്ങള്‍, പതിവുകള്‍ എന്നിവ വളരെ പ്രധാനപ്പെട്ടതായിരുന്നു. സപ്പോര്‍ട്ട് സ്റ്റാഫാരുമാര്‍ക്കൊപ്പം പ്ലാനിങ് നടത്തുകയെന്നതും പ്രധാനമായിരുന്നുവെന്നു യാദവ് ചൂണ്ടിക്കാട്ടി. തയ്യാറെടുപ്പുകളെക്കുറിച്ച് ആശങ്ക വേണ്ടെന്നും അതിനു തങ്ങള്‍ സഹായിക്കാമെന്നും സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ ഉറപ്പ് നല്‍കി. മറ്റു കാര്യങ്ങളിലും തങ്ങളുടെ എല്ലാ വിധ സഹായങ്ങളുമുണ്ടാവുമെന്നും കളിക്കളത്തിലിറങ്ങി നന്നായി പെര്‍ഫോം ചെയ്യുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടതെന്നും സപ്പോര്‍ട്ട് ടീം പറഞ്ഞതായി യാദവ് വിശദമാക്കി.
കിരീടം നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ലെന്ന നിര്‍ഭാഗ്യം ഇത്തവണയെങ്കിലും തിരുത്താന്‍ ഉറച്ച് തന്നെയായിരുന്നു മുംബൈ ഫൈനലില്‍ ഇറങ്ങിയതെന്നു ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ഭുംറയും പറയുന്നു. വളരെയധികം സന്തോഷം. ഞങ്ങള്‍ കഠിനാധ്വാനം ചെയ്തിരുന്നു. മറ്റുള്ളവരേക്കാള്‍ മുമ്പ് തന്നെ ഞങ്ങള്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. രണ്ടു വര്‍ഷം കൂടുമ്പോള്‍ ചാംപ്യന്മാരാവുന്ന ടീമെന്ന പേര് ഇത്തവണ തിരുത്തണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ വളരെയധികം ഹാപ്പിയാണ്. ഈ വിജയം മഹത്തരമാണെന്നും ഭുംറ കൂട്ടിച്ചേര്‍ത്തു.
ഫൈനലില്‍ ടോസിനു ശേഷം ബാറ്റ് ചെയ്ത ഡല്‍ഹി ഏഴു വിക്കറ്റിനു 156 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (65*), റിഷഭ് പന്ത് (56) എന്നിവരുടെ ഫിഫ്റ്റികളാണ് ഡല്‍ഹിയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. മറുപടിയില്‍ 18.4 ഓവറില്‍ അഞ്ചു വിക്കറ്റിന് ഡല്‍ഹി ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 68 റണ്‍സുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ചിരുന്നു.
ഫൈനലില്‍ റണ്‍ചേസിനൊടുവില്‍ മുംബൈയ്ക്കു ലഭിച്ച ആദ്യ കിരീടം കൂടിയായിരുന്നു ഇത്. നേരത്തേ 2010ല്‍ മാത്രമേ മുംബൈ ഫൈനലില്‍ റണ്‍ചേസ് നടത്തിയിരുന്നുള്ളൂ. അന്നു ചെന്നൈ സൂപ്പര്‍ കിങ്സിനോടു അവര്‍ തോല്‍ക്കുകയും ചെയ്തിരുന്നു.