ഇന്ത്യന്‍ താരങ്ങളെ അഫ്ഗാനിലേക്ക് ക്ഷണിച്ച് താലിബാന്‍

Image 3
CricketTeam India

ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളെ അഫ്ഗാന്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ ക്ഷണിച്ച് അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്ന താലിബാന്‍ സര്‍ക്കാര്‍. അഫഗാനിസ്ഥാനും ഇന്ത്യയും ക്രിക്കറ്റ് ബന്ധം പുലര്‍ത്തുന്നത് ആദരവോടെയാണ് നോക്കികാണുന്നതെന്നും താലിബാന്‍ നേതാവും ഉപപ്രധാനമന്ത്രിയുമായ സിറാജുദ്ദീന്‍ ഹഖാനി അറിയിച്ചു.

യുവാക്കള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റ് ഇഷ്ടമാണെന്ന് അദ്ദേഹം പറയുന്നു. ഇപ്പോള്‍ അഫ്ഗാനില്‍ കാര്യങ്ങള്‍ മികച്ചതായതിനാല്‍ ആളുകള്‍ സ്‌പോര്‍ട്‌സ് കളിക്കണമെന്ന് താലിബാന്‍ ആഗ്രഹിക്കുന്നതായും ഹഖാനി പറയുന്നു.

അഫ്ഗാന്‍ ക്രിക്കറ്റ് ലീഗില്‍ യുവ ക്രിക്കറ്റ് താരങ്ങളെ പരിശീലിപ്പിക്കാന്‍ മുന്‍ ഇന്ത്യന്‍ താരങ്ങളെ സര്‍ക്കാര്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന്, മികച്ച നീക്കമാണ് അതെന്നും കളികള്‍ ആളുകളെ ഒന്നിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ താരങ്ങളെയും അദ്ദേഹം അഫ്ഗാനിലേക്ക് ക്ഷണിച്ചു.

അഫ്ഗാനിസ്ഥാനിലെ ഏറ്റവും ജനപ്രിയമായ ഗെയിമാണ് ക്രിക്കറ്റ്. അവരുടെ ദേശീയ ടീം പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നുണ്ട്. റാഷിദ് ഖാനും മുഹമ്മദ് നബിയുമാണ് മുന്‍നിര താരങ്ങള്‍.

അതെസമയം താലിബാന്റെ ക്ഷണത്തെ കുറിച്ച് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കാബൂള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ചാവേര്‍ സ്‌ഫോടനം നടന്നിരുന്നു.