അഫ്ഗാൻ ക്രിക്കറ്റ് ടീമിന്റെ ചരിത്ര നേട്ടം; ഇന്ത്യയോട് നന്ദി അറിയിച്ചു താലിബാൻ

Image 3
CricketWorldcup

ടി20 ലോകകപ്പ് സെമി ഫൈനലിലേക്ക് പ്രവേശിച്ച് അഫ്ഗാൻ ക്രിക്കറ്റ് ടീം ചരിത്രം കുറിച്ചതിന് പിന്നാലെ, ടീമിനെ വാർത്തെടുക്കുന്നതിൽ ഇന്ത്യ വഹിച്ച പങ്കിന് അഫ്ഗാൻ ഭരണചുതലയുള്ള താലിബാൻ നന്ദി പ്രകടിപ്പിച്ചു. അത്യന്തം ആവേശം നിറഞ്ഞ ത്രില്ലർ മത്സരത്തിൽ, ബംഗ്ലാദേശിനെ എട്ട് റൺസിന് തോൽപ്പിച്ച അഫ്ഗാനിസ്ഥാൻ, വ്യാഴാഴ്ച സെമിയിൽ ദക്ഷിണാഫ്രിക്കയെ നേരിടും.

“അഫ്ഗാൻ ക്രിക്കറ്റ് ടീമിനെ വാർത്തെടുക്കുന്നതിന് ഇന്ത്യ നൽകിയ തുടർച്ചയായ സഹായത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്. ഈ സഹായങ്ങളോട് ഞങ്ങൾ ഇപ്പോഴും കടപ്പാടുള്ളവരായിരിക്കും” താലിബാൻ പൊളിറ്റിക്കൽ ഓഫീസ് തലവൻ സുഹൈൽ ഷഹീൻ WION-നോട് പറഞ്ഞു.

ഇന്ത്യയുടെ നിർണായക പിന്തുണ

കഴിഞ്ഞ വർഷങ്ങളിൽ, ഇന്ത്യൻ സ്റ്റേഡിയങ്ങളിൽ കളിക്കാർക്ക് പരിശീലനം നൽകുന്നതിലൂടെയും, ഇന്ത്യൻ കമ്പനികളുടെ സ്പോൺസർഷിപ്പിലൂടെയും ഇന്ത്യ അഫ്ഗാൻ ക്രിക്കറ്റിന് കൈയയച്ച സഹായം നൽകിവരുന്നു. ഒരു മില്യൺ ഡോളർ ഗ്രാന്റിലൂടെ കന്ദഹാർ ക്രിക്കറ്റ് സ്റ്റേഡിയം പുനർ നിർമ്മിക്കുന്നതിനും, ഡൽഹിയുടെ പിന്തുണ നിർണായകമായിരുന്നു.

ഇന്ത്യയിൽ അഫ്‌ഗാന് ഹോം ഗ്രൗണ്ട്

ഭൗതിക അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമെ, അഫ്ഗാൻ ടീമിന് താൽക്കാലിക “ഹോം ഗ്രൗണ്ട്” ആയി ഗ്രേറ്റർ നോയിഡയിലെ ഷഹീദ് വിജയ് സിംഗ് പതിക് സ്‌പോർട്‌സ് കോംപ്ലക്‌സും ബിസിസിഐ നൽകി. ഡെറാഡൂണിലും അഫ്‌ഗാന് മറ്റൊരു ഹോം ഗ്രൗണ്ട് അനുവദിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ ‘ബി’ ടീം

2018-ൽ അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്ത്യയാണ് ആതിഥേയത്വം വഹിച്ചത്. ഇത് അഫ്ഗാൻ ക്രിക്കറ്റിന് ഒരു പ്രധാന നാഴികക്കല്ലായി മാറി. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) അഫ്ഗാൻ ക്രിക്കറ്റിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബ് ഉർ റഹ്മാൻ തുടങ്ങിയ കളിക്കാർ ഇന്ന് അഫ്ഗാനിസ്ഥാനിലും ഇന്ത്യയിലും ഒരുപോലെ താരങ്ങളാണ്. അതിനാൽ തന്നെ ഇന്ത്യൻ ടീമിന്റെ ഒരു ‘ബി’ ടീമായാണ് അഫ്ഗാന്റെ വിജയങ്ങൾ ഇരു രാജ്യങ്ങളിലെയും ആളുകൾ ആഘോഷിക്കുന്നത്.