ചാമ്പ്യൻസ്‌ലീഗിൽ മറഡോണക്ക് വ്യത്യസ്തമായ ആദരാഞ്ജലിയുമായി ടാഗ്ലീയാഫിക്കോ

Image 3
Champions LeagueFeaturedFootball

അർജന്റീനൻ ഇതിഹാസതാരം ഡീഗോ മറഡോണ ഫുട്ബോൾ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. നിരവധി ഫുട്ബോൾ താരങ്ങൾ മറഡോണക്കായി ആദരാജ്ഞലികൾ അർപ്പിച്ചു കഴിഞ്ഞു. എന്നാൽ വ്യത്യസ്തമായ രീതിയിൽ സ്വന്തം രാജ്യക്കാരനായ എക്കാലത്തെയും മികച്ച താരമായ ഡിയെഗോ മറഡോണക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുകയാണ് അയാക്സിന്റെ അർജന്റീനൻ താരം നിക്കോളാസ് ടാഗ്ലിയഫിക്കോ.

ഡാനിഷ് ക്ലബ്ബായ മിച്ചിലാണ്ടിനെതിരെ നടന്ന അയാക്സിന്റെ ചാമ്പ്യൻസ്‌ലീഗ് മത്സരത്തിനു മുന്നോടിയായി നടന്ന വാം അപ്പ് സമയത്താണ് തന്റെ ജന്മനാടായ അർജന്റീനയുടെ ഇതിഹാസത്തിന്റെ ചുവടുകൾ അനുകരിച്ച് വ്യത്യസ്തമായ രീതിയിൽ ആ മഹാപുരുഷന് അന്ത്യാഞ്‌ജലി അർപ്പിച്ചത്. ഫുട്ബോൾ ലോകത്ത് വളരെ പ്രശസ്തമായ മറഡോണയുടെ വാം അപ്പ്‌ ഡാൻസ് ആണ് ടാഗ്ലിയഫിക്കോ അനുകരിച്ചത്.

മത്സരം ആരംഭിക്കുന്നതിനു മുൻപു മറഡോണക്ക് ആദരസൂചകമായി നൽകിയ മൗനപ്രാർത്ഥനയിലും താരത്തെ വികാരഭരിതനയാണ് കാണപ്പെട്ടത്. ബയേണിനെതിരായ യുവേഫ കപ്പ്‌ സെമി ഫൈനലിനു മുന്നോടിയായി നടന്ന വാം അപ്പ് സെഷനിലാണ് ലോകപ്രശസ്തമായ മറഡോണയുടെ വാം അപ്പ്‌ ഡാൻസിനു ലോകം സാക്ഷിയായത്.

ബെർലിനിലെ ഒളിമ്പിയസ്റ്റേഡിയോ എന്ന സ്റ്റേഡിയത്തിൽ ഉയർന്നു കേട്ട ഓസ്ട്രിയൻ സംഗീത ബ്രാന്റായ ഓപ്പസിന്റെ “ലിവ് ഈസ്‌ ലൈഫ്” എന്ന ഹിറ്റ്‌ ഗാനത്തിനു മറഡോണ ചുവടുവെച്ചു വാം അപ്പ്‌ ചെയ്യുകയായിരുന്നു. കാൽമുട്ടും തോളുമുപയോഗിച്ചിട്ടുള്ള ജഗ്ഗ്‌ളിങ്ങും പന്തടക്കവും കൊണ്ട് സംഗീതത്തിനനുസരിച്ച് മറഡോണ വാം അപ്പ് ചെയ്യുകയായിരുന്നു. ആ ചലനങ്ങൾ അതേ പടി അനുകരിച്ചാണ് മറഡോണക്ക് ആദരാഞ്ജലി ടാഗ്ലിയഫിക്കോ അർപ്പിച്ചത്.