Tag Archive: World Cup Qualifiers

 1. ഇതൊരിക്കലും അനുവദിച്ചു കൊടുക്കരുതായിരുന്നു, 65-ാം സ്ഥാനക്കാരോടുള്ള അപ്രതീക്ഷിത തോൽവിയിൽ പൊട്ടിത്തെറിച്ച് ജർമൻ ക്യാപ്റ്റൻ ഗുണ്ടോഗൻ

  Leave a Comment

  ലോകകപ്പ് യോഗ്യതാമത്സരത്തിൽ റാങ്കിങ്ങിൽ 65ആം സ്ഥാനക്കാരായ നോർത്ത് മാസെഡോണിയക്കെതിരെ ജർമനിക്ക് അപ്രതീക്ഷിതതോൽവിയേറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ്. ആദ്യ പകുതിയിൽ ഒരു ഗോളിനു മുന്നിട്ടു നിന്ന ജർമനിക്കെതിരെ രണ്ടാം പകുതിയിൽ രണ്ടു ഗോളിൻ്റെ മികച്ച തിരിച്ചുവരവ് നടത്തിയാണ് മാസെഡോണിയ വിജയം സ്വന്തമാക്കിയത്. ഇരുപത് വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ലോകകപ്പ് യോഗ്യതാമത്സരങ്ങളിൽ ജർമനിക്ക് തോൽവിയറിയേണ്ടി വന്നിരിക്കുന്നത്.

  ആദ്യ പകുതിയിൽ ഇകായ് ഗുണ്ടോഗ്റെ പെനാൽറ്റിയിലൂടെ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ ഗൊറാൻ പാണ്ടേവിൻ്റെ ഗോളിലൂടെ മാസെഡോണിയ സമനില കണ്ടെത്തുകയായിരുന്നു. പിന്നീട് 85ആം മിനുട്ടിൽ എൽജിഫ് എൽമാസിന്റെ ഗോളിലൂടെ വീണ്ടും മാസെഡോണിയ വീണ്ടും ഗോൾ നേടിയപ്പോൾ ജർമനി പ്രതിരോധനിര കാഴ്ചക്കാരാവുകയായിരുന്നു. മത്സരശേഷം പ്രതിരോധത്തെയും ജർമനിയുടെ മൊത്തം പ്രകടനത്തേയും ക്യാപ്റ്റനായ ഗുണ്ടോഗൻ വലിയ രീതിയിൽ വിമർശിക്കുകയുണ്ടായി. ജർമൻ എഫ്എയുടെ വെബ്സൈറ്റിനു വേണ്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം.

  “ഞങ്ങൾ ഒരിക്കലും ഇത് അനുവദിച്ചു കൊടുക്കരുതായിരുന്നു. രണ്ടോ അതിലധികമോ പ്രാവശ്യം നോർത്ത് മാസെഡോണിയൻ താരങ്ങൾ ഞങ്ങളുടെ ബോക്സിലേക്ക് ആക്രമണം നടത്തിയിരുന്നു. ഞങ്ങൾ അവർക്ക് എല്ലാം എളുപ്പമാക്കിതീർക്കുകയായിരുന്നു. ഞങ്ങൾ അവസരങ്ങൾ ഗോലുകളാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ ഒരു വട്ടം മാത്രമേ സ്കോർ ചെയ്യാൻ സാധിച്ചുള്ളൂ. ഞങ്ങൾ രണ്ടു ഗോളുകളും വഴങ്ങിയ രീതിയും വളരെ മോശപ്പെട്ടതായിരുന്നു.” ഗുണ്ടോഗൻ പറഞ്ഞു.

  ഗുണ്ടോഗനു പിന്നാലെ പരിശീലകൻ ജോകിം ലോയും മത്സരത്തിലെ പിഴവുകളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. “ഞങ്ങൾ ശരിക്കും നിരാശരായിരുന്നു. ഇന്ന്‌ ഞങ്ങൾ കൂടുതൽ ക്ഷീണിതരായാണ് കാണപ്പെട്ടത്. ഞങ്ങളുടെ കളിയിൽ ഒരു ഊർജസ്വലതയും കാണാൻ സാധിച്ചില്ല. മുന്നോട്ടുള്ള നീക്കങ്ങളിൽ ഞങ്ങൾ ധാരാളം പിഴവുകൾ വരുത്തി. ഞങ്ങൾ വേഗതയിൽ പന്ത് മുന്നോട്ടുകൊണ്ടുപോവുമ്പോഴാണ് എപ്പോഴും അപകടകാരികളാവാറുള്ളത്. അവർ പിറകോട്ടു വലിഞ്ഞു കളിക്കാൻ തുടങ്ങിയതോടെ ഞങ്ങൾക്ക് പ്രതിരോധം തകർത്തു മുന്നേറാൻ സാധിക്കാതെ പോവുകയായിരുന്നു. മൊത്തത്തിൽ ഇതെല്ലാം നിരാശാജനകമായിരുന്നു.” ജോകിം ലോ പറഞ്ഞു.

 2. ക്രിസ്ത്യാനോ ഇന്നിറങ്ങുമോ? ലോകകപ്പ് യോഗ്യതാമത്സരത്തിൽ പോർച്ചുഗൽ ഇന്ന്‌ ലക്‌സംബർഗിനെതിരെ

  Leave a Comment

  സെർബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ അപ്രതീക്ഷിത സമനിലക്കു ശേഷം ലക്സംബർഗിനെതിരെ ഇന്ന് വീണ്ടും കളക്കളത്തിലേക്കിറങ്ങുകയാണ് പോർച്ചുഗൽ. വിവാദമായ സെർബിയക്കെതിരായ സമനിലക്കു ശേഷം വിജയം മാത്രമാണ് പോർച്ചുഗൽ ലക്ഷ്യമിടുന്നത്. അവസാന നിമിഷത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ നേടിയ വിജയഗോൾ ഗോൾവര കടന്നിട്ടില്ലെന്ന റഫറിയുടെ തീരുമാനമാണ് മത്സരത്തെ കൂടുതൽ വിവാദത്തിലേക്ക് തള്ളിവിട്ടത്.

  റഫറിയുടെ വിവാദമായ തീരുമാനത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ രോഷാകുലനായി കളിക്കളത്തിൽ തന്നെ തൻ്റെ ആംബാൻഡ് വലിച്ചെറിഞ്ഞാണ് തൻ്റെ പ്രതിഷേധമറിയിച്ചത്. അസർബൈജാനെതിരെയും സെർബിയക്കെതിരെയും ഗോൾ നേടാനാവാത്തതിന്റെ നിരാശയും താരത്തിനുണ്ടായിരുന്നു. നിലവിൽ 102 ഗോളുകളുമായി അന്താരാഷ്ട്ര ഗോൾവേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ക്രിസ്ത്യാനോ. ഇനി ഏഴു ഗോളുകൾ കൂടി നേടിയാൽ ഇറാനിയൻ താരം അലി ദേയിയുടെ റെക്കോർഡ് ക്രിസ്ത്യാനോക്കു മറികടക്കാനായേക്കും.

  റെക്കോർഡ് വളരെ വേഗം മറികടക്കാൻ ലക്സംബർഗിനെതിരെയും ക്രിസ്ത്യാനോ ഇറങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന്‌ രാത്രി 12.15നാണ് മത്സരം നടക്കാനിരിക്കുന്നത്. ലക്‌സംബർഗിൽ വെച്ചു സ്റ്റേഡ് ജോസി ബാർത്തൽ സ്റ്റേഡിയത്തിൽ വെച്ചാണ് പോരാട്ടം നടക്കുക. സിറ്റി താരം റൂബൻ ഡയസും യുണൈറ്റഡ് സൂപ്പർതാരം ബ്രൂണോ ഫെർണാണ്ടസും പോർച്ചുഗലിൽ അണി നിരന്നേക്കും. ചെറിയ പരിക്കിന്റെ അസ്വസ്ഥതകൾ ഉള്ളതിനാൽ ക്രിസ്ത്യാനോ സ്റ്റാർട്ട്‌ ചെയ്യാനുള്ള സാധ്യത സംശയത്തിന്റെ നിഴലിലാണുള്ളത്.

  സാധ്യതാ ലൈനപ്പ് :
  ലക്‌സംബർഗ് :- ആന്തണി മോറിസ്, എനസ് മഹ്മുതോവിച്ച്, മാക്സിം ചാനോട്ട്,ലോറൻറ് ജാൻസ്, മാർവിൻ സാന്റോസ്,ലിയാൻഡ്രോ ബാരെയ്‌രോ,ക്രിസ്റ്റോഫർ മാർട്ടിൻസ് ഒലിവർ തിൽ,വിൻസെന്റ് തിൽ,ഡാനിയേൽ സിനാനി,ജ‌ഴ്സൺ റോഡ്രിഗസ്.
  പോർച്ചുഗൽ :- ആന്തണി ലോപ്പസ്, ജാവോ ക്യാൻസലോ,ജോസെ ഫോന്റെ, റൂബൻ ഡയസ്, സെഡ്രിക് സോറസ്, ജാവോ പലീഞ്ഞ,ബ്രൂണോ ഫെർണാണ്ടസ്, ഡാനിലോ പേരെര, ജാവോ ഫെലിക്സ്, ആന്ദ്രേ സിൽവ,ഡിയോഗോ ജോട്ട

 3. ഒരു രാജ്യത്തെ മുഴുവൻ ജനതക്കെതിരായ ദ്രോഹമായിരുന്നു അത്, വിജയഗോൾ നിഷേധിച്ചതിനെതിരെ രോഷാകുലനായി ക്രിസ്ത്യാനോ

  Leave a Comment

  സെർബിയക്കെതിരായി നടന്ന യൂറോപ്യൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വീണ്ടും പോർചുഗലിനു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ്. 2 ഗോളുകൾക്കു മുന്നിൽ നിന്ന പോർച്ചുഗലിനെതിരെ രണ്ടാം പകുതിയിൽ സെർബിയ മികച്ച തിരിച്ചു വരവ് നടത്തുകയായിരുന്നു. ഇതോടെ ഗ്രൂപ്പ്‌ പോയിന്റ് ടേബിളിൽ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് പോർച്ചുഗൽ.

  പോർചുഗലിനായി ഡിയോഗോ ജോട്ട ഇരട്ടഗോളുകൾ നേടിയപ്പോൾ സെർബിയക്കായി അലക്സണ്ടർ മിത്രോവിച്ചും ഫിലിപ്പെ കോസ്റ്റിച്ചുമാണ് സമനിലയ്ക്കായി ഗോളുകൾ കണ്ടെത്തിയത്. മത്സരം സമനിലയിലവസാനിച്ചുവെങ്കിലും റഫറിയുടെ ഭാഗത്തു നിന്നുമുണ്ടായ വലിയൊരു പിഴവ് കൂടുതൽ വിവാദത്തിലേക്ക് മത്സരത്തെ കൊണ്ടു ചെന്നു എത്തിച്ചിരിക്കുകയാണ്.

  മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഗോളിയെ മറികടന്നു പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്ത്യാനോയെടുത്ത ഷോട്ട് സെർബിയയുടെ മിത്രോവിച്ച് ഗോൾലൈനിൽ വെച്ചു പന്തിനെ തട്ടിയകറ്റുകയായിരുന്നു. പന്ത് ഗോൾവര കടന്നിരുന്നുവെങ്കിലും റഫറി അത് ഗോളല്ലെന്നു വിധിക്കുകയായിരുന്നു. വീഡിയോ റഫറിയിങ്ങും ഗോൾ ലൈൻ ടെക്നോളജിയും യോഗ്യതാമത്സരങ്ങളിൽ ഇല്ലാത്തത് പോർചുഗലിനു തിരിച്ചടിയാവുകയായിരുന്നു. മത്സരശേഷം ഗോൾ നല്കാത്തതിലുള്ള ദേഷ്യം ക്യാപ്റ്റൻ ആംബാൻഡ് വലിച്ചെറിഞ്ഞാണ് ക്രിസ്ത്യാനോ തീർത്തത്. ഇത് തന്റെ ജനതയോട് തന്നെ കാണിക്കുന്ന ദ്രോഹമാണെന്നും ക്രിസ്ത്യാനോ പിന്നീട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

  “പോർച്ചുഗലിന്റെ ക്യാപ്റ്റൻ ആവുകയെന്നത് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച അംഗീകാരമായാണ് ഞാൻ കാണുന്നത്. ഞാൻ എന്റെ രാജ്യത്തിനായി എപ്പോഴും കഴിവിന്റെ പരമാവധി നൽകാൻ ശ്രമിക്കാറുണ്ട്. അതിലൊരിക്കലും മാറ്റമുണ്ടാവില്ല. പക്ഷെ നിരവധി വിഷമഘട്ടങ്ങൾ നമുക്ക് മുന്നിലുണ്ടാവാറുണ്ട്. പ്രത്യേകിച്ചും ഒരു രാജ്യം മുഴുവൻ ദ്രോഹിക്കപ്പെടുകയാണ് എന്ന തോന്നലുണ്ടാകുമ്പോൾ. അടുത്ത വെല്ലുവിളിക്കായി തലയുയർത്തിപ്പിടിക്കൂ. കമോൺ പോർച്ചുഗൽ.” ക്രിസ്ത്യാനോ ഇൻസ്റ്റയിൽ കുറിച്ചു.

 4. കോവിഡ് നിയന്ത്രണങ്ങൾ, സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാമത്സരങ്ങൾ സ്പെയിനിലേക്കും പോർച്ചുഗലിലേക്കും മാറ്റാൻ നീക്കം

  Leave a Comment

  യോറോപ്യൻ ലീഗുകളിലെ ശക്തമായ കോവിഡ് നിയന്ത്രണ നിയമങ്ങൾ മൂലം താരങ്ങളെ വിട്ടു കിട്ടാത്ത അവസ്ഥയാണ് സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോൺമിബോളിനു നിലവിലുള്ളത്. അതു മൂലം നിലവിൽ നിശ്ചയിച്ചിരുന്ന ലോകകപ്പ് ക്വാളിഫൈയറിലെ രണ്ടു റൗണ്ട് മത്സരങ്ങൾ കോൺമിബോളിനു മാറ്റിവെക്കേണ്ടി വന്നിരുന്നു. ഒപ്പം സൗത്ത് അമേരിക്കൻ രാജ്യങ്ങളിലും കോവിഡ് വർദ്ധിക്കുന്നത് മൂലം കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

  ഈ അവസരത്തിൽ നിശ്ചയിച്ച സമയങ്ങളിൽ ഇനിയൊരു മാറ്റം ഖത്തറിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിനെ തന്നെ ബാധിക്കുമെന്ന അവസ്ഥയാനുള്ളത്. അതിനാൽ മത്സരങ്ങൾ പോർച്ചുഗലിലേക്കും സ്പെയിനിലേക്കും മാറ്റാനുള്ള പദ്ധതിയിലാണ് നിലവിൽ കോൺമിബോൾ. ഇത് മത്സരങ്ങൾ കൃത്യമായി നടക്കുന്നതിനു സഹായകരമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

  സ്പെയിനിലും പോർച്ചുഗലിലും ധാരാളം സൗത്ത് അമേരിക്കൻ കളിക്കാരുള്ളതും ഏറ്റവും സൗകര്യപ്രദവുമായ രാജ്യങ്ങളായതിനാലാണ് കോൺമിബോളിന്റെ ഈ പുതിയ നീക്കം. സൗത്ത് അമേരിക്കൻ പ്രേക്ഷകരുടെ സൗകര്യാർത്ഥം കിക്കോഫ് സമയം രാത്രിയിൽ പത്തു മണിയാക്കാനും പദ്ധതിയുണ്ട്. ഇതു മൂലം സൗത്ത് അമേരിക്കൻ രാജ്യങ്ങളുടെ ഏറ്റവും മികച്ച താരങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കണം സാധിക്കുകയും ചെയ്യും.

  ആകെ രണ്ടു റൗണ്ടുകൾ മാത്രമാണ് ഇതു വരെ പൂർത്തിയായിട്ടുള്ളത്. ഇനിയും ഏഴു റൗണ്ടുകൾ പൂർത്തിയാവാനുണ്ട്. അതായത് പതിനാലു മത്സരങ്ങൾ കൂടി ഓരോ രാജ്യത്തിനും പൂർത്തിയാക്കേണ്ടതുണ്ട്. ചാമ്പ്യൻസ്‌ലീഗ്, ലീഗ് മത്സരങ്ങൾക്കിടയിലുള്ള സമയക്കുറവ് കണക്കിലെടുത്താണ് കോൺമിബോളിന്റെ പുതിയ നീക്കം.

 5. അർജന്റീന കൂടുതൽ കരുത്തരായി മാറുന്നുണ്ട്, പെറുവിനെതിരായ മത്സരശേഷം മെസി പറയുന്നു

  Leave a Comment

  ഇന്നു നടന്ന ഇന്റർനാഷണൽ ബ്രേക്കിലെ രണ്ടാമത്തെയും അവസാനത്തെയും ലോകകപ്പ് യോഗ്യതാമത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പെറുവിനെതിരെ അവരുടെ തട്ടകത്തിൽ വിജയം നേടാൻ സാധിച്ചിരിക്കുകയാണ്. ആദ്യപകുതിയിലെ നിക്കോളാസ് ഗോൺസാലസിന്റെയും ലൗറ്റാറോ മാർട്ടിനസിന്റെയും ഗോളുകളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.

  ഇതോടെ ബ്രസീലിനു തൊട്ടു പിറകിലായി രണ്ടാം സ്ഥാനത്തായി പട്ടികയിൽ തുടരാൻ അർജന്റീനക്ക് സാധിച്ചിരിക്കുകയാണ്. യോഗ്യത മത്സരങ്ങളിൽ ഒന്ന് പോലും തോൽക്കാതെ അജയ്യരായി ഒരു സമനിലയും മൂന്നു വിജയവുമായി പന്ത്രണ്ടു പോയിന്റാണ് അർജന്റീനക്ക് നേടാനായത്. എന്നാൽ നാലിൽ നാലും വിജയിച്ച ബ്രസീൽ 12 പോയിന്റോടെ ഒന്നാം സ്ഥാനത്തു തുടരുകയാണ്. ഇതോടെ ഈ വർഷത്തിൽ ഇതു വരെ അജയ്യരായി മുന്നേറുന്ന ഏക ടീമും സ്‌കലോനിയുടെ അര്ജന്റീനയാണ്.

  പുതിയ അർജന്റീനയുടെ ഈ വളർച്ചയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസി തന്നെയാണ്. ടീമെന്ന നിലയിൽ അർജന്റീന കരുത്തരായി മാറുകയാണെന്നാണ് മെസിയുടെ പക്ഷം. പാരഗ്വായുമായുള്ള സമനിലയ്ക്കു ശേഷം നേടിയ ഈ വിജയത്തിലെ അർജന്റീനയുടെ പ്രകടനത്തിൽ ലയണൽ മെസി വളരെയധികം സന്തുഷ്ടനായാണ് കാണപ്പെട്ടത്. അർജന്റീനയുടെ ട്വിറ്റർ അക്കൗണ്ടിനു നൽകിയ അഭിമുഖത്തിലാണ് താരം അർജന്റീനയുടെ പ്രകടനത്തെക്കുറിച്ച് മനസു തുറന്നത്.

  ” വിജയത്തിൽ സന്തോഷവാനാണ്. മുൻപു നടന്ന മത്സരത്തിനു പുറമെയുള്ള ഈ വിജയം ഞങ്ങൾക്ക് ആവശ്യമായിരുന്നു. മത്സരത്തിലെ ഞങ്ങളുടെ തുടക്കം തന്നെ മികച്ചതായിരുന്നു. ഗോളുകൾ വന്നു ഒപ്പം നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. രണ്ടാം പകുതിയിലും ഞങ്ങൾ മികച്ചതായിരുന്നു. അ മികവ് തുടരാൻ ഞങ്ങൾക്ക് സാധിച്ചു. കുറച്ചു കൂടി മികച്ചതായിരുന്നുവെന്നു വേണമെങ്കിൽ പറയാം. എനിക്ക് തോന്നുന്നത് ഇങ്ങനെയാണ് ഞങ്ങൾ തുടർന്ന് പോരേണ്ടതെന്നാണ്. കുറച്ചു കുറച്ചായി ഞങ്ങൾ ഒരു ടീമെന്ന നിലയിൽ കരുത്തരായി വരുകയാണ്. ഇവിടെ വന്നതിനു ശേഷം ഈ ഷർട്ടിനായി കൂടുതൽ യോഗ്യതയുള്ളവനായി അനുഭവപ്പെടുകയാണുണ്ടായത്.കൂടുതൽ മത്സരങ്ങൾ വിജയിക്കാൻ പരിശ്രമം തുടരും. ” മെസി വ്യക്തമാക്കി.

 6. കൂട്ടിഞ്ഞോക്ക് പരിക്ക്, നവംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിനു പകരക്കാരനെ കണ്ടെത്തി ടിറ്റെ

  Leave a Comment

  ബാഴ്‌സലോണ താരം ഫിലിപ്പെ കൂട്ടീഞ്ഞോക്ക് റയൽ മാഡ്രിഡിനെതിരെ നടന്ന എൽ ക്ലാസിക്കോയിൽ പരിക്കേറ്റതോടെ നവംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പ്‌ യോഗ്യത മത്സരങ്ങളിൽ താരത്തിനു കളിക്കാനാവില്ല. മത്സരത്തിൽ മൂന്നു ഗോളിനു ബാഴ്സലോണ തോൽവി രുചിച്ചിരുന്നു. കൂട്ടിഞ്ഞോയുടെ ഇടതുകാലിന്റെ തുടക്കാണ് പറിക്കെട്ടിരിക്കുന്നത്.

  നവംബറിൽ രണ്ടാം വാരം മുതൽക്കാണ് ലോകകപ്പ് യോഗ്യതമത്സരങ്ങൾ നടക്കുന്നത്. വെനസ്വേലയും ഉറുഗ്വായുമാണ് ബ്രസീലിന്റെ എതിരാളികൾ. കൂട്ടീഞ്ഞോക്ക് പരിക്കേറ്റതോടെ പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ബ്രസീൽ പരിശീലകനായ ടിറ്റെ. ലിയോൺ താരമായ ലൂക്കാസ് പാക്വിറ്റയായെയാണ് ടിറ്റെ ബ്രസിൽ സ്‌ക്വാഡിലേക്ക് തിരിച്ചു വിളിച്ചിരിക്കുന്നത്.

  ബ്രസീലിനായി പത്തു മത്സരങ്ങളിൽ കളിക്കാൻ പാക്വിറ്റക്ക് സാധിച്ചിട്ടുണ്ട്. അവസാനമായി കഴിഞ്ഞ നവംബറിൽ ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിലാണ് താരത്തിനു കളിക്കാൻ സാധിച്ചത്. പാക്വിറ്റക്ക് അതിൽ ഗോൾ നേടാനും മത്സരം 3-1 ണ് വിജയിക്കാനും സാധിച്ചിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് താരം പതിനെട്ടുമാസത്തെ എസി മിലാൻ കരിയറിന് വിരാമമിട്ട് 20 മില്യൺ യൂറോക്ക് ലിയോണിലേക്ക് ചേക്കേറിയത്.

  നവംബർ 14നു വെനസ്വേലയുമായാണ് ബ്രസീലിന്റെ ആദ്യ മത്സരം. അതിനു മൂന്നു ദിവസങ്ങൾക്കു ശേഷം സെന്റിനാരിയോ സ്റ്റേഡിയത്തിൽ വെച്ച് ഉറുഗ്വായേയും ബ്രസീൽ നേരിടും. നിലവിൽ ലാറ്റിനമേരിക്കൻ ടീമുകളുടെ പോയിന്റ് ടേബിളിൽ ആദ്യ രണ്ടു യോഗ്യതാ മത്സരങ്ങളിൽ ബൊളീവിയയേയും പെറുവിനെയും തോൽപ്പിച്ചു ഒന്നാം സ്ഥാനത്താണ് ബ്രസീലുള്ളത്.

 7. ആത്മാർഥത ഫലം കണ്ടു, നവംബറിലെ അര്ജന്റീനയുടെ ലോകകപ്പ് യോഗ്യതമത്സരങ്ങളിൽ ഡിമരിയ കളിച്ചേക്കും

  Leave a Comment

  ഒക്ടോബർ ആദ്യവാരം നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ രണ്ടിലും വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. ഇക്വഡോറിനെതിരെ നടന്ന ആദ്യമത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനു അർജന്റീന വിജയം നേടുകയായിരുന്നു. ബൊളീവിയയുമായി അവരുടെ തട്ടകമായ ലാപാസിൽ വെച്ച് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് രണ്ടാം വിജയവും സ്വന്തമാക്കുകയായിരുന്നു.

  ഈ മത്സരങ്ങളിൽ സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയയക്ക് സ്കലോനി അവസരം നിഷേധിച്ചിരുന്നു. പുതിയ സീസണിലും ഗംഭീരപ്രകടനം കാഴ്ചവെച്ചിട്ടും തന്നെ ഉൾപ്പെടുത്താത്തതിനെതിരെ ഡിമരിയ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തന്നെ ഉൾപ്പെടുത്താത്തതിന്റെ കാരണം മനസ്സിലാവുന്നില്ലെന്നും അർജന്റീനയിൽ സ്ഥാനം ലഭിക്കാനായി പോരാടുമെന്നും ഡിമരിയ അഭിപ്രായപ്പെട്ടിരുന്നു.

  ഈ പ്രതികരണങ്ങൾക്ക് ഇപ്പോl ഫലം കണ്ടിരിക്കുകയാണ്. നവംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് സ്‌ക്വാഡിൽ ഡിമരിയയേയും ഉൾപ്പെടുത്തിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജന്റീനൻ മാധ്യമമായ ടിവൈസി സ്പോർട്സിനെ ഉദ്ധരിച്ചു കൊണ്ട് മുണ്ടോ ആൽബിസെലസ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

  നവംബറിൽ പാരഗ്വായും പെറുവുമാണ് അർജന്റീനയുടെ എതിരാളികൾ. പാരഗ്വായ്ക്കെതിരായ ആദ്യമത്സരം നവംബർ 13നാണ് നടക്കുക. നവംബർ പതിനെട്ടാം തിയ്യതി പെറുവിനെതിരെയും അർജന്റീന കൊമ്പുകോർക്കും. ലാറ്റിനമേരിക്കൻ ക്വാളിഫയർസ് പോയിന്റ് ടേബിളിൽ ബ്രസീലിനു താഴെ ആറു പോയിന്റോടെ രണ്ടാം സ്ഥാനത്താണ് നിലവിൽ അർജന്റീനയുടെ സ്ഥാനം.

 8. നവംബറിലെ ബ്രസീലിന്റെ ലോകകപ്പ്‌ യോഗ്യതമത്സരങ്ങൾക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു, റയൽ സൂപ്പർതാരം പുറത്ത്

  Leave a Comment

  നവംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ് പരിശീലകനായ ടിറ്റെ. വെനസ്വേലക്കും സൗത്ത് അമേരിക്കൻ വമ്പന്മാരായ ഉറുഗ്വായ്ക്കുമെതിരെയാണ് കാനറികൾ കൊമ്പുകോർക്കാനിറങ്ങുക. പെറുവിനെതിരെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വിജയം നേടിയതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ ബ്രസീലിന്റെ സ്ഥാനം.

  റയൽ മാഡ്രിഡിന്റെ യുവതാരം വിനീഷ്യസ് ജൂനിയർ ഇത്തവണ ടിറ്റെയുടെ ടീമിൽ ഇടം കണ്ടെത്തിയിരിക്കുകയാണ്. ഒക്ടോബർ നടന്ന മത്സരങ്ങളിൽ താരത്തിനു അവസരം ലഭിച്ചിരുന്നില്ല. എന്നാൽ റയലിനു വേണ്ടി ഗോൾ നേടി മികച്ച പ്രകടനം പുറത്തെടുത്തതോടെ വീണ്ടും അവസരം തേടിയെത്തുകയായിരുന്നു.

  എന്നാൽ റയൽ മാഡ്രിഡിലെ തന്നെ മറ്റൊരു യുവതാരമായ റോഡ്രിഗോ ഗോസ് ഇത്തവണ അവസരം കിട്ടാതെ പുറത്തായിരിക്കുകയാണു. ഒക്ടോബറിലെ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ റോഡ്രിഗോക്ക് സ്ഥാനം കിട്ടിയിരുന്നു. റയൽ മാഡ്രിഡിൽ നിന്നും കാസമിരോയും എഡർ മിലിറ്റവോക്കും സ്‌ക്വാഡിൽ ഇടം കണ്ടെത്താനായിട്ടുണ്ട്.

  ബാഴ്‌സലോണയിൽ നിന്നും കൗട്ടിഞ്ഞോയും അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും റെനാൻ ലോദിയും ടീമിലിടം കണ്ടെത്തിയിട്ടുണ്ട്. വിനിഷ്യസ് ജൂനിയർ അവസാനമായി 2019ലാണ് ബ്രസീലിനു വേണ്ടി ബൂട്ടുകെട്ടിയത്. വെറും പതിനാറു മിനിറ്റുമാത്രമാണ് പകരക്കാരന്റെ വേഷത്തിൽ വിനിഷ്യസിനു കളിക്കാനായത്. ആ മത്സരത്തിൽ ഒരു ഗോളിനു പെറുവിനോട് തോൽവിയേറ്റുവാങ്ങേണ്ടി വരികയും ചെയ്തിരുന്നു.

 9. ഒടുവിൽ ബൊളീവിയൻ ശ്വാസം നിലച്ചു, ബൊളീവിയൻ മലനിരകളിൽ ചരിത്രം കുറിച്ച് അർജന്റീനൻ വിജയഗാഥ

  Leave a Comment

  ലോകകപ്പ് യോഗ്യതാമത്സരങ്ങളിൽ അർജന്റീനയുടെ ബാലികേറാമലയാണ് ബൊളീവിയയിലെ ലാ പാസ് സ്റ്റേഡിയത്തിലെ മത്സരങ്ങൾ. സമുദ്രനിരപ്പിൽ നിന്നും പതിനൊന്നായിരം അടി മുകളിൽ സ്ഥിതിചെയ്യുന്ന സ്റ്റേഡിയത്തിൽ ശ്വാസം കിട്ടാതെ കിതക്കുന്ന അർജന്റീനയെയാണ് ഇത്തവണ കാണാനാവുക. എന്നാൽ ഇത്തവണയും ആ കിതപ്പുണ്ടെങ്കിലും 2005നു ശേഷം മലമുകളിൽ ആദ്യമായി വിജയക്കൊടി പാറിച്ചിരിക്കുകയാണ് സ്‌കലോനിയുടെ അർജന്റീന.

  ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീന അതുല്യ വിജയം കൈപ്പിടിയിലൊതുക്കിയത്. അർജന്റീനക്കായി ലൗറ്റാരോ മാർട്ടിനെസും ജോവാക്കിൻ കൊറേയയും ലക്ഷ്യം കണ്ടപ്പോൾ ബൊളീവിയയുടെ ഏക ഗോൾ മാഴ്‌സെലോ മൊറേനോ മാർട്ടിൻസ് ആണ് നേടിയത്. ആദ്യപകുതിയിൽ മികച്ച മുന്നേറ്റത്തിലൂടെ ഇരുപത്തിനാലാം മിനുട്ടിൽ തന്നെ മാർട്ടിൻസിന്റെ ഹെഡർ ഗോളിലൂടെ ബൊളീവിയ മുന്നിലെത്തുകയായിരുന്നു.

  ബൊളീവിയൻ മൈതാനത്തു താളം കണ്ടെത്താൻ വിഷമിച്ച അർജന്റീന ആദ്യപകുതിയുടെ അവസാന സമയത്ത് ലൗറ്റാരോ മാർട്ടിനെസിന്റെ മികച്ച ഒരു മുന്നേറ്റത്തിന്റെ സമ്മർദത്തിൽ പ്രതിരോധ താരം ക്ലിയർ ചെയ്ത പന്ത് മാർട്ടിനെസിന്റെ കാലിൽ തന്നെ തട്ടി തിരിച്ചു വലയിൽ കയറുകയായിരുന്നു. രണ്ടാം പകുതിയിൽ താളം കണ്ടെത്താൻ തുടങ്ങിയ അർജന്റീനയുടെ മുന്നേറ്റങ്ങൾക്ക് മെസിയും യുവതാരം പലാഷിയോസുമാണ് ചുക്കാൻ പിടിച്ചത്.

  മെസിയുടെ തന്നെ മികച്ച ഒരു പാസ് സ്വീകരിച്ചു മുന്നേറിയ മാർട്ടിനെസ് ജോവാക്കിൻ കൊറേയയെ കണ്ടെത്തിയതോടെ 79-ാം മിനുട്ടിൽ അർജന്റീനയുടെ രണ്ടാം ഗോളും പിറക്കുകയായിരുന്നു. കൊറേയയുടെ ഇടങ്കാലൻ ഷോട്ട് ബൊളീവിയയുടെ വലകളിൽ ചുംബിക്കുകയായിരുന്നു. അതിനു ശേഷം ഉണർന്നു കളിച്ച അർജന്റീന ബൊളീവിയൻ മുന്നേറ്റങ്ങളുടെ മുനയൊടിച്ചതോടെ വിജയം അർജന്റീന കൈപ്പിടിയിലൊതുക്കുകയായിരുന്നു.

 10. അഗ്യൂറോയില്ലാതെ അർജൻ്റീന, ലോകകപ്പ് യോഗ്യതാമത്സരങ്ങൾക്കായുള്ള മുപ്പതംഗ സ്ക്വാഡ് പ്രഖ്യാപിച്ചു

  Leave a Comment

  ഒക്ടോബറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജൻറീന ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. മെസി നായകനായ മുപ്പതംഗ ടീമിനെയാണ് പരിശീലകൻ ലയണൽ സ്കലോനി പുറത്തുവിട്ടത്. നിലവിലെ സ്‌ക്വാഡിൽ നിന്നും ഇരുപത്തിമൂന്നംഗ ടീമിനെ പ്രഖ്യാപിച്ചാകും അർജന്റീന പോരാട്ടത്തിനിറങ്ങുക. ആഴ്സണലിനായി മികച്ച പ്രകടനം കാഴ്ചവെച്ച ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ടീമിലിടം നേടിയപ്പോൾ സൂപ്പർതാരം അഗ്യൂറോക്ക് ഇടം നേടാനായില്ല.

  ഒക്ടോബർ 8ന് ഇക്വഡോറിനും ഒക്ടോബർ 13ന് ബൊളീവിയക്കും എതിരെയാണ് അർജൻറിനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ. മത്സരത്തിനായി മെസി അർജന്റീനയിലേക്കു തിരിച്ചിട്ടുണ്ട്. സ്പെയിനിലേക്കു തിരിച്ചെത്തിയാൽ ക്വാറൻ്റൈനിൽ ഇരിക്കണമെന്നു നിയമമുള്ളതുകൊണ്ട് മെസിക്ക് എൽ ക്ലാസികോയടക്കം മൂന്നു മത്സരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

  അർജൻറീന ടീം: ഗോൾകീപ്പർമാർ – എമിലിയാനോ മാർട്ടിനസ് (ആസ്റ്റൺ വില്ല), യുവാൻ മുസോ (യുഡിനസ്), അഗസ്റ്റിൻ മർച്ചേസിൻ (പോർട്ടോ). പ്രതിരോധ താരങ്ങൾ – യുവാൻ ഫൊയ്ത്ത് (ടോട്ടനം), റെൻസോ സറാവിയ (ഇന്റർ-ബ്രസീൽ), ജെർമൻ പെസല്ല (ഫിയോറൻറീന), ലിയനാർഡോ ബാലെർദി (മാഴ്സെ), ഒട്ടമെൻഡി (മാഞ്ചസ്റ്റർ സിറ്റി), നഹ്വാൻ പെരസ് (അറ്റ്ലറ്റികോ മാഡ്രിഡ്), വാൾട്ടർ കണ്ണെമാൻ (ഗ്രമിയോ), ടാഗ്ലിയാഫികോ (അയാക്സ്), അക്കുന (സെവിയ്യ), ഫാകുണ്ട മെദിന (ലെൻസ്).

  മിഡ്ഫീൽഡ് – പരഡസ് (പിഎസ്ജി), ഗയ്ഡോ റോഡ്രിഗസ് (റയൽ ബെറ്റിസ്), ഡി പോൾ (ഉഡിനീസെ), പലാസിയോസ് (ലെവർകൂസൻ), ലൊ സെൽസോ (ടോട്ടനം), ഡൊമിൻഗ്വസ് (ബൊളോഗ്ന). മുന്നേറ്റനിര – മെസി (ബാഴ്സ), ഡിബാല (യുവന്റസ്), ഒകമ്പോസ് (സെവിയ്യ), ഗോൺസാലസ് (സ്റ്റുട്ഗർട്ട്), മകലിസ്റ്റർ (ബ്രൈറ്റൺ), പപ്പു ഗോമസ് (അറ്റലാന്റ), ജോവാക്വിൻ കൊറേയ (ലാസിയോ), അലാരിയോ (ലെവർകൂസൻ), ലൗറ്റാരോ മാർട്ടിനെസ് (ഇന്റർ), ജിയോവാനി സിമിയോണി (കാഗ്ലിയാരി), പവോൺ (എൽഎ ഗ്യാലക്സി).